
മസ്‌കറ്റ്: ഒമാൻ തീരത്ത് ഒമാൻ ഉൾക്കടലിൽ ചരക്കുകപ്പലിന് നേരെ ബുധനാഴ്ചയുണ്ടായ മിസൈൽ ആക്രമണത്തിൽ 21 ഇന്ത്യൻ നാവികരെ പരിക്കേൽക്കാതെ രക്ഷപ്പെടുത്തി. എന്നാൽ കപ്പലിലുണ്ടായിരുന്ന മറ്റ് മൂന്ന് ഇന്ത്യൻ നാവികരെ കടലിൽ കാണാതായതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. കപ്പലിന് നേരെ നടന്ന ദാരുണമായ ഈ ആക്രമണത്തെ കേന്ദ്ര സർക്കാർ ശക്തമായ ഭാഷയിൽ അപലപിച്ചു. പലാവു രാജ്യത്തിന്റെ പതാകയേന്തിയ ‘സെറ്റെബെല്ലോ’ എന്ന ഓയിൽ ടാങ്കറിന് നേരെയാണ് ഹോർമുസ് കടലിടുക്കിന് സമീപം മിസൈൽ ആക്രമണമുണ്ടായത്. മിസൈൽ കപ്പലിന്റെ എൻജിൻ റൂമിലേക്ക് നേരിട്ട് തുളച്ചുകയറുകയും ഇതിനെത്തുടർന്ന് കപ്പലിൽ വലിയ രീതിയിൽ തീപിടിത്തം ഉണ്ടാകുകയുമായിരുന്നു.
കപ്പലിന് തീപിടിച്ചതോടെ ജീവനക്കാർ അടിയന്തിര സഹായ സന്ദേശം പുറപ്പെടുവിക്കുകയായിരുന്നു. തുടർന്ന് ഒമാൻ അധികൃതരുടെ സഹായത്തോടെ നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് 21 ഇന്ത്യക്കാരെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചത്. കാണാതായ മൂന്ന് ഇന്ത്യൻ നാവികർക്കായി ഒമാൻ കോസ്റ്റ് ഗാർഡും സുരക്ഷാസേനയും കടലിൽ വിപുലമായ തിരച്ചിൽ നടത്തിവരികയാണ്. ഒമാനിലെ ഇന്ത്യൻ എംബസി സജീവമായി രംഗത്തുണ്ടെന്നും ഒമാൻ അധികൃതരുമായി ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി ഏജൻസിയായ ‘ആംബ്രെ’ നൽകുന്ന സൂചനയനുസരിച്ച്, ഇറാന്റെ എണ്ണക്കപ്പലുകളെ ലക്ഷ്യമിട്ട് അമേരിക്കൻ നാവികസേന ഈ മേഖലയിൽ നടത്തുന്ന ശക്തമായ കടൽ ഉപരോധത്തിന്റെ ഭാഗമായാണ് ഈ ആക്രമണവും നടന്നത്. സാധാരണയായി ഇത്തരം സൈനിക നടപടികളിൽ കപ്പലിലെ ജീവനക്കാരെ മുന്നിലെ അണിയത്തേക്ക് മാറ്റിയ ശേഷമാണ് കപ്പലിന്റെ എൻജിൻ ഭാഗമായ പിൻഭാഗത്തേക്ക് മിസൈൽ തൊടുക്കാറുള്ളത്.
മേഖലയിൽ യുഎസും ഇറാനും തമ്മിലുള്ള നാവിക യുദ്ധം കടുത്തതോടെ ലോകത്തിലെ ഏറ്റവും തിരക്കേറിയ ഈ കപ്പൽപ്പാത അതീവ അപകടകരമായി മാറിയിരിക്കുകയാണ്. മേയ് ഒടുവിലും ജൂൺ ആദ്യവാരത്തിലും കുവൈത്ത്, യുഎഇ, ഒമാൻ തീരങ്ങളിൽ സമാനമായ രീതിയിൽ നിരവധി കപ്പലുകൾക്ക് നേരെ ആക്രമണങ്ങളുണ്ടായിട്ടുണ്ട്. യുഎസ് സെൻട്രൽ കമാൻഡിന്റെ കണക്കുകൾ പ്രകാരം ജൂൺ 8 വരെയുള്ള പരിശോധനകളിൽ നിയമം ലംഘിച്ച 7 കപ്പലുകൾ യുഎസ് സേന തകർക്കുകയും നൂറിലധികം കപ്പലുകൾ മറ്റ് റൂട്ടുകളിലേക്ക് തിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.













