ടെസ്‌ലയ്ക്ക് വെല്ലുവിളിയായി ചൈന; ചിറകുകളില്ലാതെ ആകാശം കീഴടക്കി പുത്തൻ പറക്കും കാർ !

തിരക്കുപിടിച്ച ജീവിതത്തിൽ എല്ലാം വേഗത്തിൽ ചെയ്തുതീർക്കാനാണ് ഓരോരുത്തരുടേയും നെട്ടോട്ടം. പ്രത്യേകിച്ച് രാവിലെ ഓഫീസിലേക്ക് പോകുമ്പോൾ ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിക്കിടക്കുൾ മിക്കവാറും എല്ലാവരും ആഗ്രഹിക്കാറുള്ള ഒന്നാണ്, “ഈ കാറിനൊന്ന് പറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ” എന്ന്? ആ പഴയ സയൻസ് ഫിക്ഷൻ സ്വപ്നങ്ങളെ യാഥാർത്ഥ്യത്തിലേക്ക് അടുപ്പിക്കുകയാണ് ചൈന. ചിറകുകളോ പുറത്തേക്ക് തള്ളിനിൽക്കുന്ന ഒന്നുംതന്നെയില്ലാതെ വായുവിലേക്ക് കുത്തനെ ഉയർന്ന് പറക്കുന്ന അത്ഭുത വാഹനത്തിന്റെ പരീക്ഷണപ്പറക്കൽ ചൈന വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ്.

ചൈനയിലെ ചാങ്ഷയിൽ നടന്ന ഈ പരീക്ഷണ പറക്കലിന്റെ ദൃശ്യങ്ങൾ ഇന്ത്യയിലെ ചൈനീസ് അംബാസഡർ സു ഫെയ്‌ഹോങ് പങ്കുവെച്ചതോടെ ലോകമെമ്പാടുമുള്ള വാഹനപ്രേമികൾ ആവേശത്തിലാണ്. സാധാരണ വിമാനങ്ങളെപ്പോലെ പറന്നുയരാൻ നീളമുള്ള റൺവേയൊന്നും ഈ കൊച്ചുവാഹനത്തിന് ആവശ്യമില്ല. വീടിന്റെ മുറ്റത്തുനിന്നോ റോഡിൽ നിന്നോ ഒരു ഹെലികോപ്റ്റർ പോലെ കുത്തനെ മുകളിലേക്ക് ഉയരാനും, ആകാശത്ത് തങ്ങിനിന്ന് ദിശ മാറാനും, ഒടുവിൽ ഒരു പക്ഷിയെപ്പോലെ സുഗമമായി നിലത്തിറങ്ങാനും ഇതിന് സാധിക്കും.

പറക്കും കാറുകളെക്കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിൽ വരുന്നത് വലിയ ചിറകുകളോ, അപകടകരമാംവിധം കറങ്ങുന്ന വലിയ പ്രൊപ്പല്ലറുകളോ ഉള്ള വാഹനങ്ങളാണ്. തിരക്കേറിയ നഗരങ്ങളിൽ ഇവ പറത്തുന്നത് വലിയ സുരക്ഷാ ഭീഷണിയാണ്. എന്നാൽ ചൈനീസ് എഞ്ചിനീയർമാർ ഇവിടെയൊരു ബുദ്ധിപരമായ മാറ്റം വരുത്തിയിരിക്കുന്നു.

ഈ കാറിന്റെ ഫാനുകളും റോട്ടർ ബ്ലേഡുകളും വാഹനത്തിന്റെ ബോഡിക്കുള്ളിൽ പൂർണ്ണമായും ഒളിപ്പിച്ചുവെച്ചിരിക്കുകയാണ് പുറമെ നിന്ന് നോക്കിയാൽ ഇതൊരു സാധാരണ ചെറുകാർ പോലെ തോന്നും. ബ്ലേഡുകൾ ഉള്ളിലായതുകൊണ്ട് തന്നെ നഗരങ്ങളിലെ കെട്ടിടങ്ങൾക്കിടയിലൂടെയും തിരക്കേറിയ ഇടങ്ങളിലൂടെയും അപകടഭയമില്ലാതെ താഴ്ന്നു പറക്കാൻ ഇതിന് കഴിയും. ഒരാൾക്ക് മാത്രം സഞ്ചരിക്കാവുന്ന ഈ വാഹനത്തിന് 280 കിലോഗ്രാം ഭാരവും, 120 കിലോഗ്രാം വരെ ഭാരം വഹിക്കാനുള്ള ശേഷിയുമുണ്ട്.

ആകാശയാത്രയുടെ ഈ പുതിയ വിപ്ലവത്തിൽ ചൈന മാത്രമല്ല ഉള്ളത്. മറുഭാഗത്ത് ഇലോൺ മസ്‌കിന്റെ ടെസ്‌ലയും സമാനമായ പരീക്ഷണങ്ങളുമായി സജീവമാണ്. ചൈന എൻക്ലോസ്ഡ് ഫാനുകളിലൂടെ സുരക്ഷിതമായ നഗരയാത്രകൾ ലക്ഷ്യമിടുമ്പോൾ, സ്പേസ് എക്സിന്റെ റോക്കറ്റ് സാങ്കേതികവിദ്യയായ ‘കോൾഡ്-ഗ്യാസ് എയർ ത്രസ്റ്ററുകൾ’ ഉപയോഗിച്ച് അതിവേഗത്തിൽ വായുവിലേക്ക് കുതിച്ചുയരുന്ന റോഡ്‌സ്റ്റർ കാറുകളാണ് ടെസ്‌ല 2026 ഒക്ടോബറിൽ അവതരിപ്പിച്ചത്.

സാങ്കേതികവിദ്യയുടെ ഈ മത്സരം സാധാരണക്കാരന് നൽകുന്ന പ്രതീക്ഷ ചെറുതല്ല. വരും വർഷങ്ങളിൽ നഗരങ്ങളിലെ ഗതാഗതക്കുരുക്കുകൾക്ക് മുകളിലൂടെ പറന്നുപോകുന്ന കാറുകൾ ഒരുപക്ഷേ നിത്യജീവിതത്തിന്റെ ഭാഗമായേക്കാം!

China poses a challenge to Tesla: a new flying car conquers the skies—no wings, and no runway needed

More Stories from this section

family-dental
witywide