ഷിക്കാഗോയെ നടുക്കി കൊലപാതകം: ഏഴുവയസ്സുകാരി തെരുവിൽ കുത്തേറ്റു മരിച്ചു, പ്രതി പൊലീസ് കസ്റ്റഡിയിൽ

ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയിൽ തെരുവിലൂടെ നടന്നുപോവുകയായിരുന്ന ഏഴുവയസ്സുകാരിയെ സ്ത്രീ പരസ്യമായി കുത്തിക്കൊലപ്പെടുത്തി. ഷിക്കാഗോയിലെ വാണിജ്യമേഖലയിൽ ശനിയാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. ആക്രമണം നടത്തിയ ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച സ്ത്രീയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

എഡി മാരി ഹെർണാണ്ടസ് ചാക്കോൺ എന്ന ഏഴുവയസ്സുകാരിയാണ് കൊല്ലപ്പെട്ടതെന്ന് കുക്ക് കൗണ്ടി മെഡിക്കൽ എക്സാമിനർ ഓഫീസ് സ്ഥിരീകരിച്ചു. കടകൾക്ക് മുന്നിലൂടെ കുട്ടി നടന്നുപോകുമ്പോൾ മൂർച്ചയേറിയ ആയുധവുമായി എത്തിയ സ്ത്രീ പുറകിൽ പലതവണ ക്രൂരമായി കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവം നടക്കുന്നതിന് തൊട്ടുമുമ്പ് പെൺകുട്ടി പ്രായമായ മറ്റൊരു സ്ത്രീയുടെ കൈപിടിച്ച് നടന്നുപോകുന്ന ദൃശ്യങ്ങൾ സമീപത്തെ കടയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ ഇവർ ആരാണെന്ന വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.

നാട്ടുകാരുടെ ആക്രമണത്തിൽ പരിക്കേറ്റ പ്രതിയായ സ്ത്രീയെ പൊലീസ് കാവലിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം എന്താണെന്നോ, പ്രതിക്ക് കുട്ടിയുമായി എന്തെങ്കിലും മുൻപരിചയമുണ്ടോ എന്ന കാര്യമോ വ്യക്തമല്ലെന്ന് ഷിക്കാഗോ പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Murder Shocks Chicago: 7-Year-Old Girl Stabbed to Death on the Street; Suspect in Police Custody

More Stories from this section

family-dental
witywide