ഒടുവിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശനെ തളളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തിരഞ്ഞെടുപ്പിന് മുൻപ് വെളളാപ്പളളി വർഗീയച്ചുവയുളള പരാമർശങ്ങൾ നടത്തിയ ഘട്ടത്തിലെല്ലാം മൗനം പാലിക്കുകയും വെളളാപ്പളളിയെ ആദരിക്കുന്ന ചടങ്ങലെത്തി വാനോളം പുകഴ്ത്തിയ പിണറായി വിജയനാണ് ഇപ്പോൾ അദ്ദേഹത്തെ തളളിക്കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
വെളളാപ്പളളിയുടെ മുൻ സ്പീക്കർ എ.എൻ ഷംസീറിന് എതിരായ പാരാമർശങ്ങളെ തളളിയാണ് പിണറായി രംഗത്തെത്തിയത്. നടേശന്റേത് തീർത്തും അസംബന്ധമായ പ്രസ്താവനയാണെന്നും അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും പിണറായി വ്യക്തമാക്കി. സി.പി.എമ്മിൽ ഒരാളും കുറുക്കുവഴികളിലൂടെ നേതാവായി മാറിയവരല്ലെന്ന് പിണറായി വിജയൻ പറഞ്ഞു.
നിരവധി കാലത്തെ പ്രവർത്തനങ്ങളിലൂടെ നേടിയെടുക്കുന്ന പൊതുസമൂഹത്തിന്റെ അംഗീകാരത്തിലൂടെയാണ് ഏതൊരാളും നേതാവായി മാറുന്നത്. ഇത്തരത്തിലുള്ള വിലയിരുത്തലുകൾ പൊതുസമൂഹത്തിന് മുന്നിൽ നടത്തുന്നത് പാർട്ടി അവജ്ഞാപൂർവം തള്ളിക്കളയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വർഗീയ വിഷം തുപ്പിയ വെളളാപ്പളളിയെ യഥാസമയം തളളി പറയാത്തത് തിരിച്ചടിയായെന്ന പാർട്ടിയുടെ കേന്ദ്ര സംസ്ഥാന കമ്മിറ്റികളുടെ വിമർശനം ഉൾക്കൊണ്ടാണ് പിണറായിയുടെ സ്വയം തിരുത്തൽ. വെളളാപ്പളളി എ.എൻ.ഷംസീറിനെതിരെ ഇന്നലെ ചേർത്തല നടന്ന എസ്എൻഡിപി യോഗം പരിപാടിയിൽ നടത്തിയ വിമർശനങ്ങളെയാണ് പിണറായി കയ്യോടെ തളളിയത്. വെളളാപ്പളളിയുടെ പരാമർശങ്ങളെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും തളളിക്കളഞ്ഞിരുന്നു.
Pinarayi Vijayan finally disavows Vellappally; no one in the CPI(M) has become a leader through a shortcut.













