
സിലിക്കൺ വാലി: ലോകം മുഴുവൻ ചാറ്റ് ജിപിറ്റിക്കും വലിയ എഐ (AI) വിപ്ലവങ്ങൾക്കും പിന്നാലെ പായുമ്പോൾ, ഒരു ഇന്ത്യൻ വംശജൻ തൻ്റെ ബിസിനസ് കെട്ടിപ്പടുത്തത് പ്ലംബർമാരുടെയും എസി മെക്കാനിക്കുകളുടെയും ഫോൺ വിളികൾക്ക് മറുപടി നൽകിയാണ്. മിഷിഗണിൽ വളർന്ന അപൂർവ്വ ശ്രീവാസ്തവ എന്ന എഞ്ചിനീയറുടെ ‘അവോക്ക’ എന്ന സ്റ്റാർട്ടപ്പ് ഇന്ന് 100 കോടി ഡോളർ (ഏകദേശം 8400 കോടി രൂപ) മൂല്യമുള്ള കമ്പനിയായി വളർന്നിരിക്കുന്നു.
തുടക്കം ഒരു വീട്ടിലെ അനുഭവം
അമേരിക്കയിലെ ഒരു സാധാരണ പ്രവാസി കുടുംബത്തിൽ വളർന്ന അപൂർവ്വയ്ക്ക് വീട്ടിലെ ബിസിനസ് കോളുകൾ അറ്റൻഡ് ചെയ്യുക എന്നത് കുട്ടിക്കാലത്തെ പ്രധാന ജോലിയായിരുന്നു. അവിടെ നിന്നാണ് അദ്ദേഹം ഒരു കാര്യം പഠിച്ചത്—പ്ലംബിംഗ്, ഇലക്ട്രിക്കൽ തുടങ്ങിയ ജോലികൾ ചെയ്യുന്നവർക്ക് ഒരു മിസ്ഡ് കോൾ എന്നാൽ വെറുമൊരു ഫോൺ കാൾ മാത്രമല്ല, നഷ്ടപ്പെടുന്ന വലിയൊരു കരാറാണ്.
ലോകപ്രശസ്തമായ എംഐടിയിൽ (MIT) നിന്ന് പഠിച്ചിറങ്ങിയ അപൂർവ്വ ആദ്യം ശ്രദ്ധിച്ചത് റെസ്റ്റോറൻ്റുകൾക്കായുള്ള എഐ സൗകര്യങ്ങളിലായിരുന്നു. എന്നാൽ പെട്ടെന്നാണ് അദ്ദേഹത്തിന് ഒരു കാര്യം മനസ്സിലായത്—ഒരു റെസ്റ്റോറൻ്റിലെ കോൾ മിസ്സായൽ പോയിക്കിട്ടുന്നത് 40 ഡോളറാണെങ്കിൽ (3300 രൂപ), ഒരു എസി കമ്പനിക്ക് നഷ്ടപ്പെടുന്നത് 40,000 ഡോളറിൻ്റെ (33 ലക്ഷം രൂപ) പണിയാണ്! ആ തിരിച്ചറിവാണ് അവോക്കയുടെ പിറവിക്ക് കാരണമായത്.
എന്താണ് അവോക്കയുടെ പണി?
അവോക്കയുടെ എഐ ഏജൻ്റുകൾ വെറുമൊരു റെക്കോർഡഡ് വോയ്‌സ് അല്ല. വിളിക്കുന്നത് ആരായാലും അവരോട് മനുഷ്യനെപ്പോലെ സംസാരിക്കാനും മറുപടി നൽകാനും ഇവർക്ക് കഴിയും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ സംവിധാനം കമ്പനിയുടെ ഷെഡ്യൂൾ പരിശോധിച്ച് അപ്പോൾ തന്നെ അപ്പോയിൻ്റ്മെൻ്റ് ബുക്കിംഗ് ചെയ്യും. പണിക്ക് വരാമെന്ന് പറഞ്ഞ് മുങ്ങിപ്പോയവരും കരാറിൽ ഒപ്പിടാത്തവരും ഉണ്ടെങ്കിൽ അവരെ അങ്ങോട്ട് വിളിച്ച് അന്വേഷിക്കാനും ഈ സ്മാർട്ട് എഐ തയ്യാർ!
നിലവിൽ അമേരിക്കയിലെ എണ്ണൂറിലധികം പ്രമുഖ കമ്പനികൾ അവോക്കയുടെ സേവനം ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ വരുമാനത്തിൽ 10 മില്യൺ ഡോളർ കടന്ന കമ്പനി, ഈ വർഷം മാത്രം തങ്ങളുടെ ക്ലയൻ്റുകൾക്കായി 100 കോടി ഡോളറിൻ്റെ ബിസിനസ് ബുക്കിംഗുകൾ നടത്താനാണ് ലക്ഷ്യമിടുന്നത്.
സിലിക്കൺ വാലിയിലെ ഭീമൻ നിക്ഷേപകരായ മെറിടെക് ക്യാപിറ്റൽ, ജനറൽ കാറ്റലിസ്റ്റ് എന്നിവരൊക്കെ ഈ ഇന്ത്യൻ യുവാവിൻ്റെ ആശയത്തിൽ കോടികൾ നിക്ഷേപിച്ചു കഴിഞ്ഞു. എയർ കണ്ടീഷനറുകളുടെയും പൈപ്പ് കണക്ഷനുകളുടെയും ഇടയിൽ അപൂർവ്വ ശ്രീവാസ്തവ കണ്ടെത്തിയത് എഐ യുഗത്തിലെ വലിയൊരു ‘ബില്യൺ ഡോളർ’ ഭാഗ്യമാണ്.
An empire worth Rs 8400 crore started from a missed call; What is Avoca’s job? Who is Apoorva Srivastava?















