അൻ്റാർട്ടിക്കയിലെ യു.എസ് ഗവേഷണ കേന്ദ്രത്തിൽ നിന്ന് അമേരിക്കൻ പൗരനെ അതിസാഹസികമായി ഒഴിപ്പിച്ചു; നില ഗുരുതരം

ക്രൈസ്റ്റ്ചർച്ച് (ന്യൂസിലാൻഡ്): അൻ്റാർട്ടിക്കയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് അൻ്റാർട്ടിക് ഗവേഷണ കേന്ദ്രത്തിൽ (USAP) ജോലി ചെയ്തിരുന്ന അമേരിക്കൻ പൗരനെ അതീവ അപകടകരമായ സാഹചര്യത്തിൽ വ്യോമമാർഗ്ഗം ഒഴിപ്പിച്ചു. കടുത്ത ശൈത്യവും കടും ഇരുട്ടും അവഗണിച്ച് നടത്തിയ അതിസാഹസിക രക്ഷാപ്രവർത്തനത്തിനൊടുവിൽ, ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ ന്യൂസിലാൻഡിലെ ക്രൈസ്റ്റ്ചർച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജൂലൈ 31-നായിരുന്നു അന്താരാഷ്ട്ര സമൂഹത്തെ ഒന്നടങ്കം മുൾമുനയിൽ നിർത്തിയ രക്ഷാപ്രവർത്തനം നടന്നത്. അൻ്റാർട്ടിക്കയിലെ യു.എസ് മക്മൂർഡോ സ്റ്റേഷനിൽ കഴിഞ്ഞിരുന്ന ഉദ്യോഗസ്ഥന് പെട്ടെന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്നാണ് അടിയന്തിര വൈദ്യസഹായം തേടിയത്. യു.എസ് നാഷണൽ സയൻസ് ഫൗണ്ടേഷന്റെ അഭ്യർത്ഥനപ്രകാരം ഓസ്‌ട്രേലിയൻ അന്റാർട്ടിക് ഡിവിഷനും ന്യൂസിലാൻഡ് ഡിഫൻസ് ഫോഴ്‌സും സംയുക്തമായാണ് ദൗത്യം ഏറ്റെടുത്തത്.

മൈനസ് 43 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴുകയും കാലാവസ്ഥ അതിവേഗം വഷളാകുകയും ചെയ്ത പശ്ചാത്തലത്തിൽ, ഓസ്‌ട്രേലിയൻ എയർഫോഴ്സ് വിമാനം ഹോബർട്ടിൽ നിന്ന് അഞ്ച് മണിക്കൂർ സഞ്ചരിച്ചാണ് മക്മൂർഡോ സ്റ്റേഷനിലെത്തിയത്. കടും ഇരുട്ടിൽ അതീവ അപകടകരമായ റൺവേയിൽ വിമാനം ഇറക്കിയ ജീവനക്കാർ, രോഗിയെ സുരക്ഷിതമായി വിമാനത്തിലേക്ക് മാറ്റി ഉടൻ തന്നെ ന്യൂസിലാൻഡിലേക്ക് തിരിക്കുകയായിരുന്നു.

അതേസമയം, ചികിത്സയിലുള്ള അമേരിക്കൻ പൗരൻ്റെ പേരുവിവരങ്ങളോ രോഗവിവരങ്ങളോ സുരക്ഷാ കാരണങ്ങളാൽ അധികൃതർ പുറത്തുവിട്ടിട്ടില്ല. ജീവൻ രക്ഷിക്കാനായി ഒത്തൊരുമയോടെ പ്രവർത്തിച്ച ഓസ്‌ട്രേലിയൻ, ന്യൂസിലാൻഡ് പങ്കാളികൾക്കും മെഡിക്കൽ സംഘത്തിനും യു.എസ് നാഷണൽ സയൻസ് ഫൗണ്ടേഷൻ പ്രത്യേക നന്ദി രേഖപ്പെടുത്തി.

American citizen rescued from US research station in Antarctica; condition critical

More Stories from this section

family-dental
witywide