
ന്യൂഡൽഹി: ദേശീയ തലസ്ഥാന മേഖലയിൽ (എൻ.സി.ആർ) സ്ത്രീകൾക്കും പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും എതിരെ വർദ്ധിച്ചുവരുന്ന ലൈംഗികാതിക്രമങ്ങളിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. പാർക്കുകളും റോഡുകളും ബസുകളും ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങൾ സ്ത്രീകൾക്ക് “അപകടസാധ്യത കൂടിയ മേഖലകൾ” ആയി മാറുന്നത് അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, സംഭവത്തിൽ ഡൽഹി പൊലീസിനോട് അടിയന്തരമായി വിശദീകരണം തേടിയിട്ടുണ്ട്. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയത്തിൽ കടുത്ത നിലപാടെടുത്തത്.
ലേഡി ശ്രീറാം കോളേജിന് സമീപമുള്ള അസ്ത കുഞ്ച് പാർക്കിൽ വെച്ച് 17 വയസ്സുകാരി പീഡിപ്പിക്കപ്പെട്ടത്, സ്വരൂപ് നഗറിലെ കൂട്ടബലാത്സംഗം, ഗ്രേറ്റർ നോയിഡയിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന ബസിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി അതിക്രമത്തിന് ഇരയായത് തുടങ്ങിയ സമീപകാല സംഭവങ്ങളെക്കുറിച്ചുള്ള മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഇടപെടൽ.
ഡൽഹിയിൽ തുടർച്ചയായി ഉണ്ടാകുന്ന ലൈംഗികാതിക്രമങ്ങളിൽ കോടതി കടുത്ത അമർഷം രേഖപ്പെടുത്തി. “2012-ലെ നിർഭയ കേസിന് സമാനമായ വേദനാജനകമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. ആ സംഭവത്തിൽ നിന്ന് നമ്മൾ എന്തെങ്കിലും പാഠങ്ങൾ പഠിച്ചിട്ടുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പൊതുസുരക്ഷ ഉറപ്പുനൽകുന്നുണ്ടെന്ന് പറയുമ്പോഴും അതിക്രമങ്ങൾ തുടരുകയാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം അക്രമരഹിതമായി അന്തസ്സോടെ ജീവിക്കുക എന്നത് ഒരു പൗരന്റെ മൗലികാവകാശമാണ്,” കോടതി ഓർമ്മിപ്പിച്ചു.
മോശം പെട്രോളിംഗും നിരീക്ഷണ സംവിധാനങ്ങളുടെ കുറവും കാരണം പാർക്കുകൾ, റോഡുകൾ, ബസുകൾ, മെട്രോ സ്റ്റേഷനുകൾ, സബ്‌വേകൾ തുടങ്ങിയ പൊതുസ്ഥലങ്ങൾ കുറ്റവാളികളുടെ താവളങ്ങളാക്കാൻ കഴിയില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അസ്ത കുഞ്ച് സംഭവത്തിൽ, വിദ്യാർത്ഥിനികൾ നേരത്തെ നൽകിയ പരാതികളിൽ ഡൽഹി പൊലീസ് യഥാസമയം നടപടിയെടുത്തില്ല എന്ന വാർത്താ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി കോടതി പൊലീസിനെ രൂക്ഷമായി വിമർശിച്ചു. കൃത്യമായ നിരീക്ഷണ സംവിധാനങ്ങളൊരുക്കി സുരക്ഷാ വീഴ്ചകൾ പരിഹരിക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു.
അതിക്രമങ്ങൾ ഉണ്ടാകുമ്പോൾ അധികാരികൾ പ്രസ്താവനകൾ ഇറക്കുന്നത് കൊണ്ട് മാത്രം കാര്യമില്ല. പൊതുസുരക്ഷ ഉറപ്പാക്കുന്നതിൽ നിയമപാലകർക്കും പൊതുഭരണ സംവിധാനങ്ങൾക്കും വലിയ രീതിയിലുള്ള വ്യവസ്ഥാപിത പരാജയം സംഭവിച്ചിട്ടുണ്ട്. വെറും ആശങ്ക പ്രകടിപ്പിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നും, കൃത്യമായ നടപടികളും നിയമപാലകരുടെ ഭാഗത്തുനിന്നുള്ള ഉത്തരവാദിത്തവുമാണ് ആവശ്യമെന്നും സുപ്രീം കോടതി കർശനമായി നിർദ്ദേശിച്ചു
Atrocities in Delhi: Supreme Court calls it a painful repeat of the Nirbhaya case; takes suo motu cognizance.















