അമേരിക്കൻ റാപ്പർ ബ്ലഡ്‌ഹൗണ്ട് ക്യു50 ഷിക്കാഗോയിൽ വെടിയേറ്റു മരിച്ചു; ആക്രമണം ടെസ്‌ല കാറിൽ ഇരിക്കുമ്പോൾ, പ്രതികൾക്കായി തിരച്ചിൽ

ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയിലുണ്ടായ അതിക്രൂരമായ ആസൂത്രിത വെടിവെയ്പ്പിൽ പ്രമുഖ ഡ്രിൽ റാപ്പർ ബ്ലഡ്‌ഹൗണ്ട് ക്യു50 (22) കൊല്ലപ്പെട്ടു. മിക്വാലെ കൂപ്പർ എന്നാണ് ഇദ്ദേഹത്തിൻ്റെ യഥാർത്ഥ പേര്. ഫുള്ളർ പാർക്ക് പ്രദേശത്തെ ബിപി ഗ്യാസ് സ്റ്റേഷനിൽ ഞായറാഴ്ച പുലർച്ചെ 4 മണിയോടെയായിരുന്നു സംഭവം.

ഒരു വൈറ്റ് ടെസ്‌ല കാറിൻ്റെ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുകയായിരുന്ന റാപ്പറെ ലക്ഷ്യമിട്ട് രണ്ട് കാറുകളിലായെത്തിയ ആറംഗ അക്രമിസംഘം ഒരേസമയം വെടിയുതിർക്കുകയായിരുന്നു. മിനിറ്റുകൾക്കുള്ളിൽ 50-ലധികം റൗണ്ട് വെടിയുണ്ടകളാണ് അക്രമികൾ കാറിന് നേരെ തൊടുത്തത്. നെഞ്ചിലും കഴുത്തിലും തോളിലും മാരകമായി വെടിയേറ്റ കൂപ്പർ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. അക്രമികൾ ഉടൻ തന്നെ രണ്ട് ആഡംബര കാറുകളിലായി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. കൊല്ലപ്പെട്ട കൂപ്പറിൻ്റെ പക്കൽ നിന്നും ഒരു തോക്ക് കണ്ടെടുത്തതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

2023-ൽ സംഗീതരംഗത്ത് സജീവമായ ക്യു50, “Big 3”, “Coffin” തുടങ്ങിയ ജനപ്രിയ ട്രാക്കുകളിലൂടെയാണ് യുഎസിലെ യുവതലമുറയ്ക്കിടയിൽ ശ്രദ്ധേയനായത്. ഈ വർഷം ഓഗസ്റ്റിൽ പുറത്തിറങ്ങിയ ‘Get Back Or Die Trying’ ആണ് അദ്ദേഹത്തിൻ്റെ അവസാന ആൽബം. പ്രമുഖ ഹിപ്-ഹോപ്പ് മാധ്യമങ്ങളും ആരാധകരും റാപ്പറിൻ്റെ അപ്രതീക്ഷിത വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രതികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതായും ഷിക്കാഗോ പൊലീസ് അറിയിച്ചു.

American rapper Bloodhound Q50 shot dead in Chicago; attack occurred while he was in a Tesla; search for suspects underway.

More Stories from this section

family-dental
witywide