ന്യൂഡൽഹി: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിൽ, വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരായ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിച്ചു. കരാർ റദ്ദാക്കിയതിലൂടെ കുറഞ്ഞ വിലയിലുള്ള വൈദ്യുതി ലഭിക്കാതെ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുന്നുവെന്നും ഇതുവരെ 12,570 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും സംസ്ഥാന സർക്കാർ നൽകിയ അപേക്ഷയിൽ വ്യക്തമാക്കി. 2024-25 വർഷത്തിൽ മാത്രം 748.20 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് സ്റ്റാൻഡിങ് കൗൺസൽ മർസൂഖ് ബാഫഖി തങ്ങൾ മുഖേന ഫയൽ ചെയ്ത അപേക്ഷയിൽ ചൂണ്ടിക്കാട്ടിയത്.
2014-ലാണ് യൂണിറ്റിന് 4.29 രൂപ നിരക്കിൽ 25 വർഷത്തേക്ക് 465 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനായി ജാബുവ പവർ, ജിൻഡൽ പവർ, ജിൻഡൽ ഇന്ത്യ തെർമൽ പവർ എന്നീ കമ്പനികളുമായി നാല് ദീർഘകാല കരാറുകളിൽ കേരളം ഒപ്പുവെച്ചത്. 2016 മുതൽ ഇത്തരത്തിൽ വൈദ്യുതി വാങ്ങിത്തുടങ്ങിയെങ്കിലും, നടപടിക്രമങ്ങളിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി 2023 മേയ് മാസത്തിൽ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഇത് വിലക്കുകയായിരുന്നു. തുടർന്ന് 2003-ലെ വൈദ്യുതി നിയമത്തിലെ 108-ാം വകുപ്പ് പ്രകാരം സംസ്ഥാന സർക്കാർ നിർദ്ദേശം നൽകിയതിനെ തുടർന്ന് കമ്മീഷൻ കരാർ പുനഃസ്ഥാപിച്ചു.
എന്നാൽ, സ്വകാര്യ കമ്പനികൾ നൽകിയ അപ്പീലിൽ അപ്പലേറ്റ് ട്രിബ്യൂണൽ കമ്പനികൾക്ക് അനുകൂലമായി വിധിക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയും കോടതി നോട്ടീസ് അയക്കുകയും ചെയ്തെങ്കിലും മാസങ്ങളായി തുടർനടപടികൾ ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഹർജി അടിയന്തരമായി കേൾക്കണമെന്ന് ആവശ്യപ്പെട്ട് കേരളം വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
Kerala Approaches Supreme Court Urging Urgent Hearing on Canceled Power Agreements













