
ആവേശകരമായ ഫോട്ടോ ഫിനിഷിൽ പുന്നമടക്കായലിൽ പുതിയ ചരിത്രം കുറിച്ച് അരോമ ചുണ്ടൻ 72-ാമത് നെഹ്റു ട്രോഫി ജലമേളയിൽ മുത്തമിട്ടു. അരങ്ങേറ്റ മത്സരത്തിൽ തന്നെ കന്നിക്കിരീടം ചൂടിയ അരോമ, 4.23.328 മിനിറ്റിൽ ലക്ഷ്യസ്ഥാനത്തെത്തിയാണ് പുന്നമടയുടെ പുതിയ ജലരാജാക്കന്മാരായത്. കരുത്തരായ നടുഭാഗം ചുണ്ടനെ (4.23.44 മിനിറ്റ്) സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് അരോമ ബോട്ട് ക്ലബ്ബ് തുഴഞ്ഞ അരോമ ചുണ്ടൻ കപ്പിൽ മുത്തമിട്ടത്. വീയപുരം ചുണ്ടൻ മൂന്നാമതും മേൽപ്പാടം ചുണ്ടൻ നാലാമതായും ഫിനിഷ് ചെയ്തു.
കൊല്ലം സ്വദേശിയും അരോമ ഗ്രൂപ്പ് ചെയർമാനുമായ പി.കെ. സജീവ് പ്രസിഡന്റായ അരോമ ബോട്ട് ക്ലബ്ബ് ഈ വർഷമാണ് അരോമ ചുണ്ടൻ നീരണിയിച്ചത്. സിനിമാ താരം രഞ്ജിത്ത് സജീവിന്റെ കുടുംബത്തിന്റെ വള്ളംകളിയോടുള്ള അഭിനിവേശത്തിൽ നിന്ന് രൂപമെടുത്ത ഈ പുതിയ വള്ളവും ക്ലബ്ബും സീസണിലെ ആദ്യ മത്സരമായ ചമ്പക്കുളം മൂലം വള്ളംകളിയിൽ ഒന്നാമതെത്തി തന്നെ തങ്ങളുടെ വരവറിയിച്ചിരുന്നു. ആ മികവ് നെഹ്റു ട്രോഫിയുടെ ഫൈനലിലും ആവർത്തിച്ചാണ് കന്നിപ്പോരാട്ടത്തിൽ തന്നെ ചരിത്രനേട്ടം സ്വന്തമാക്കിയത്.
നേരത്തെ സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് പതാക ഉയർത്തിയ ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നെഹ്റു ട്രോഫി ജലമേള ഉദ്ഘാടനം ചെയ്തു. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. തുടങ്ങിയ പ്രമുഖ നേതാക്കളും ജലരാജാക്കന്മാരുടെ ആവേശപ്പോരാട്ടത്തിന് സാക്ഷ്യം വഹിക്കാൻ പുന്നമടയിലെത്തിയിരുന്നു.
Aroma Chundan Crowned Champions of 72nd Nehru Trophy Boat Race in Thrilling Photo Finish











