
സാൻ ഫ്രാൻസിസ്കോ: നിർമ്മിത ബുദ്ധി (എഐ) ചാറ്റ്ബോട്ട് ആയ ചാറ്റ്ജിപിടി നൽകിയ തെറ്റായ ആരോഗ്യോപദേശം വിശ്വസിച്ച് ചികിത്സ വൈകിച്ചതിനെത്തുടർന്ന് യുവാവ് മരണവക്കിലെത്തിയതായി പരാതി. സംഭവത്തിൽ ചാറ്റ്ജിപിടിയുടെ നിർമ്മാതാക്കളായ ഓപ്പൺഎഐ കമ്പനിക്കെതിരെയും അതിൻ്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സാം ആൾട്ട്മാനെതിരെയും യുഎസിലെ സാൻ ഫ്രാൻസിസ്കോ കൗണ്ടി സുപ്പീരിയർ കോടതിയിൽ നിയമനടപടി സ്വീകരിച്ചു. ഫ്ലോറിഡയിൽ നിന്നുള്ള 55 കാരനായ പാസ്റ്റർ സ്കോട്ട് വിൻ്റേഴ്സ് ആണ് കോടതിയെ സമീപിച്ചത്.
ശ്വാസകോശത്തിലെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്ന മാരകമായ ‘പൾമണറി എംബോളിസം’ എന്ന അവസ്ഥയിലേക്ക് നയിക്കുന്ന ശാരീരിക ലക്ഷണങ്ങളെക്കുറിച്ച് പലതവണ ചോദിച്ചപ്പോഴും, ചികിൽസ തേടേണ്ടതില്ലെന്നാണ് ചാറ്റ്ജിപിടി നിർദ്ദേശിച്ചതെന്ന് ഹർജിയിൽ പറയുന്നു. തലകറക്കവും രക്തസമ്മർദ്ദത്തിലെ വ്യത്യാസങ്ങളും അനുഭവപ്പെട്ടപ്പോൾ ചാറ്റ്ബോട്ടിൻ്റെ സഹായം തേടിയ വിൻ്റേഴ്സിനോട്, അദ്ദേഹം വിശ്രമിച്ചിരുന്ന റിക്ലൈനർ കസേരയിൽ തന്നെ തുടരാനാണ് ചാറ്റ്ജിപിടി ഉപദേശിച്ചത്. തുടർച്ചയായി ഒരേയിരുപ്പ് ഇരുന്നതുകൊണ്ടാണ് രോഗം ഇത്രയും വഷളായതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
വിൻ്റേഴ്സിൻ്റെ മുൻകാല സംഭാഷണങ്ങളിൽ നിന്നും അദ്ദേഹത്തിൻ്റെ കടുത്ത ക്രൈസ്തവ വിശ്വാസം മനസ്സിലാക്കിയ ചാറ്റ്ബോട്ട്, അതിനെ ചൂഷണം ചെയ്യുന്ന രീതിയിലാണ് മറുപടി നൽകിയതെന്നും അഭിഭാഷകർ ആരോപിക്കുന്നു. “ദൈവം നിങ്ങളുടെ ശരീരത്തെ എപ്പോഴും പരാജയപ്പെടാനല്ല സൃഷ്ടിച്ചത്,” തുടങ്ങിയ വൈകാരികമായ മറുപടികൾ നൽകി ചാറ്റ്ജിപിടി ഇയാളെ തെറ്റിദ്ധരിപ്പിച്ചു. ചാറ്റ്ജിപിടിയുടെ ആധികാരികമായ സ്വരവും വിശ്വാസത്തെ മുൻനിർത്തിയുള്ള സംഭാഷണങ്ങളും കാരണം വിൻ്റേഴ്സ് ആശുപത്രിയിൽ പോകാൻ ആവശ്യപ്പെട്ട കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പൂർണ്ണമായി അവഗണിക്കുകയായിരുന്നു.
തെറ്റായ ഉപദേശങ്ങൾ വിശ്വസിച്ചതുമൂലം വിൻ്റേഴ്സിന് തൻ്റെ ജോലിയും വീടും നഷ്ടപ്പെടുകയും വലിയ സാമ്പത്തിക-മാനസിക തകർച്ച നേരിടേണ്ടി വരികയും ചെയ്തു. തനിക്ക് സംഭവിച്ച നഷ്ടങ്ങൾക്ക് സാമ്പത്തിക നഷ്ടപരിഹാരം നൽകണമെന്നും മറ്റ് ഉപയോക്താക്കളുടെ സുരക്ഷ മുൻനിർത്തി പ്ലാറ്റ്‌ഫോമിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കോടതി ഉത്തരവിടണമെന്നുമാണ് വിൻ്റേഴ്സിൻ്റെ ആവശ്യം.
അതേസമയം, ചാറ്റ്ജിപിടി ഒരു ഡോക്ടറല്ലെന്നും വൈദ്യസഹായത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമായി ഇത് ഒരിക്കലും ഉപയോഗിക്കരുതെന്നും ഓപ്പൺഎഐ വക്താവ് പ്രതികരിച്ചു. പ്രധാനപ്പെട്ട ആരോഗ്യപരമായ തീരുമാനങ്ങൾ എടുക്കാൻ ചാറ്റ്ജിപിടിയെ മാത്രം ആശ്രയിക്കരുതെന്ന് കമ്പനിയുടെ ഉപയോഗ നിബന്ധനകളിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും കമ്പനി ഓർമ്മിപ്പിച്ചു.
American citizen dies after trusting ChatGPT’s health advice, lawsuit filed against OpenAI















