
മസ്കറ്റ് / ന്യൂഡൽഹി: പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങൾക്കിടയിൽ ഒമാൻ തീരത്ത് വീണ്ടും ചരക്കുകപ്പലിന് നേരെ ആക്രമണം. ഷിനാസ് തുറമുഖത്തിന് സമീപമാണ് പുതിയ ആക്രമണം ഉണ്ടായതെന്ന് ഒമാനിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. ഗിനിയ-ബിസാവു പതാകയുള്ള ‘എംടി ജൽവീർ’ എന്ന കപ്പലിന് നേരെയാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇന്ത്യൻ ജീവനക്കാരുള്ള കപ്പലുകൾക്ക് നേരെ ഒമാൻ തീരത്തുണ്ടാകുന്ന തുടർച്ചയായ മൂന്നാമത്തെ ആക്രമണമാണിത്. കപ്പലിലെ ജീവനക്കാരുടെ സുരക്ഷയും നിലവിലെ സ്ഥിതിയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് ഒമാനിലെ ഇന്ത്യൻ എംബസി ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ അറിയിച്ചു. വിവരങ്ങൾക്കായി പ്രാദേശിക അധികാരികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എംബസി വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മറ്റ് രണ്ട് ആക്രമണങ്ങൾ മേഖലയെ കൂടുതൽ വലിമുറുക്കത്തിലാക്കിയിട്ടുണ്ട്. ജൂൺ 9ന് ഒമാൻ തീരത്ത് ‘എംടി സെറ്റബെല്ലോ’ എന്ന ഇന്ധന ടാങ്കറിന് നേരെ യുഎസ് സൈന്യം നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ നാവികർ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തിരുന്നു. ഇതിൽ ഇന്ത്യ അമേരിക്കയോട് കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ജൂൺ 8ന് ‘എംടി മാരിവെക്സ്’ എന്ന കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തെ തുടർന്ന് അതിലുണ്ടായിരുന്ന 24 ഇന്ത്യൻ ജീവനക്കാരെ ഒമാൻ കോസ്റ്റ് ഗാർഡ് സുരക്ഷിതമായി രക്ഷപ്പെടുത്തിയിരുന്നു.
അന്താരാഷ്ട്ര സമുദ്രപാതയിലെ ഇത്തരം തുടർച്ചയായ ആക്രമണങ്ങളിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കടുത്ത ആശങ്ക രേഖപ്പെടുത്തി. മേഖലയിലെ നാവികരുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഇടപെടലുകൾ നടത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.
Another attack on a ship off the coast of Oman; Indian Embassy confirms that there are Indian crew on board














