ന്യൂഡൽഹി: പല്ലുവേദനയെ തുടർന്ന് യുഎസിൽ ചികിത്സ തേടിയപ്പോൾ ലഭിച്ച ഭീമമായ ചികിത്സാ ബിൽ പങ്കുവെച്ച ഇന്ത്യൻ പ്രവാസിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ചികിത്സയ്ക്കായി അമേരിക്കയിൽ ചെലവാകുന്ന തുകയുമായി ഇന്ത്യയിലെ നിരക്ക് താരതമ്യം ചെയ്ത ഇയാൾ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് വരുന്നതാണോ ലാഭകരമെന്നും ചോദിച്ചു. ‘USA Healthcare Reality’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.
കഴിഞ്ഞ 15 വർഷമായി യുഎസിൽ താമസിക്കുന്ന നിതിൻ മൽഹോത്രയാണ് ഇൻസ്റ്റഗ്രാമിലൂടെ തന്റെ അനുഭവം പങ്കുവെച്ചത്. പല്ലുവേദനയെ തുടർന്ന് ദന്തഡോക്ടറെ സമീപിച്ചപ്പോഴാണ് ഉയർന്ന ചികിത്സാ ചെലവ് നേരിടേണ്ടിവന്നതെന്ന് വീഡിയോയിൽ അദ്ദേഹം പറഞ്ഞു. അമേരിക്കയിൽ ഒരു പല്ല് പറിക്കാൻ മാത്രം 2,500 ഡോളറോ? ഇൻഷുറൻസ് കണക്കാക്കിയ ശേഷവും 2,500 ഡോളർ സ്വന്തം പോക്കറ്റിൽ നിന്ന് നൽകണം. അതേസമയം ഇന്ത്യയിൽ ഇതേ ചികിത്സ 15,000 അല്ലെങ്കിൽ 20,000 രൂപയ്ക്കുള്ളിൽ ചെയ്യാമെന്നും നിതിൻ പറഞ്ഞു.
ഇന്ന് പല്ലുവേദന ഉണ്ടായതിനെ തുടർന്ന് ഡോക്ടറെ കാണാൻ പോയി. ആദ്യം അവർ ചോദിച്ചത് ഏത് ഇൻഷുറൻസാണ് ഉള്ളതെന്നാണ്. ഞാൻ ഡെന്റൽ ഇൻഷുറൻസ് കാർഡ് കാണിച്ചു. തുടർന്ന് പല്ലിന്റെ എക്സ്റേ എടുത്തു. എക്സ്റേയ്ക്ക് മാത്രം 180 ഡോളർ ഈടാക്കിയെന്നും അദ്ദേഹം പറഞ്ഞു.ഇൻഷുറൻസ് ഇളവുകളും മറ്റ് ക്രമീകരണങ്ങളും കണക്കാക്കുന്നതിന് മുമ്പ് ചികിത്സയുടെ ആകെ ചെലവ് വളരെ കൂടുതലായിരുന്നുവെന്നും നിതിൻ പറഞ്ഞു.
എല്ലാം പരിശോധിച്ച ശേഷം അവർ പറഞ്ഞു, സാധാരണയായി ബിൽ 8,000 ഡോളറായിരിക്കും. എന്നാൽ ഇൻഷുറൻസ് ഇളവുകളും ക്രമീകരണങ്ങളും കഴിഞ്ഞാൽ 2,500 ഡോളർ നിങ്ങൾ നൽകണം. 2,500 ഡോളറോ? ഞാൻ ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് പരിശോധിച്ചു. ഏകദേശം 1,200 ഡോളറാണ് ടിക്കറ്റ് നിരക്ക്. ഇന്ത്യയിൽ പോയി ചികിത്സ നടത്തിയാൽ പല്ല് പൂർണമായി വൃത്തിയാക്കുന്നതുൾപ്പെടെ എല്ലാം ചെയ്യാം. ഈ പൊട്ടിയ പല്ലും ശരിയാക്കണമെന്നും നിതിൻ പറഞ്ഞു.
പോസ്റ്റിനൊപ്പം നൽകിയ കണക്കനുസരിച്ച് 2,500 ഡോളർ ഏകദേശം 2.37 ലക്ഷം രൂപ വരും. ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് പോകുന്നതാണോ കൂടുതൽ ഉചിതമെന്നും നിതിൻ സമൂഹമാധ്യമ ഉപയോക്താക്കളോട് ചോദിച്ചു. നിങ്ങളുടെ അഭിപ്രായത്തിൽ ഞാൻ പല്ലിന്റെ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് പോകണമോ, അതോ അമേരിക്കയിൽ തന്നെ ചികിത്സ നടത്തണമോ? അമേരിക്കയിൽ ഒരു ദന്തചികിത്സയ്ക്ക് മാത്രം 2,500 ഡോളർ ചെലവാകും. അതേസമയം ഇന്ത്യയിൽ റൂട്ട് കനാൽ ചികിത്സ, പല്ല് വൃത്തിയാക്കൽ, പൂർണ ദന്തപരിചരണം എന്നിവ 10,000 മുതൽ 15,000 രൂപയ്ക്കുള്ളിൽ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
വീഡിയോയ്ക്ക് നിരവധി പ്രതികരണങ്ങളാണ് ലഭിച്ചത്. അമേരിക്കയിലെയും ഇന്ത്യയിലെയും ചികിത്സാ ചെലവിലെ വലിയ വ്യത്യാസത്തെക്കുറിച്ചായിരുന്നു പലരുടെയും പ്രതികരണം. ഈ സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതാണ് നല്ലതെന്നും ഒരാൾ കുറിച്ചു. അമേരിക്കയിലെ ദന്തചികിത്സ വളരെ ചെലവേറിയതാണ് എന്ന് മറ്റൊരാൾ പ്രതികരിച്ചു. അമേരിക്കയിലെ ആരോഗ്യപരിചരണ ചെലവ് മറ്റൊരു തലത്തിലാണെന്നും മൂന്നാമതൊരാൾ പറഞ്ഞു. ചികിത്സയെക്കാൾ വിമാന ടിക്കറ്റിന് ചെലവ് കുറവാണെന്നും മറ്റൊരാൾ നിതിന്റെ താരതമ്യത്തെ പിന്തുണച്ച് കുറിച്ചു.
An Indian man who has been living in the United States for the past 15 years has sparked a discussion online after sharing the high cost he was quoted for dental treatment










