ആരാധികയെ ബലാത്സംഗം ചെയ്തു, ബ്രിട്ടീഷ് നടൻ റസ്സൽ ബ്രാണ്ടിന് പത്തര വർഷം തടവ് ശിക്ഷ; ബലാത്സംഗ കുറ്റവും ലൈംഗികാതിക്രമങ്ങളും തെളിഞ്ഞു

ലണ്ടൻ: പ്രശസ്ത ബ്രിട്ടീഷ് നടനും ഹാസ്യനടനുമായ റസ്സൽ ബ്രാണ്ടിന് പത്തര വർഷം തടവ് ശിക്ഷ വിധിച്ചു. 2009ൽ ഒരു യുവതിയെ ബലാത്സംഗം ചെയ്തതിനും മറ്റ് മൂന്ന് സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം കാണിച്ചതിനുമാണ് സൗത്ത്‌വർക്ക് ക്രൗൺ കോടതി ശിക്ഷ വിധിച്ചത്. ഒരു ബലാത്സംഗ കുറ്റവും മൂന്ന് ലൈംഗികാതിക്രമ കുറ്റങ്ങളുമാണ് കോടതിയിൽ തെളിഞ്ഞത്. അതേസമയം മറ്റ് രണ്ട് ബലാത്സംഗ കുറ്റങ്ങളിൽ നിന്നും അപമര്യാദയായി പെരുമാറാൻ ശ്രമിച്ചെന്ന മറ്റൊരു കേസിൽ നിന്നും അദ്ദേഹത്തെ കോടതി വെറുതെവിട്ടു.

തെക്കൻ ലണ്ടനിലെ സൗത്ത്‌വർക്ക് ക്രൗൺ കോടതി ജഡ്ജി ജോയൽ ബെനാഥൻ റസ്സൽ ബ്രാണ്ടിനെ ഒരു ‘ലൈംഗിക വേട്ടക്കാരൻ’ എന്നാണ് വിശേഷിപ്പിച്ചത്. പ്രശസ്തി ഉണ്ടെങ്കിൽ തനിക്ക് തോന്നിയ രീതിയിൽ എവിടെയും എന്തുമാകാമെന്ന അഹങ്കാരമാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്നും ജഡ്ജി നിരീക്ഷിച്ചു. ബലാത്സംഗ കേസിൽ ഒമ്പത് വർഷവും ലൈംഗികാതിക്രമ കേസുകളിൽ 18 മാസവുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷയുടെ സിംഹഭാഗവും തടവിൽ കഴിയുന്നതോടൊപ്പം പുറത്തിറങ്ങിയാലും കർശനമായ നിരീക്ഷണങ്ങളും നിയന്ത്രണങ്ങളും ഉണ്ടാകും.

1999 മുതൽ 2009 വരെയുള്ള കാലയളവിലാണ് വിവിധ സ്ത്രീകൾ ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ശിക്ഷാവിധിക്ക് മുന്നോടിയായി ഇരകളായ സ്ത്രീകളുടെ പ്രസ്താവനകൾ കോടതിയിൽ വായിച്ചു കേൾപ്പിച്ചു. വർഷങ്ങളായി താൻ കടുത്ത മാനസിക ആഘാതത്തിലായിരുന്നുവെന്നും ആത്മവിശ്വാസം പോലും നഷ്ടപ്പെട്ടിരുന്നുവെന്നും ഇരകളിൽ ഒരാൾ വ്യക്തമാക്കി. ബ്രാണ്ട് യാതൊരുവിധ പശ്ചാത്താപവും പ്രകടിപ്പിക്കാത്ത വ്യക്തിയാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ 17 വർഷം മുമ്പ് നടന്ന സംഭവങ്ങൾക്ക് ശേഷമുള്ള കാലയളവിൽ തന്റെ കക്ഷിയുടെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ടെന്നായിരുന്നു ബ്രാണ്ടിന്‍റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.

വിധിയെത്തുടർന്ന് ജാമ്യാപേക്ഷ തള്ളിയ കോടതി ബ്രാണ്ടിനെ റിമാൻഡ് ചെയ്തു. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനായി ജാമ്യം അനുവദിക്കണമെന്ന ആവശ്യം കോടതി തള്ളിക്കളഞ്ഞു. കുട്ടികൾ അനുഭവിച്ച ബുദ്ധിമുട്ടുകൾക്ക് കാരണം അവരുടെ പിതാവ് ചെയ്ത ഗുരുതരമായ കുറ്റകൃത്യങ്ങളാണെന്ന് ജഡ്ജി വ്യക്തമാക്കി. തനിക്കെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ച ബ്രാന്റ്, പ്രശസ്തനായ ഓൺലൈൻ കമന്റേറ്റർ എന്ന നിലയിൽ തന്റെ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയാണ് ഇതെന്ന് അവകാശപ്പെട്ടിരുന്നു. എന്നാൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി വിധി പ്രസ്താവിച്ചത്. ഇതിനിടയിൽ, മറ്റ് രണ്ട് സ്ത്രീകൾ കൂടി ബ്രാണ്ടിനെതിരെ സമാനമായ പുതിയ പരാതികളുമായി രംഗത്തെത്തിയിട്ടുണ്ടെന്നും പോലീസ് ഇക്കാര്യത്തിൽ അന്വേഷണം നടത്തിവരികയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

More Stories from this section

family-dental
witywide