ബെയ്ജിങ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും പങ്കെടുക്കുന്ന ത്രിരാഷ്ട്ര കൂടിക്കാഴ്ചയ്ക്ക് വലിയ ചരിത്രപ്രാധാന്യമുണ്ടാകുമെന്ന് ചൈന. ആഗോള സമാധാനം സംരക്ഷിക്കുന്നതിനും വൻശക്തികൾ തമ്മിലുള്ള തന്ത്രപ്രധാന സ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള മാർഗങ്ങൾ നേതാക്കൾ ചർച്ച ചെയ്യുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങളുടെ നേതാക്കൾ ആദ്യമായി നേരിട്ട് പങ്കെടുക്കുന്ന ത്രിരാഷ്ട്ര കൂടിക്കാഴ്ച നവംബർ 19ന് ചൈനയിലെ ഷെൻഷെനിൽ നടക്കും. ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച.
ആഗോള വെല്ലുവിളികൾ നേരിടാനും രാജ്യാന്തര സ്ഥിരത ഉറപ്പാക്കാനും മൂന്നു രാജ്യങ്ങൾക്കും പ്രധാന ഉത്തരവാദിത്വമുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങൾ കൈകാര്യം ചെയ്ത് ബന്ധം സുസ്ഥിരമാക്കുന്നതിനുള്ള ആശയവിനിമയം ശക്തിപ്പെടുത്തുന്നത് മൂന്നു രാജ്യങ്ങളുടെയും താൽപര്യങ്ങൾക്ക് ഗുണകരമാണെന്നും അവർ വ്യക്തമാക്കി. ആണവായുധ നിയന്ത്രണവും കൂടിക്കാഴ്ചയിലെ പ്രധാന വിഷയമായേക്കും. ലോകത്തെ ആണവായുധങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനെക്കുറിച്ച് ചർച്ചയ്ക്ക് ട്രംപ് മുൻകൈയെടുക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്.
അമേരിക്കയും റഷ്യയും തമ്മിലുള്ള അവസാന ആണവായുധ നിയന്ത്രണ കരാറായ ന്യൂ സ്റ്റാർട്ട് (New START) 2026 ഫെബ്രുവരിയിൽ കാലാവധി അവസാനിച്ചതോടെയാണ് ചർച്ചകൾക്ക് പ്രാധാന്യമേറിയത്. ഇരുരാജ്യങ്ങളുടെയും തന്ത്രപ്രധാന ആണവായുധ ശേഖരങ്ങൾക്ക് പരിധി നിശ്ചയിച്ചിരുന്ന കരാർ അവസാനിച്ചതോടെ അഞ്ച് പതിറ്റാണ്ടിലേറെയായി നിലനിന്ന നിയന്ത്രണങ്ങൾ ഇല്ലാതായി. കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടണമെന്ന റഷ്യയുടെ നിർദേശം ട്രംപ് തള്ളിയിരുന്നു. പകരം ചൈനയെയും ഉൾപ്പെടുത്തി പുതിയതും പരിഷ്കരിച്ചതുമായ കരാർ വേണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എന്നാൽ, അമേരിക്കയുടെയും റഷ്യയുടെയും പക്കൽ തങ്ങളേക്കാൾ വളരെ അധികം ആണവായുധങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ചർച്ചകളിൽ പങ്കാളിയാകാൻ ചൈന നേരത്തെ വിസമ്മതിച്ചിരുന്നു.
പെന്റഗൺ കണക്കുകൾ പ്രകാരം ചൈനയുടെ പക്കൽ 600ലേറെ ആണവ പോർമുനകളാണുള്ളത്. അമേരിക്കയുടെയും റഷ്യയുടെയും ശേഖരത്തിൽ അയ്യായിരത്തിലേറെ വീതമുണ്ട്. ത്രിരാഷ്ട്ര കൂടിക്കാഴ്ച ആണവായുധ നിയന്ത്രണ ചർച്ചകൾക്ക് തുടക്കമിടുമെങ്കിലും ഉടൻ കരാറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഉച്ചകോടിയിൽ നിന്ന് ആണവ നിരായുധീകരണ നീക്കങ്ങൾ ഉയർന്നുവന്നാൽ പിന്തുണ നൽകാൻ ഐക്യരാഷ്ട്രസഭ തയ്യാറാണെന്ന് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി.
റഷ്യ–യുക്രെയ്ൻ യുദ്ധവും ചർച്ചകളിൽ ഇടംപിടിച്ചേക്കും. എന്നാൽ, വിഷയം ഔദ്യോഗിക അജൻഡയിലുണ്ടാകുമോ എന്ന് ചൈന വ്യക്തമാക്കിയിട്ടില്ല. ഇറാനെതിരായ യുഎസ്–ഇസ്രയേൽ യുദ്ധവും ട്രംപ് ഷിയുമായും പുടിനുമായും ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. സംഘർഷത്തിന്റെ ഭൗമരാഷ്ട്രീയ, സാമ്പത്തിക പ്രത്യാഘാതങ്ങളാണ് ചർച്ചയാകുക.
‘Groundbreaking significance’: China on Trump, Xi and Putin’s first face-to-face trilateral meet















