‘പുടിൻ കൗമാരക്കാരനെപ്പോലെ, സെലെൻസ്‌കിക്ക് നന്ദിയില്ല, ട്രംപിന് രണ്ട് മുഖം’; ലോകനേതാക്കളെ തുറന്നുകാട്ടി ബൈഡന്റെ ഓർമ്മക്കുറിപ്പ്!

വാഷിംഗ്ടൺ: കൂടിക്കാഴ്ചകളിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഒരു കൗമാരക്കാരനെപ്പോലെയാണ് പെരുമാറിയിരുന്നതെന്നും അലസമായി ഇരിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നതെന്നും അമേരിക്കൻ മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. തന്റെ പുതിയ ഓർമ്മക്കുറിപ്പായ ‘പ്രോമിസ് മി, അമേരിക്ക’ (Promise Me, America) എന്ന പുസ്തകത്തിലാണ് ബൈഡൻ പുടിനെയും യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കിയെയും ഡോണൾഡ് ട്രംപിനെയും കുറിച്ചുള്ള നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. വാൾ സ്ട്രീറ്റ് ജേണലാണ് പുസ്തകത്തിലെ വിവരങ്ങൾ പുറത്തുവിട്ടത്.

പുടിന്റെ സംസാരരീതി മുൻകോപമുള്ളതായിരുന്നുവെന്നും നിസ്സംഗത നടിച്ച് തോൾ കുനിച്ച് ഇരിക്കാനാണ് അദ്ദേഹം താല്പര്യപ്പെട്ടിരുന്നതെന്നും ബൈഡൻ പുസ്തകത്തിൽ കുറിച്ചു. ട്രംപ് വീണ്ടും അധികാരമേൽക്കുന്നതിന് മുൻപ് പുടിനുമായി നേരിട്ട് ചർച്ച നടത്താൻ അനുമതി നൽകുന്ന കത്തിൽ ഒപ്പിടാൻ ട്രംപിന്റെ സംഘം തന്നോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് യുക്രെയ്‌നിന്റെ താല്പര്യങ്ങൾ ബലികഴിച്ചുള്ള കീഴടങ്ങലാകുമെന്ന് ഭയന്നതിനാൽ ആ ആവശ്യം നിരസിക്കുകയായിരുന്നുവെന്നും ബൈഡൻ വ്യക്തമാക്കി.

അഭിനേതാവായിരുന്ന പശ്ചാത്തലം യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്‌കിക്ക് യുദ്ധകാലത്ത് മികച്ച പരിശീലനമായി മാറിയെന്ന് ബൈഡൻ വിലയിരുത്തുന്നു. എങ്കിലും, സ്വകാര്യ സംഭാഷണങ്ങളിൽ അദ്ദേഹം പെട്ടെന്ന് ഭാവം മാറുന്നയാളും പിടിവാശിക്കാരനുമായിരുന്നു. അമേരിക്ക നൽകിയ സഹായങ്ങൾക്ക് പ്രതീക്ഷിച്ചത്ര നന്ദി അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്നും ബൈഡൻ കുറ്റപ്പെടുത്തുന്നു

2020-ലെ തിരഞ്ഞെടുപ്പ് ഫലം നിഷേധിച്ചതിനും ക്യാപിറ്റോൾ കലാപത്തിനും ട്രംപിനെ രൂക്ഷമായി വിമർശിക്കുമ്പോഴും, അദ്ദേഹത്തിന്റെ മറ്റൊരു മുഖത്തെക്കുറിച്ചും ബൈഡൻ വിവരിക്കുന്നുണ്ട്. താൻ വൈറ്റ് ഹൗസിൽ എത്തിയപ്പോൾ ട്രംപ് അയച്ച ഉദാരമനസ്കതയുള്ള കത്ത് തന്നെ അമ്പരപ്പിച്ചു. “രാഷ്ട്രീയം ഇല്ലായിരുന്നെങ്കിൽ നമ്മൾ എപ്പോഴും ഒരുമിച്ച് ഗോൾഫ് കളിക്കുമായിരുന്നു” എന്ന് ട്രംപ് തന്നോട് പറഞ്ഞതായും, “രണ്ട് ഡോണൾഡ് ട്രംപുമാർ” ഉള്ളതുപോലെയാണ് തനിക്ക് തോന്നിയതെന്നും ബൈഡൻ എഴുതി.

അതേസമയം, താനായിരുന്നു അധികാരത്തിലെങ്കിൽ റഷ്യ-യുക്രെയ്ൻ യുദ്ധം ഒരിക്കലും തുടങ്ങില്ലായിരുന്നുവെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ആവർത്തിക്കുന്നുണ്ട്. യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിനോട് അടുക്കുകയാണെന്നും അദ്ദേഹം കഴിഞ്ഞ ആഴ്ച സിബിഎസ് ന്യൂസിനോട് പറഞ്ഞു. റഷ്യയുമായി ട്രംപ് അടുത്തിടെ ഒപ്പുവെച്ച 5 ദശലക്ഷം ടൺ ഡീസൽ വിതരണ കരാർ മോസ്കോയ്ക്ക് യുദ്ധത്തിന് പണം കണ്ടെത്താൻ സഹായിക്കുമെന്ന് സെലെൻസ്‌കി വിമർശിച്ചിരുന്നു.

ഇതിനിടെ, നവംബർ 19-ന് ഷെൻഷെനിൽ നടക്കുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്കിടെ ട്രംപും പുടിനും കൂടിക്കാഴ്ച നടത്തും. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും പങ്കെടുക്കുന്ന ഈ ചർച്ച, മൂന്ന് വൻശക്തി രാജ്യങ്ങളുടെ തലവന്മാർ ആദ്യമായി ഒരുമിക്കുന്ന ത്രികക്ഷി ഉച്ചകോടിയായി മാറും. ആഗോള സംഘർഷങ്ങൾ, നിർമ്മിത ബുദ്ധി, ആണവായുധ നിയന്ത്രണം എന്നിവയായിരിക്കും പ്രധാന ചർച്ചാവിഷയങ്ങൾ.

‘Putin is like a teenager, Zelenskyy is ungrateful, and Trump is two-faced’ — Biden’s memoir exposes world leaders!

More Stories from this section

family-dental
witywide