അമേരിക്കയിൽ സിഖ്, ഹിന്ദു വിരുദ്ധ അതിക്രമങ്ങൾ വർദ്ധിക്കുന്നു; ആശങ്കയറിയിച്ച് എഫ്.ബി.ഐ റിപ്പോർട്ട്

വാഷിംഗ്ടൺ: അമേരിക്കയിൽ സിഖ്, ഹിന്ദു വിഭാഗങ്ങൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ ആശങ്കാജനകമായി തുടരുന്നതായി ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.ഐ) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 2025-ൽ മാത്രം രാജ്യത്ത് 189 സിഖ് വിരുദ്ധ അതിക്രമങ്ങളും 32 ഹിന്ദു വിരുദ്ധ അതിക്രമങ്ങളും ഔദ്യോഗികമായി രേഖപ്പെടുത്തിയതായി എഫ്.ബി.ഐയുടെ ‘റിപ്പോർട്ടഡ് ക്രൈംസ് ഇൻ ദ നേഷൻ’ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ, ഇതിൽ ഇന്ത്യൻ വംശജരെ ലക്ഷ്യമിട്ടു നടന്ന അതിക്രമങ്ങളുടെ കൃത്യമായ എണ്ണം വേർതിരിച്ചു നൽകിയിട്ടില്ല.

മതവിദ്വേഷം മുൻനിർത്തി അമേരിക്കയിൽ നടന്ന ആകെ 2,703 കുറ്റകൃത്യങ്ങളിൽ 7 ശതമാനവും സിഖ് സമൂഹത്തിന് നേരെയായിരുന്നു. ഹിന്ദു വിരുദ്ധ വിദ്വേഷ അതിക്രമങ്ങൾ 1.2 ശതമാനമാണ്. ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ടത് ജൂത സമൂഹമാണ് (62.3 ശതമാനം). തൊട്ടുപിന്നിൽ മുസ്ലിം വിരുദ്ധ അതിക്രമങ്ങളും (9.6 ശതമാനം) സിഖ് വിരുദ്ധ അതിക്രമങ്ങളുമാണ്.

ഇന്ത്യൻ വംശജരുടെ കണക്കുകളിൽ വ്യക്തതയില്ല

അമേരിക്കയിലെ പ്രാദേശിക ഭരണകൂടങ്ങൾ കുറ്റകൃത്യങ്ങളെ തരംതിരിക്കുന്നതിലെ വ്യത്യാസം കാരണം അതിക്രമങ്ങൾക്ക് ഇരയായ ഇന്ത്യൻ വംശജരുടെ കൃത്യമായ എണ്ണം ലഭ്യമായിട്ടില്ല. ഇന്ത്യൻ അമേരിക്കക്കാരെ റിപ്പോർട്ടിൽ ഒരു പ്രത്യേക വംശീയ ഗ്രൂപ്പായി കണക്കാക്കാത്തതിനാൽ, ഇവർ നേരിട്ട അതിക്രമങ്ങൾ ഏഷ്യൻ വിരുദ്ധ, ഹിന്ദു വിരുദ്ധ അല്ലെങ്കിൽ സിഖ് വിരുദ്ധ വിഭാഗങ്ങളിലാണ് ഉൾപ്പെട്ടിരിക്കുന്നത്. വംശീയ വിദ്വേഷത്തിൻ്റെ പേരിൽ അമേരിക്കയിൽ നടന്ന 7,200 കുറ്റകൃത്യങ്ങളിൽ 5.8 ശതമാനവും (418 കേസുകൾ) ഏഷ്യൻ വംശജർക്കെതിരെയായിരുന്നു.

ആകെ കുറ്റകൃത്യങ്ങളിൽ നേരിയ കുറവ്

അതേസമയം, അമേരിക്കയിലെ ആകെ ഹേറ്റ് ക്രൈംസ് അഥവാ ചില വംശജരോടുള്ള അനിഷ്ടംമൂലമുണ്ടാകുന്ന കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 6.8 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2024-ൽ 11,679 സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് 2025-ൽ അത് 10,881 ആയി കുറഞ്ഞു. റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കുറ്റകൃത്യങ്ങളിൽ 57.3 ശതമാനവും വംശീയ വിദ്വേഷം കാരണമുള്ളവയാണ്. മതവിദ്വേഷം 21.5 ശതമാനവും ലൈംഗിക ആഭിമുഖ്യവുമായി ബന്ധപ്പെട്ടവ 14.6 ശതമാനവുമാണ്.

അക്രമങ്ങളിൽ ഭൂരിഭാഗവും (66.6 ശതമാനം) വ്യക്തികൾക്ക് നേരെ നടന്നവയാണ്. ഇതിൽ ഭീഷണിപ്പെടുത്തലും മർദ്ദനങ്ങളുമാണ് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അമേരിക്കയിലെ 95.3 ശതമാനം ജനസംഖ്യയെയും ഉൾക്കൊള്ളുന്ന 16,791 നിയമപാലക ഏജൻസികളിൽ നിന്നുള്ള വിവരങ്ങൾ ക്രോഡീകരിച്ചാണ് എഫ്.ബി.ഐ ഈ വാർഷിക റിപ്പോർട്ട് തയ്യാറാക്കിയത്.

Anti-Sikh and Hindu violence on the rise in America; FBI report expresses concern

Also Read

More Stories from this section

family-dental
witywide