
അമേരിക്കയിലെ ജോർജിയയിൽ ഉപേക്ഷിക്കപ്പെട്ട വീടിന്റെ മുറ്റത്തുണ്ടായ നായ്ക്കളുടെ ആക്രമണത്തിൽ മുൻ സൈനിക അംഗത്തിന് ദാരുണാന്ത്യം. കാർട്ടേഴ്സ്‌വില്ലെയിലെ പ്രദേശത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ അലിസൺ ലിൻ ആൻഡേഴ്സൺ (36) മരിച്ചതായി ജോർജിയ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (ജിബിഐ) പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്ഥിരീകരിച്ചു. നവംബർ 16-നായിരുന്നു സംഭവം. ആക്രമണത്തിന്റെ കൃത്യമായ സാഹചര്യം വ്യക്തമല്ലെങ്കിലും, സംഭവത്തിൽ ഉൾപ്പെട്ട നിരവധി നായ്ക്കളെ ബാർട്ടോ കൗണ്ടി അനിമൽ കൺട്രോൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
താൻ മുത്തശ്ശിയാകാൻ പോകുന്ന വിവരം അറിയാതെയാണ് അലിസൺ മരിച്ചതെന്ന് അവരുടെ 20 വയസ്സുകാരിയായ മകൾ മൈലി ഗാർനർ പറഞ്ഞു. ഗർഭിണിയായ മൈലി താൻ ആദ്യ കുഞ്ഞിനെ ഗർഭം ധരിച്ച വിവരം അറിഞ്ഞിരുന്നെങ്കിൽ അമ്മ ഏറെ സന്തോഷിക്കുമായിരുന്നുവെന്ന് ഓർത്തെടുത്തു. നായ്ക്കളുടെ ഉടമകൾക്ക് അവയുടെ മേൽ നിയന്ത്രണമില്ലാതിരുന്നത് ഹൃദയഭേദകമാണെന്നും അമ്മയ്ക്ക് നീതി ലഭിക്കണമെന്നും മകൾ ആവശ്യപ്പെട്ടു.
മൂന്ന് മക്കളുടെ അമ്മയും 2007-ൽ സൈന്യത്തിൽ ചേർന്നയാളുമായ അലിസണിന് കുടുംബവും അയൽവാസികളും കണ്ണീരോടെ വിട നൽകി. ആരെയും സഹായിക്കാൻ മുന്നിട്ടിറങ്ങുന്ന, ജീവിതത്തെ സ്വന്തം ഇഷ്ടപ്രകാരം സ്നേഹിച്ച വ്യക്തിയായിരുന്നു അലിസൺ എന്ന് കുടുംബം അനുസ്മരിച്ചു. സംഗീതത്തെയും പാട്ടിനെയും പ്രകൃതിയെയും ഏറെ സ്നേഹിച്ചിരുന്ന അലിസൺ വളരെ നല്ല വ്യക്തിയായിരുന്നുവെന്ന് അയൽവാസിയായ ബെറ്റി മാത്തിസണും പറഞ്ഞു.
ഉപേക്ഷിക്കപ്പെട്ട വീടിന്റെ മുറ്റത്തുണ്ടായ സംഭവം പ്രദേശവാസികളെ ഞെട്ടിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. ആക്രമണത്തിൽ ഉൾപ്പെട്ട നായ്ക്കളുടെ കൃത്യമായ എണ്ണം അധികൃതർ പുറത്തുവിട്ടിട്ടില്ലെങ്കിലും സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
US Army Veteran Mauled to Death by Pack of Dogs in Georgia; Pregnant Daughter Seeks Justice















