പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നീക്കം: കേന്ദ്ര റെയിൽവേ മന്ത്രിയോട് പ്രതിഷേധമറിയിച്ച് കെ.സി. വേണുഗോപാൽ; അടിയന്തര റിപ്പോർട്ട് തേടുമെന്ന് ഉറപ്പ് ലഭിച്ചു

പാലക്കാട് റെയിൽവേ ഡിവിഷനിൽ ഉൾപ്പെട്ട മംഗളൂരു സെൻട്രൽ ഉൾപ്പെടെയുള്ള നിർണായക ഭാഗങ്ങൾ സംസ്ഥാന സർക്കാരുമായി യാതൊരുവിധ ചർച്ചയും കൂടാതെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ ഏകപക്ഷീയമായ തീരുമാനത്തിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. കടുത്ത പ്രതിഷേധം അറിയിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിട്ട് വിളിച്ച് പ്രതിഷേധം അറിയിച്ചതായും, വിഷയം അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് തേടുമെന്ന് മന്ത്രി ഉറപ്പുനൽകിയതായും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഓണക്കാലത്ത് കേരളത്തിന് ലഭിച്ച കനത്ത ഇരുട്ടടിയായ ഈ വിവേചനപരമായ തീരുമാനത്തിനെതിരെ കേരളത്തിലെ മുഴുവൻ എം.പിമാരും ഒറ്റക്കെട്ടായി ശക്തമായ പ്രക്ഷോഭവുമായി മുന്നിട്ടിറങ്ങുമെന്ന് അദ്ദേഹത്തെ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

പാലക്കാട് ഡിവിഷന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായ പനമ്പൂർ തുറമുഖ റെയിൽ ശൃംഖലയും മംഗളൂരു മേഖലയും അടർത്തിമാറ്റുന്നത് ഡിവിഷന്റെ പ്രവർത്തനത്തെയും സാമ്പത്തിക ഭദ്രതയെയും ഗുരുതരമായി ബാധിക്കും. കേരളത്തിലേക്കുള്ള ദീർഘദൂര സർവീസുകളുടെ പ്രധാന വടക്കൻ ടെർമിനലായ മംഗളൂരു സെൻട്രലിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതോടെ ട്രെയിൻ സമയക്രമം, പ്ലാറ്റ്‌ഫോം അലോക്കേഷൻ, അറ്റകുറ്റപ്പണികൾ എന്നിവ കടുത്ത വെല്ലുവിളിയാകുകയും മലബാർ മേഖലയ്ക്ക് ആവശ്യമായ പുതിയ ട്രെയിൻ സർവീസുകൾ അനുവദിക്കുന്നതിനെ ഇത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഈ റെയിൽവേ ഡിവിഷൻ വിഭജന നീക്കത്തിനെതിരെ ഇന്ന് ആലപ്പുഴയിലെത്തിയ ദക്ഷിണ റെയിൽവേ ജനറൽ മാനേജരെ നേരിൽകണ്ടും കെ.സി. വേണുഗോപാൽ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

മുൻപ് സേലം ഡിവിഷൻ രൂപീകരിച്ച സമയത്ത് തന്നെ വലിയ ശോഷണം സംഭവിച്ച പാലക്കാട് ഡിവിഷനെ കൂടുതൽ ദുർബലമാക്കുന്ന ഈ തീരുമാനം റെയിൽവേ അടിയന്തരമായി തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മംഗളൂരുവിനെ പാലക്കാട് ഡിവിഷന്റെ അവിഭാജ്യ ഘടകമായി തന്നെ നിലനിർത്തണമെന്നാണ് കെ.സി. വേണുഗോപാൽ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്.

Palakkad Railway Division Bifurcation Move: KC Venugopal Expresses Strong Protest to Railway Minister; Urges Reversal

More Stories from this section

family-dental
witywide