
വാഷിംഗ്ടൺ: സമാധാന ചർച്ചകളിലൂടെ കരാറിലെത്താൻ സാധിച്ചില്ലെങ്കിൽ പുതുവർഷത്തിന് ശേഷം ഇറാനെതിരെ വീണ്ടും സൈനിക ആക്രമണമുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. നയതന്ത്ര ശ്രമങ്ങൾ പരാജയപ്പെട്ടാൽ ടെഹ്റാനെതിരെ സൈനിക നടപടിക്ക് തന്നെയാണ് യുഎസ് മുൻഗണന നൽകുന്നതെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ചർച്ചകളിൽ ഇറാൻ യാതൊരു പുരോഗതിയും കാണിക്കുന്നില്ലെന്ന് ട്രംപ് ആരോപിച്ചു. കൃത്യമായ ഉറപ്പുകൾ നൽകാതെ ചർച്ചകൾ വലിച്ചുനീട്ടുന്ന ഇറാൻ നയതന്ത്ര പ്രതിനിധികളെ “പ്രൊഫഷണൽ ടാപ്പ് ഡാൻസർമാർ” (വെറുതെ സമയം കളയുന്നവർ) എന്നാണ് ട്രംപ് പരിഹസിച്ചത്. “അവർ എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കും, സംസാരം മാത്രമേയുള്ളൂ, എല്ലാം വെറും തട്ടിപ്പാണ്. നാവിക ഉപരോധം ലംഘിക്കാൻ ഇറാനിയൻ ടാങ്കറുകൾ ശ്രമിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഇറാന്റെ നാവികസേനയെപ്പോലെ അവയും കടലിന്റെ അടിത്തട്ടിലായിരിക്കും,” ട്രംപ് പറഞ്ഞു.
ഇറാൻ തുറമുഖങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം തുടരുന്നതിനിടയിലും ഹോർമുസ് കടലിടുക്കിൽ സംഘർഷം രൂക്ഷമാകുന്നതിനിടയിലുമാണ് ട്രംപിന്റെ ഈ രൂക്ഷപ്രതികരണം. ഇരുരാജ്യങ്ങളുടെയും സേനകൾ തമ്മിൽ ഇനിയും പരസ്പരമുള്ള ആക്രമണങ്ങൾ ഉണ്ടായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം, അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായ ന്യായമായ വ്യവസ്ഥകൾ വാഷിംഗ്ടൺ അംഗീകരിക്കുകയാണെങ്കിൽ ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നുകൊടുക്കാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. “ഇറാന്റെ ആവശ്യങ്ങൾ അംഗീകരിക്കപ്പെടാത്ത കാലത്തോളം ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ അർത്ഥശൂന്യമാണ്. ചർച്ചകൾക്ക് ഞങ്ങൾ തയ്യാറാണ്, അതുപോലെ തന്നെ സ്വയം പ്രതിരോധിക്കാനും സജ്ജരാണ്,” അദ്ദേഹം പറഞ്ഞു.
എല്ലാ മേഖലകളിലുമുള്ള യുദ്ധം അവസാനിപ്പിക്കുക, മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ വിട്ടുനൽകുക, എണ്ണ ഉപരോധങ്ങൾ പിൻവലിക്കുക, ഇറാൻ തുറമുഖങ്ങളിലെ യുഎസ് ഉപരോധം നീക്കുക എന്നിവയാണ് ടെഹ്റാൻ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങൾ. യുദ്ധം ആരംഭിച്ചതുമുതൽ ലോകത്തിലെ എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇറാൻ തടസ്സപ്പെടുത്തിയിരിക്കുകയാണ്.
Trump threatens war on Iran again















