
ലണ്ടൻ: യുകെയിൽ നാലാമത്തെ കുഞ്ഞിന് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ മലയാളി നഴ്സ് മണിക്കൂറുകൾക്കകം കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിനിയായ ചിഞ്ചു മമ്പള്ളിൽ തോമസ് (34) ആണ് യുകെയിലെ ലിങ്കൺഷെയറിലുള്ള ബോസ്റ്റണിൽ അന്തരിച്ചത്. പാലക്കാട് കാരകുറുശ്ശി സ്വദേശിയായ എമിൽ ജോസ് ആണ് ഭർത്താവ്.
ജൂലൈ 6-നാണ് ചിഞ്ചുവിനെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജൂലൈ 7-ന് ഉച്ചയോടെ ആരോഗ്യവാനായ ഒരു ആൺകുഞ്ഞിന് ചിഞ്ചു ജന്മം നൽകി. പ്രസവശേഷം അമ്മയും കുഞ്ഞും പൂർണ്ണ ആരോഗ്യവാൻമാരായിരുന്നു. തുടർന്ന് ആശുപത്രി അധികൃതരുടെ അനുമതിയോടെ ഇരുവരും വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ വീട്ടിലെത്തി മണിക്കൂറുകൾക്കകം ചിഞ്ചുവിന് അപ്രതീക്ഷിതമായി കടുത്ത അസ്വസ്ഥത അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നാല് വർഷം മുൻപാണ് ചിഞ്ചു നഴ്സായി യുകെയിലെ ബോസ്റ്റൺ പിൽഗ്രിം എൻഎച്ച്എസ് ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്. കഠിനാധ്വാനത്തിലൂടെ ഒരു വർഷം മുൻപാണ് ഇവർ ബോസ്റ്റണിൽ സ്വന്തമായി ഒരു വീട് വാങ്ങി താമസം തുടങ്ങിയത്. ആഗ്രഹിച്ചു വാങ്ങിയ പുതിയ വീട്ടിലേക്ക് നാലാമത്തെ കൺമണിയുമായി എത്തിയ ചിഞ്ചുവിൻ്റെ അപ്രതീക്ഷിത വേർപാട് യുകെയിലെ മലയാളി സമൂഹത്തെയും ഉറ്റവരെയും വലിയ ആഘാതത്തിലാഴ്ത്തിയിരിക്കുകയാണ്.
നാല് ചെറിയ മക്കളെയും ഭർത്താവിനെയും മാതാപിതാക്കളെയും തനിച്ചാക്കിയാണ് ചിഞ്ചു വിടപറഞ്ഞത്. മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷമേ സംസ്കാര ചടങ്ങുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകൂ എന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Malayali nurse in UK dies tragically after collapsing within hours of returning home after giving birth to fourth child















