ഡൽഹി സത്യ നികേതൻ കെട്ടിട ദുരന്തം; 5 എംസിഡി ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു, മരണസംഖ്യ ഏഴായി

ന്യൂഡൽഹി: ഡൽഹിയിലെ സത്യ നികേതനിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി. സംഭവത്തിന് പിന്നാലെ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (MCD) സൗത്ത് സോണിലെ അഞ്ച് ഉദ്യോഗസ്ഥരെ അടിയന്തരമായി സസ്‌പെൻഡ് ചെയ്തു.

തിങ്കളാഴ്ച പുറത്തിറക്കിയ ഉത്തരവ് പ്രകാരം രാകേഷ് കുമാർ (ഡെപ്യൂട്ടി കമ്മീഷണർ, സൗത്ത് സോൺ), രൺവീർ സിങ് (സൂപ്രണ്ടിങ് എൻജിനീയർ, സൗത്ത് സോൺ), ലളിത് കുമാർ ഗോയൽ(എക്സിക്യൂട്ടീവ് എൻജിനീയർ (ബിൽഡിങ്), സൗത്ത് സോൺ), സുനിൽ ചൗഹാൻ (അസിസ്റ്റന്റ് എൻജിനീയർ (ബിൽഡിങ്), സൗത്ത് സോൺ), ആശിഷ് കുമാർ (ജൂനിയർ എൻജിനീയർ (ബിൽഡിങ്) എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.

അച്ചടക്ക നടപടികൾ പൂർത്തിയാകുന്നതുവരെ ഇവർക്ക് സസ്‌പെൻഷൻ കാലയളവിലെ നിയമാനുസൃത ഉപജീവനബത്ത ലഭിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആൺകുട്ടികൾക്കായുള്ള പേയിങ് ഗസ്റ്റ് താമസസൗകര്യത്തിന്റെ ബേസ്മെന്റിൽ നടന്നുകൊണ്ടിരുന്ന നിർമാണ പ്രവർത്തനങ്ങളാണ് കെട്ടിടത്തിന്റെ ഘടനയ്ക്ക് തകരാർ വരുത്തിയതെന്നും ഇതാണ് ഒടുവിൽ കെട്ടിടം തകർന്നുവീഴാൻ കാരണമായതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം, കാണാതായവർക്കായുള്ള, പ്രധാനമായും വിദ്യാർഥികളെ കേന്ദ്രീകരിച്ചുള്ള രക്ഷാപ്രവർത്തനം രണ്ടാം ദിവസത്തിലേക്ക് കടന്നു. നാലോ അതിലധികമോ നിലകളുള്ള അനധികൃത കെട്ടിടങ്ങൾ ഉടൻ സീൽ ചെയ്യാനും ഡൽഹി സർക്കാർ നിർദേശം നൽകി. അനധികൃത നിർമാണങ്ങൾക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിച്ച് ഉടൻ പിരിച്ചുവിടുമെന്നും എംസിഡി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

തകർന്ന കെട്ടിടം പി-14, സത്യ നികേതൻ എന്ന വിലാസത്തിലുള്ളതാണെന്ന് എംസിഡി അറിയിച്ചു. ഏകദേശം 55 ചതുരശ്ര ഗജ വിസ്തീർണമുള്ള സ്ഥലത്ത് നിർമിച്ച കെട്ടിടത്തിൽ ബേസ്മെന്റും ഗ്രൗണ്ട് ഫ്ലോറിനൊപ്പം ഒന്നാം നില മുതൽ നാലാം നില വരെയും ഉണ്ടായിരുന്നു. 1990-കളിലാണ് കെട്ടിടം നിർമിച്ചതെന്നാണ് റിപ്പോർട്ട്. കെട്ടിടവുമായി ബന്ധപ്പെട്ട് മുൻപ് ബുക്കിങ്, സീലിങ് നടപടികളോ പരാതികളോ രേഖപ്പെടുത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

സത്യ നികേതനിലെ കെട്ടിടത്തിന് അംഗീകൃത ബിൽഡിങ് പ്ലാൻ നിലവിലില്ലായിരുന്നുവെന്നും ബേസ്മെന്റിലെ നിർമാണം അനധികൃതമായിരുന്നുവെന്നും മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.

The Municipal Corporation of Delhi (MCD) has suspended five officials from its South Zone with immediate effect, in response to the building collapse in Satya Niketan, which has killed at least seven people.