
അമൃത്‌സർ: അതിർത്തി രക്ഷാ സേനയ്ക്ക് (ബിഎസ്എഫ്) സംഗീതാദരമർപ്പിച്ച് പ്രശസ്ത സംഗീതസംവിധായകൻ എ.ആർ. റഹ്‌മാൻ അട്ടാരി അതിർത്തിയിൽ പ്രത്യേക സംഗീത പരിപാടി അവതരിപ്പിക്കും. ജൂൺ 7 ഞായറാഴ്ച വൈകുന്നേരം 4.30 മുതൽ പഞ്ചാബിലെ അട്ടാരി അതിർത്തിക്ക് സമീപമുള്ള ജെ.സി.പി സ്റ്റേഡിയത്തിൽ നടക്കുന്ന സൈനിക പരേഡിനോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംവിധായകൻ ഇംതിയാസ് അലിയുടെ വരാനിരിക്കുന്ന ചിത്രം ‘മേം വാപസ് ആവുംഗ’യുടെ സംഘമാണ് ‘ജയ് ഹോ – എ ട്രിബ്യൂട്ട് ടു ദ ബ്രേവ്ഹാർട്ട്സ്’ എന്ന പേരിൽ പരിപാടി ഒരുക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് എ.ആർ. റഹ്‌മാനാണ്.
രാജ്യത്തിന്റെ അതിർത്തികൾ കാത്തുസൂക്ഷിക്കാൻ ജീവിതം സമർപ്പിക്കുന്ന ബി.എസ്.എഫ് ജവാൻമാർക്കുള്ള ആദരസൂചകമായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു. അതിർത്തി സംരക്ഷണത്തിൽ സേനാംഗങ്ങൾ പ്രകടിപ്പിക്കുന്ന ധൈര്യം, ത്യാഗം, പ്രതിബദ്ധത എന്നിവയോടുള്ള ഹൃദയസ്പർശിയായ കൃതജ്ഞതയും ആഴത്തിലുള്ള ആദരവും പരിപാടിയിലൂടെ പ്രകടിപ്പിക്കുമെന്ന് അവർ വ്യക്തമാക്കി.
എ.ആർ. റഹ്‌മാനൊപ്പം സംവിധായകൻ ഇംതിയാസ് അലി, നടൻ വേദാങ് റെയ്ന, ചിത്രത്തിലെ ഗായകരായ മോഹിത് ചൗഹാൻ, പൂജ തിവാരി, നർഗിസ് എന്നിവർ പരിപാടിയിൽ പങ്കെടുക്കും. ബിർള സ്റ്റുഡിയോസ്, അപ്ലോസ് എന്റർടൈൻമെന്റ്, മോഹിത് ചൗധരി എന്നിവരുടെ പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരാകും. ഇന്ത്യാ വിഭജനത്തെ തുടർന്ന് വേർപിരിയേണ്ടിവന്ന രണ്ട് പ്രണയിതാക്കളുടെ കഥയാണ് ‘മേം വാപസ് ആവുംഗ’ അവതരിപ്പിക്കുന്നത്. ദിൽജിത് ദോസാഞ്ജ്, നസിറുദ്ദീൻ ഷാ, വേദാങ് റെയ്ന, ശർവരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ജൂൺ 12ന് തിയേറ്ററുകളിലെത്തും.
1947ലെ വിഭജനകാലത്തെ പശ്ചാത്തലമാക്കിയുള്ള ചിത്രത്തെക്കുറിച്ച് സംസാരിക്കവെ, ആ കാലഘട്ടത്തെ ഓർക്കുമ്പോൾ ഏറ്റവും തീവ്രമായി മനസ്സിൽ നിലനിൽക്കുന്നത് യൗവനത്തിന്റെയും പ്രണയത്തിന്റെയും മൃദുലതയാണെന്ന് സംവിധായകൻ ഇംതിയാസ് അലി പി.ടി.ഐയോട് പറഞ്ഞിരുന്നു. വിഭജനത്തെക്കുറിച്ച് പുതുതായി പറയാൻ ഒന്നുമില്ലായിരുന്നെങ്കിൽ താൻ ഈ സിനിമ ഒരുക്കുമായിരുന്നില്ലെന്നും, ഒരു ചരിത്രസംഭവം റിപ്പോർട്ട് ചെയ്യുക മാത്രമല്ല തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. “യുദ്ധത്തിൽ ജയിച്ചാലും തോറ്റാലും ഒടുവിൽ എന്താണ് അവശേഷിക്കുന്നത്? ഒരാളുടെ മനസ്സിൽ എന്താണ് ബാക്കിയാകുന്നത്? അത്തരം ചോദ്യങ്ങളാണ് ഈ സിനിമ അന്വേഷിക്കുന്നത്,” ഇംതിയാസ് അലി പറഞ്ഞു.











