വാഷിങ്ടൺ: H-1B, L-1, O-1 ഉൾപ്പെടെ 27 തൊഴിൽ വിസ വിഭാഗങ്ങൾക്ക് 15 പ്രവൃത്തി ദിവസത്തിനുള്ളിൽ പ്രീമിയം പ്രോസസിങ് സൗകര്യം ഒരുക്കി യുഎസ് പൗരത്വ-കുടിയേറ്റ സേവന വിഭാഗമായ USCIS. അധിക ഫീസ് അടച്ച് ഈ സേവനം പ്രയോജനപ്പെടുത്തുന്ന തൊഴിലുടമകൾക്കും അർഹരായ അപേക്ഷകർക്കും നിശ്ചിത സമയത്തിനുള്ളിൽ അപേക്ഷയിൽ തീരുമാനമോ മറ്റ് നടപടികളോ ലഭിക്കും. Form I-129 വഴി സമർപ്പിക്കുന്ന 21 തരം താൽക്കാലിക തൊഴിൽ വിസകൾക്കും Form I-140 വഴി സമർപ്പിക്കുന്ന ആറ് തൊഴിൽ അധിഷ്ഠിത ഗ്രീൻ കാർഡ് വിഭാഗങ്ങൾക്കുമാണ് സൗകര്യം ലഭിക്കുക.
പ്രീമിയം പ്രോസസിങ്ങിനായി Form I-907 സമർപ്പിച്ച് നിശ്ചിത ഫീസ് അടയ്ക്കണം. പൂർണമായ അപേക്ഷ USCIS-ന് ലഭിക്കുന്നതുമുതലാണ് 15 പ്രവൃത്തി ദിവസത്തെ സമയപരിധി ആരംഭിക്കുന്നത്. E-1, E-2, E-3, H-1B, H-2B, H-3, L-1A, L-1B, O-1, O-2, P-1, P-2, P-3, Q-1, R-1, TN തുടങ്ങിയ വിസ വിഭാഗങ്ങൾ Form I-129ന്റെ പരിധിയിൽ വരും. വ്യാപാരികൾ, നിക്ഷേപകർ, വിദഗ്ധ തൊഴിലാളികൾ, പരിശീലനത്തിനെത്തുന്നവർ, കമ്പനികളുടെ വിവിധ രാജ്യങ്ങളിലെ ഓഫീസുകൾക്കിടയിൽ സ്ഥലംമാറുന്ന ജീവനക്കാർ, കലാകാരന്മാർ, കായികതാരങ്ങൾ, മതപ്രവർത്തകർ തുടങ്ങിയവർക്കുള്ള വിസകളാണ് ഇതിൽ ഉൾപ്പെടുന്നത്.
Form I-140 പ്രകാരമുള്ള ആറ് വിഭാഗങ്ങൾ തൊഴിൽ അധിഷ്ഠിത ഗ്രീൻ കാർഡ് അപേക്ഷകളാണ്. അസാധാരണ കഴിവുള്ളവർ, മികച്ച പ്രൊഫസർമാർ, ഗവേഷകർ എന്നിവർക്കുള്ള EB-1 വിഭാഗവും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയോ അസാധാരണ കഴിവോ ഉള്ള ചിലർക്കുള്ള EB-2 വിഭാഗവും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ വിദഗ്ധ തൊഴിലാളികൾ, പ്രൊഫഷണലുകൾ, മറ്റ് തൊഴിലാളികൾ എന്നിവർക്കുള്ള EB-3 വിഭാഗങ്ങളും പരിഗണിക്കും. എന്നാൽ, 15 പ്രവൃത്തി ദിവസത്തിനുള്ളിൽ വിസയോ ഗ്രീൻ കാർഡോ അനുവദിക്കുമെന്ന് ഇതിന് അർഥമില്ലെന്ന് USCIS വ്യക്തമാക്കി.
അപേക്ഷ അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യുക, കൂടുതൽ രേഖകൾ ആവശ്യപ്പെടുക, അപേക്ഷ നിരസിക്കാനുള്ള ഉദ്ദേശ്യം അറിയിക്കുക, തട്ടിപ്പോ തെറ്റായ വിവരങ്ങളോ സംബന്ധിച്ച് അന്വേഷണം ആരംഭിക്കുക തുടങ്ങിയ നടപടികളാണ് സമയപരിധിക്കുള്ളിൽ ഉണ്ടാകേണ്ടത്. കൂടുതൽ രേഖകൾ ആവശ്യപ്പെട്ടാൽ പ്രോസസിങ് സമയപരിധി താൽക്കാലികമായി നിർത്തിവയ്ക്കും. അപേക്ഷകന്റെ മറുപടി ലഭിച്ചശേഷം വീണ്ടും സമയപരിധി കണക്കാക്കും.
നിശ്ചിത സമയത്തിനുള്ളിൽ നടപടി സ്വീകരിക്കാൻ കഴിയാത്തപക്ഷം പ്രീമിയം പ്രോസസിങ് ഫീസ് തിരികെ നൽകുമെന്നും USCIS അറിയിച്ചു. സാധാരണ അപേക്ഷാ ഫീസിന് പുറമേ അധിക തുക നൽകേണ്ട ഐച്ഛിക സേവനമാണിത്. H-1B ഉൾപ്പെടെയുള്ള വാർഷിക വിസ പരിധികളിൽ പ്രത്യേക ആനുകൂല്യങ്ങളൊന്നും പ്രീമിയം പ്രോസസിങ് വഴി ലഭിക്കില്ല.
US allows 15-day premium processing for H-1B and 26 other employment visa categories














