
ടെഹ്‌റാൻ: ഇറാനിൽ നിന്ന് മുൻപ് ഒഴിപ്പിച്ച തങ്ങളുടെ ജീവനക്കാരെ തിരികെ എത്തിക്കാൻ റഷ്യൻ പൊതുമേഖലാ ആണവോർജ്ജ കോർപ്പറേഷനായ ‘റോസാറ്റം’ നടപടികൾ ആരംഭിച്ചതായി കമ്പനി ഡയറക്ടർ ജനറൽ അറിയിച്ചു. ഇതിന്റെ ഭാഗമായി ആറ് റഷ്യൻ ഉദ്യോഗസ്ഥർ ടെഹ്‌റാനിൽ തിരിച്ചെത്തിയിട്ടുണ്ട്. എന്നാൽ, പടിഞ്ഞാറൻ ഇറാനിലെ ബുഷെഹർ ആണവനിലയത്തിലേക്ക് ജീവനക്കാരെ പൂർണ്ണതോതിൽ തിരികെ നിയോഗിക്കുന്ന പ്രക്രിയ, മേഖലയിൽ അടുത്തിടെയുണ്ടായ വ്യോമാക്രമണങ്ങളെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇറാന്റെ ബുഷെഹർ പ്രവിശ്യയിൽ ആക്രമണങ്ങൾ ഉണ്ടായെങ്കിലും ആണവനിലയത്തിന് നേരെ നേരിട്ട് ആക്രമണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് റോസാറ്റം മേധാവി വെള്ളിയാഴ്ച വ്യക്തമാക്കി.
ഇറാന്റെ ഏക പ്രവർത്തനക്ഷമമായ ആണവോർജ്ജ റിയാക്ടറാണ് ബുഷെഹറിലേത്. കഴിഞ്ഞ മാർച്ച് മാസത്തിൽ ഈ പ്ലാന്റിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ഒന്നിലധികം തവണ മിസൈലുകൾ പതിച്ചിരുന്നതായി ഇറാനിയൻ അധികൃതർ വ്യക്തമാക്കിയിരുന്നു. തുടർന്ന് ഏപ്രിലിൽ പ്ലാന്റിന് സമീപമുള്ള ഒരു കെട്ടിടത്തിന് മിസൈലാക്രമണത്തിൽ കേടുപാടുകൾ സംഭവിക്കുകയും ഒരു സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെടുകയും ചെയ്തു. അമേരിക്കയും ഇറാനും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ഏപ്രിൽ 4-നാണ് സുരക്ഷ മുൻനിർത്തി റോസാറ്റം തങ്ങളുടെ ഇരുന്നൂറോളം ജീവനക്കാരെ ബുഷെഹർ ആണവനിലയത്തിൽ നിന്ന് അടിയന്തിരമായി ഒഴിപ്പിച്ചത്.
അതേസമയം, വ്യാഴാഴ്ച രാത്രി ബുഷെഹർ നഗരത്തിന് സമീപമുള്ള ഒരു സൈനിക താവളത്തിന് നേരെ അമേരിക്കൻ-ഇസ്രായേൽ സഖ്യത്തിന്റെ മിസൈലാക്രമണം ഉണ്ടായതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഇർന’ റിപ്പോർട്ട് ചെയ്തു. ബുഷെഹർ പ്രവിശ്യയിലെ സുരക്ഷാ ചുമതലയുള്ള ഡെപ്യൂട്ടി ഗവർണറെ ഉദ്ധരിച്ചായിരുന്നു റിപ്പോർട്ടെങ്കിലും, നാശനഷ്ടങ്ങളെക്കുറിച്ചോ ആളപായത്തെക്കുറിച്ചോ ഉള്ള കൃത്യമായ വിവരങ്ങൾ ഇർന പുറത്തുവിട്ടിട്ടില്ല. എന്നാൽ തങ്ങൾ നിലവിൽ ആക്രമണങ്ങളൊന്നും നടത്തുന്നില്ലെന്ന് യു.എസ് ഉദ്യോഗസ്ഥർ സി.എൻ.എന്നിനോട് വ്യക്തമാക്കി. ഇറാനിൽ ഇപ്പോൾ നടക്കുന്ന ആക്രമണങ്ങളിൽ തങ്ങൾക്ക് പങ്കുള്ളതായി അറിവില്ലെന്നാണ് ഇസ്രായേൽ അധികൃതരും പ്രതികരിച്ചത്.













