
വാഷിംഗ്ടൺ: ഇറാനുമായി ചർച്ചകൾ തുടരാൻ അമേരിക്ക സമ്മതിച്ചതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. എന്നാൽ ഇതോടൊപ്പം തന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ കരാർ ഇനി നിലവിലില്ലെന്ന് വാഷിംഗ്ടൺ ടെഹ്‌റാനെ ഔദ്യോഗികമായി അറിയിച്ചതായും ട്രംപ് ആവർത്തിച്ചു. ചർച്ചകൾ തുടരാൻ ഇറാൻ തങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അതിന് രാജ്യം തയ്യാറാണെന്നുമാണ് ട്രംപ് സ്വന്തം സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചത്.
എന്നാൽ വെടിനിർത്തലിന്റെ കാലാവധി അവസാനിച്ചുവെന്ന കാര്യം ഒട്ടും സംശയമില്ലാത്ത രീതിയിൽ അമേരിക്ക ഇറാനെ അറിയിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു. ഹോർമുസ് ഇടുക്കിലൂടെ കടന്നുപോയ നിരവധി കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതിനെ തുടർന്ന് ഈ ആഴ്ച യുഎസ് സേന ഇറാനിൽ തുടർച്ചയായ തിരിച്ചടികൾ നൽകിയിരുന്നു. എന്നാൽ വ്യാഴാഴ്ച കൂടുതൽ ആക്രമണങ്ങൾ നടത്താൻ ട്രംപ് ഉത്തരവിട്ടിരുന്നില്ല.
ഇതിനിടയിൽ, അമേരിക്കയുടെ ഏകോപനത്തോടെ ഖത്തറിൽ നിന്നുള്ള മധ്യസ്ഥ ചർച്ചാ സംഘം ഇറാനിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നതിനായി അവിടേക്ക് തിരിച്ചതായി ഒരു നയതന്ത്രജ്ഞൻ വ്യക്തമാക്കി. നിലവിലെ സൈനിക നീക്കങ്ങൾ കൂടുതൽ വഷളാകാതിരിക്കാനും നയതന്ത്ര ചർച്ചകൾക്ക് വഴിതുറക്കാനുമായി ആക്രമണങ്ങൾക്ക് ശേഷം താൽക്കാലികമായി സൈനിക നടപടികൾ നിർത്തിവെയ്ക്കുക എന്ന തന്ത്രമാണ് ട്രംപ് ഭരണകൂടം സ്വീകരിക്കുന്നതെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചിട്ടുണ്ട്.














