എഞ്ചിൻ ഓയിൽ മുന്നറിയിപ്പ്; അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കൊച്ചിയിൽ തിരിച്ചിറക്കി

കൊച്ചി: എഞ്ചിൻ ഓയിലിന്റെ അളവ് അതിവേഗം കുറഞ്ഞതിനെ തുടർന്ന് കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കൊച്ചിയിൽ തന്നെ തിരിച്ചിറക്കി. ഓഗസ്റ്റ് 31നാണ് സംഭവം.

കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് സർവീസ് നടത്തുന്ന IX 415 വിമാനമാണ് ടേക്ക് ഓഫിന് പിന്നാലെ തിരിച്ചുവന്നത്. ബോയിങ് 737 വിമാനമായിരുന്നു ഇത്. പറന്നുയർന്ന് ഏകദേശം 50 മിനിറ്റിന് ശേഷം 36,000 അടി ഉയരത്തിൽ വിമാനം സഞ്ചരിക്കുമ്പോഴാണ് ഒന്നാം എഞ്ചിനിലെ ഓയിൽ അളവ് പെട്ടെന്ന് കുറയുന്നതായി പൈലറ്റും കോ-പൈലറ്റും ശ്രദ്ധിച്ചത്.

തുടർന്ന് ജീവനക്കാർ സുരക്ഷാ വിലയിരുത്തൽ നടത്തി. ഓയിൽ അളവ് തുടർച്ചയായി കുറഞ്ഞതോടെ അബുദാബിയിലേക്കുള്ള യാത്ര ഉപേക്ഷിച്ച് കൊച്ചിയിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. പിന്നീട് ഒന്നാം എഞ്ചിന്റെ ഓയിൽ പ്രഷർ അപകടനിലയിലെത്തിയതോടെ എഞ്ചിൻ ഓഫ് ചെയ്തതായി റിപ്പോർട്ടുണ്ട്. വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.

അതേസമയം, വാരണാസിയിൽ നിന്ന് ഡൽഹിയിലേക്ക് പോയ മറ്റൊരു എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ലഖ്‌നൗവിലേക്ക് തിരിച്ചുവിട്ടിരുന്നു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് മുൻകരുതൽ നടപടിയായി വിമാനം വഴിതിരിച്ചുവിട്ടതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും യാത്രക്കാർക്ക് ലഘുഭക്ഷണവും മറ്റ് സൗകര്യങ്ങളും നൽകിയതായും എയർലൈൻ വക്താവ് പറഞ്ഞു. യാത്രക്കാരെ ഡൽഹിയിലെത്തിക്കാൻ പകരം വിമാനം അടിയന്തരമായി ക്രമീകരിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.

സാങ്കേതിക, പ്രവർത്തനപരമായ പ്രശ്നങ്ങളെ തുടർന്ന് സമീപകാലത്ത് നിരവധി വിമാന സർവീസുകൾ തടസ്സപ്പെട്ടിരുന്നു. ഈ മാസം ആദ്യം എഞ്ചിനുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറിനെ തുടർന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനം ഗോവയിലേക്ക് തിരിച്ചെത്തുകയും അടിയന്തര ലാൻഡിങ് നടത്തുകയും ചെയ്തിരുന്നു.

An Air India Express Boeing 737 operating flight IX 415 from Kochi to Abu Dhabi was forced to turn back shortly after take-off on August 31