അമേരിക്കയും ഇറാനും രണ്ട് ആഴ്ച നീണ്ട ആക്രമണങ്ങൾക്ക് ശേഷം വാരാന്ത്യത്തിൽ സൈനിക നടപടികൾ താൽക്കാലികമായി നിർത്തിവെച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില നാല് ശതമാനത്തിലേറെ ഇടിഞ്ഞു. സംഘർഷം നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കാനാകുമെന്ന പ്രതീക്ഷയാണ് എണ്ണവിലയിൽ ഇടിവുണ്ടാക്കിയത്. തിങ്കളാഴ്ച ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് ബാരലിന് 3.96 ഡോളർ (4.1%) ഇടിഞ്ഞ് 92.82 ഡോളറിലെത്തി. അമേരിക്കൻ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡിന്റെ വില ബാരലിന് 4.02 ഡോളർ (4.5%) കുറഞ്ഞ് 85.29 ഡോളറായും താഴ്ന്നു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പൽ ഗതാഗതം തടസപ്പെട്ടതും ചെങ്കടലിലേക്കും സംഘർഷം വ്യാപിച്ചതും മൂലം കഴിഞ്ഞ ദിവസങ്ങളിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 100 ഡോളർ വരെ ഉയർന്നിരുന്നു. എന്നാൽ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നയതന്ത്ര ശ്രമങ്ങൾക്ക് അവസരം നൽകാൻ അമേരിക്കൻ ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതായി യു.എന്നിലെ അമേരിക്കൻ സ്ഥാനപതി മൈക്ക് വാൾട്സ് അറിയിച്ചു. സംഘർഷം ശമിക്കുമെന്ന പ്രതീക്ഷയാണ് വിപണിയെ സ്വാധീനിച്ചതെന്ന് വിപണി വിദഗ്ധർ വിലയിരുത്തി. എന്നിരുന്നാലും, വാരാന്ത്യത്തിൽ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ ചരക്കുകപ്പലുകളുടെ എണ്ണം ഇപ്പോഴും വളരെ കുറവാണെന്ന് കപ്പൽഗതാഗത വിവരങ്ങൾ വ്യക്തമാക്കുന്നു.
സുരക്ഷയെക്കുറിച്ച് കൂടുതൽ ഉറപ്പുണ്ടാകുന്നതുവരെ കപ്പൽ കമ്പനികൾ സാധാരണ നിലയിലേക്ക് മടങ്ങാൻ സാധ്യത കുറവാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. ഇതിനിടെ, ചെങ്കടൽ തീരത്തെ സൗദി അറേബ്യയുടെ എണ്ണസ്ഥാപനങ്ങൾക്കെതിരെ ഹൂതികൾ ആക്രമണം നടത്തിയതോടെ ബാബ് അൽ-മന്ദബ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതവും ബാധിച്ചു. അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷവും റഷ്യ–യുക്രൈൻ യുദ്ധവും തുടരുന്നതിനാൽ എണ്ണവിതരണത്തിൽ തടസ്സം നേരിട്ടാൽ ആഗോള എണ്ണവില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നും വിപണി വിദഗ്ധർ മുന്നറിയിപ്പ് നൽകി. യുക്രൈൻ വാരാന്ത്യത്തിൽ റഷ്യയിലെ നിരവധി എണ്ണസ്ഥാപനങ്ങൾ ആക്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.
Oil slips 4% after US, Iran pause fighting over weekend













