തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം: ഹർജി ഭരണഘടനാ ബെഞ്ചിന് വിടുന്നതിൽ സുപ്രീം കോടതിയിൽ ഭിന്നവിധി

തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിനുള്ള നിയമത്തെ ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന് വിടണമോയെന്ന കാര്യത്തിൽ രണ്ടംഗ ബെഞ്ചിൽ ഭിന്നവിധി. വിഷയം വിശാല ബെഞ്ചിന് വിടണമെന്ന് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ നിലപാടെടുത്തപ്പോൾ, നിലവിലെ അഞ്ചംഗ ബെഞ്ചിന്റെ വിധിപ്രകാരം ഇത് തീർപ്പാക്കാവുന്നതേയുള്ളൂവെന്നും ഭരണഘടനാ ബെഞ്ചിന് വിടേണ്ടതില്ലെന്നും ജസ്റ്റിസ് ദീപാങ്കർ ദത്ത നിരീക്ഷിച്ചു. പ്രധാനമന്ത്രിയും കേന്ദ്ര കാബിനറ്റ് മന്ത്രിയും ചേർന്ന് തിരഞ്ഞെടുക്കുന്ന രീതി കമ്മീഷന്റെ വിശ്വാസ്യത ഉറപ്പാക്കില്ലെന്ന് ജസ്റ്റിസ് ദീപാങ്കർ ദത്ത അഭിപ്രായപ്പെട്ടു.

നിലവിലെ നിയമപ്രകാരം പ്രധാനമന്ത്രി, കേന്ദ്ര മന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്നത്. മുൻപ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കൂടി ഉൾപ്പെട്ടിരുന്ന സമിതിയെ മാറ്റിയാണ് കേന്ദ്ര പാർലമെന്റിൽ പുതിയ നിയമം പാസാക്കിയത്. ഇതിനെ ചോദ്യം ചെയ്ത് നൽകിയ ഹർജിയിൽ ബാറ്റ് ചെയ്യുന്ന ടീം തന്നെയാണ് അമ്പയറെ തിരഞ്ഞെടുക്കുന്നതെങ്കിൽ, ആ അമ്പയർ ശരിയായ തീരുമാനമെടുത്താലും നിഷ്പക്ഷത സംശയിക്കപ്പെടുമെന്ന കടുത്ത വിമർശനമാണ് ജസ്റ്റിസ് ദീപാങ്കർ ദത്ത ഉന്നയിച്ചത്. എന്നാൽ വിഷയത്തിൽ കൂടുതൽ ഭരണഘടനാപരമായ വ്യക്തത വേണമെന്നും അത് ഭരണഘടനാ ബെഞ്ച് കേൾക്കണമെന്നും ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ വ്യക്തമാക്കി.

രണ്ടംഗ ബെഞ്ചിൽ ഭിന്നതയുണ്ടായ സാഹചര്യത്തിൽ വിഷയം സാധാരണ മൂന്നംഗ ബെഞ്ചിലേക്കാണ് പോകേണ്ടത്. എന്നാൽ സമയനഷ്ടം ഒഴിവാക്കാൻ നേരിട്ട് അഞ്ചംഗ ബെഞ്ച് രൂപീകരിച്ച് കേസ് വിടണോ എന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് തീരുമാനിക്കാമെന്നതിൽ രണ്ട് ജഡ്ജിമാരും യോജിച്ചു. ഇത്തരം വിഷയങ്ങളിൽ വേഗത്തിൽ തീർപ്പുകൽപ്പിക്കാൻ സുപ്രീം കോടതിയിൽ സ്ഥിരം അഞ്ചംഗ ബെഞ്ച് രൂപീകരിക്കണമെന്നും കോടതി ശുപാർശ ചെയ്തു. ഹർജികൾ വിശാല ബെഞ്ചിലേക്ക് പോകുന്നത് തൽക്കാലം കേന്ദ്ര സർക്കാരിന് വലിയ ആശ്വാസമാണ് നൽകുന്നത്.

Split Verdict in Supreme Court Over Referring Challenge to Election Commissioner Appointment Law to Constitutional Bench

More Stories from this section

family-dental
witywide