‘ഇപ്പോഴും ഭയത്തിലാണ്’; ബംഗാളിൽ ക്രൈസ്തവ കുടുംബങ്ങളെ വീടുകളിൽനിന്ന് വലിച്ചിറക്കി മർദിച്ചു, പൂജാച്ചടങ്ങുകൾ ചെയ്യിച്ചെന്ന് പരാതി

പശ്ചിമ ബംഗാളിലെ പശ്ചിമ മേദിനിപുർ ജില്ലയിൽ മൂന്ന് ക്രിസ്ത്യൻ കുടുംബങ്ങൾക്കു നേരെ ആക്രമണം. ഒരു സ്ത്രീയെ പരസ്യമായി ശുദ്ധിക്രിയയുടെ പേരിൽ കുളിപ്പിച്ചെന്നും മൂന്ന് കുടുംബങ്ങളെയും ദുർഗാപൂജാ പന്തലിലെത്തി പൂജാചടങ്ങിൽ പങ്കെടുക്കാൻ നിർബന്ധിച്ചെന്നും പരാതി. ആക്രമണത്തിന് ഇരയായ കുടുംബങ്ങൾ ഇപ്പോഴും ഭീതിയിലാണെന്ന് അറിയിച്ചു. ഒക്ടോബർ 18, 19, 20 തീയതികളിൽ ചന്ദ്രകോണ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവങ്ങൾ നടന്നത്. കുടുംബങ്ങളുടെ വീടുകൾക്കു സമീപം പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വീണ്ടും ആക്രമണമുണ്ടാകുമെന്ന ആശങ്കയിലാണ് ഇവർ. കൊലപാതകശ്രമം, ക്രിമിനൽ ഭീഷണി, സ്ത്രീയുടെ മാന്യതയെ അപമാനിക്കൽ, കവർച്ച തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തു.

ഒക്ടോബർ 18ന് ഉച്ചകഴിഞ്ഞ് 3.30ഓടെ ഒരു സംഘം വീട്ടിലെത്തി തന്നെയും ഭർത്താവിനെയും വലിച്ചിഴച്ച് പുറത്തുകൊണ്ടുവന്ന് മർദിച്ചതായി 40കാരിയായ പരാതിക്കാരി ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. മർദനത്തിൽ നിലത്തുവീണ തന്നെ സംഘം വസ്ത്രങ്ങൾ കീറുകയും തുളസിയിലയും കൂവളയിലയും കഴിക്കാൻ നിർബന്ധിക്കുകയും ചെയ്തുവെന്നാണ് ആരോപണം. തുടർന്ന് ശുദ്ധിക്രിയയുടെ പേരിൽ എല്ലാവരും നോക്കിനിൽക്കെ ശരീരത്തിൽ വെള്ളമൊഴിച്ചെന്നും സ്ത്രീ പറഞ്ഞു. വീട്ടിലിരുന്ന് ചെമ്പാഭരണങ്ങൾ നിർമിച്ചാണ് ഇവരും 50കാരനായ ഭർത്താവും ഉപജീവനം നടത്തുന്നത്.

കുടുംബാംഗങ്ങളോട് മതവിശ്വാസം ഉപേക്ഷിക്കാനും അക്രമികൾ സമ്മർദം ചെലുത്തിയതായി പരാതിയിൽ പറയുന്നു. പിന്നീട് സമീപത്തെ മറ്റ് രണ്ട് ക്രിസ്ത്യൻ കുടുംബങ്ങളുടെ വീടുകളിലെത്തി അംഗങ്ങളെ മർദിക്കുകയും 20,000 രൂപ കവർന്നെടുക്കുകയും ചെയ്തെന്നാണ് ആരോപണം. പൊലീസിനെ സമീപിക്കരുതെന്നും ഭീഷണിപ്പെടുത്തി. ആദ്യഘട്ടത്തിൽ 100ൽ വിളിച്ചതിനെത്തുടർന്ന് എത്തിയ പൊലീസ് സംഘം മൊഴി വാമൊഴിയായി കേട്ടശേഷം മടങ്ങിയതായി പരാതിക്കാരി പറഞ്ഞു. ഒക്ടോബർ 19ന് രാവിലെ പൊലീസിനെ വിളിച്ചതിലുള്ള പ്രകോപനത്തിൽ സംഘം വീണ്ടും എത്തി തൊട്ടടുത്ത ഗ്രാമത്തിലെ ദുർഗാപൂജാ പന്തലിലേക്ക് കൊണ്ടുപോയി അഞ്ജലി അർപ്പിക്കാൻ നിർബന്ധിച്ചെന്നും അവർ ആരോപിച്ചു. നാട്ടുകാർ നോക്കിനിൽക്കെയായിരുന്നു സംഭവം. ഭയന്ന് വീടുകളിൽ കയറി വാതിലടച്ചതായും പരാതിയിൽ പറയുന്നു.

മറ്റ് രണ്ട് കുടുംബങ്ങളിലൊന്നിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും അക്രമികൾ ഉപദ്രവിച്ചതായി പരാതിക്കാരി ആരോപിച്ചു. ഒക്ടോബർ 20ന് മൂന്ന് കുടുംബങ്ങളിലെയും പുരുഷന്മാരെ ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. ഭയന്ന് പുറത്തിറങ്ങാനാകാത്ത സാഹചര്യത്തിൽ മൂന്ന് പെൺകുട്ടികളെ ബന്ധുവീട്ടിലേക്ക് അയച്ചതായും പിന്നീട് പൊലീസ് എത്തി കുടുംബങ്ങളെ ആശുപത്രിയിലെത്തിച്ചതിനു ശേഷമാണ് ഔദ്യോഗിക പരാതി നൽകിയതെന്നും സ്ത്രീ പറഞ്ഞു. നിലവിൽ വീടുകൾക്കു പുറത്ത് നാല് പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.

എന്നാൽ ഇപ്പോഴും ഭീഷണി കോളുകൾ വരുന്നുണ്ടെന്ന് കുടുംബം പറയുന്നു. “പൊലീസ് ഒരിക്കൽ മടങ്ങിപ്പോകും. അതിനുശേഷം ഞങ്ങൾ എന്തുചെയ്യും? സ്വന്തം വീട്ടിൽ സമാധാനത്തോടെ ജീവിക്കാനാണ് ആഗ്രഹം,” എന്നും പരാതിക്കാരി പറഞ്ഞു. ഒക്ടോബർ 20ന് പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്നും എന്നാൽ പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കുടുംബങ്ങൾ ഭീതിയിലാണെന്നും കുടുംബങ്ങളെ സഹായിച്ച കൽക്കട്ട ഹൈക്കോടതിയിലെ അഭിഭാഷകൻ വ്യക്തമാക്കി.

കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പശ്ചിമ മേദിനിപുർ പൊലീസ് സൂപ്രണ്ട് പാപിയ സുൽത്താന അറിയിച്ചു. കുടുംബങ്ങൾ സുരക്ഷിതരല്ലെന്ന് അറിയിച്ചതിനെത്തുടർന്ന് പൊലീസ് വീട്ടിലെത്തി പരാതി സ്വീകരിച്ചെന്നും വീടുകൾക്കു സമീപം പൊലീസ് പിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും കൂടുതൽ അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

Three Christian families were allegedly assaulted, one of them was forced to take a purification bath in public, and all were made to perform a ritual at a Durga puja pandal in West Bengal’s West Midnapore district.

More Stories from this section

family-dental
witywide