
ന്യൂഡൽഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച യുവജന സംഘടനാ പ്രവർത്തകർക്കും വിദ്യാർഥികൾക്കും നേരെ പൊലീസ് നടത്തിയ കയ്യേറ്റത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി വച്ചാണ് കേന്ദ്ര സർക്കാർ കളിതമാശയാക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
പരീക്ഷാ ചോർച്ചയിലും ക്രമക്കേടുകളിലും വഞ്ചിക്കപ്പെട്ട വിദ്യാർഥികൾക്ക് നീതി ഉറപ്പാക്കുന്നതിന് പകരം, ചോദ്യം ചോദിക്കുന്നവരെ പൊലീസ് ബലം പ്രയോഗിച്ച് നേരിടാനാണ് സർക്കാർ ശ്രമിക്കുന്നത്. തങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലായതോടെ തെരുവിലിറങ്ങേണ്ടി വന്ന ചെറുപ്പക്കാരെ അടിച്ചമർത്തുന്നത് ജനാധിപത്യവിരുദ്ധമാണ്. പരീക്ഷാ സംവിധാനങ്ങളിലെ തകർച്ചയുടെയും വിദ്യാർഥികൾ നേരിട്ട അനീതിയുടെയും പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി രാജ്യത്തെ യുവത്വത്തോട് മാപ്പ് പറയണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും രാജി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ പ്രശ്‌നവും അവർക്കെതിരെ ചെയ്ത കാര്യങ്ങളും ദേശീയ ശ്രദ്ധയിൽപ്പെടുത്തുന്നതിനാണ് പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്ത് പ്രതിഷേധിക്കാൻ തീരുമാനിച്ചതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘‘കഴിഞ്ഞ ദിവസം വിദ്യാർഥികൾക്ക് എന്താണ് സംഭവിച്ചതെന്ന് പറയാന്‍ അനുവദിക്കണം. പാർലമെന്റിൽ ഇതു സംബന്ധിച്ച് ചർച്ച വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ സ്പീക്കർ അനുമതി നിഷേധിച്ചു. സർക്കാരിന് ചർച്ച നടത്താൻ താൽപര്യമില്ലെന്ന് ഞങ്ങൾക്ക് അറിയാം. വിദ്യാർഥികളെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തവർക്കെതിരെ ശക്തമായ നടപടിയെടുക്കണം. വിദ്യാർഥികൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണം’’– രാഹുൽ ഗാന്ധി പറഞ്ഞു.
നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി വൻ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. വിഷയം പാർലമെന്റ്റിൽ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
Police brutality against NEET protest: PM should apologize to students, withdraw case, says Rahul Gandhi















