യുദ്ധനഷ്ടപരിഹാരമായി അമേരിക്ക 290 ബില്യൺ ഡോളർ നൽകണമെന്ന് ഇറാൻ കോടതി; തുക ഈടാക്കാൻ യുഎസ് ബന്ധമുള്ള ചരക്കുകപ്പലുകൾ പിടിച്ചെടുക്കുമെന്ന് ഭീഷണി

ടെഹ്‌റാൻ: ഒൻപത് മാസം മുൻപ് അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനെതിരെ ആരംഭിച്ച യുദ്ധത്തിലും, അതിനുമുൻപുള്ള ദശാബ്ദങ്ങളിലും ഉണ്ടായ നാശനഷ്ടങ്ങൾക്ക് പരിഹാരമായി അമേരിക്ക 290 ബില്യൺ ഡോളർ (ഏകദേശം 24 ലക്ഷം കോടിയിലധികം രൂപ) നൽകണമെന്ന് ഇറാൻ നീതിന്യായ വിഭാഗം ഉത്തരവിട്ടു. അമേരിക്കയിൽ നിന്ന് ഈ തുക ഈടാക്കാൻ രാജ്യത്തെ ആഭ്യന്തര കോടതികൾ വിധി പുറപ്പെടുവിച്ചതായി ഇറാൻ ജുഡീഷ്യറി ഉദ്യോഗസ്ഥൻ തിങ്കളാഴ്ച അറിയിച്ചു.

അമേരിക്കയ്ക്കെതിരെ 290 ബില്യൺ ഡോളർ നഷ്ടപരിഹാരം വിധിച്ചുകൊണ്ടുള്ള കോടതി ഉത്തരവുകൾ നേടിയെടുത്തതായി ജുഡീഷ്യറിയുടെ സെന്റർ ഫോർ ലോയേഴ്‌സ് മേധാവി ഹസ്സൻ അബ്ദോലിയൻപൂർ ഔദ്യോഗിക ടെലിവിഷനിലൂടെ വ്യക്തമാക്കി. ഇറാനെതിരെ ആക്രമണം നടത്താൻ അമേരിക്കയ്ക്ക് തങ്ങളുടെ മണ്ണ് വിട്ടുനൽകിയ പേർഷ്യൻ ഗൾഫ് അറബ് രാജ്യങ്ങൾക്കെതിരെയും നിരവധി കേസുകൾ ഫയൽ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. പതിറ്റാണ്ടുകളായി അമേരിക്ക ഇറാനെതിരെ നടത്തിവരുന്ന നടപടികളും ഉപരോധങ്ങളും സൃഷ്ടിച്ച നഷ്ടങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ഈ തുക കണക്കാക്കിയിരിക്കുന്നത്.

അതേസമയം, അമേരിക്കയുമായി ബന്ധമുള്ള നിരവധി ചരക്കുകപ്പലുകൾ പിടിച്ചെടുത്തതായും, ഇറാന് ലഭിക്കേണ്ട നഷ്ടപരിഹാരത്തിന്റെ ഒരു ഭാഗം ഈ കപ്പലുകളിലൂടെ ഈടാക്കുമെന്നും ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.ഐ.ബി തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു. എന്നാൽ പിടിച്ചെടുത്ത കപ്പലുകളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങളിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മേഖലയിൽ യുദ്ധം രൂക്ഷമായത്. ഇതിനുപുറമെ, ഇറാൻ തുറമുഖങ്ങൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം മറികടക്കാൻ എല്ലാ മാർഗ്ഗങ്ങളും സ്വീകരിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

More Stories from this section

family-dental
witywide