
മധുര: സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ്ണമോതിരം നൽകുന്ന തമിഴ്‌നാട് സർക്കാരിന്റെ സ്വപ്ന പദ്ധതിയായ ‘തായ് മാമൻ തങ്ക മോതിരം തിട്ടത്തിന്’ തുടക്കമായി. മധുരൈ ഗവൺമെന്റ് രാജാജി ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ 25 നവജാതശിശുക്കൾക്ക് മുഖ്യമന്ത്രി സ്വർണ്ണമോതിരങ്ങൾ നേരിട്ട് കൈമാറി.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുട്ടികളുടെ ജനനം ആഘോഷമാക്കുക എന്ന ലക്ഷ്യത്തോടെ ‘വെട്രി തമിഴകം’ ദീർഘകാല കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഈ ക്ഷേമപദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിക്കായി പ്രതിവർഷം 755.83 കോടി രൂപയാണ് തമിഴ്‌നാട് സർക്കാർ വകയിരുത്തിയിരിക്കുന്നത്.
പദ്ധതി പ്രകാരം അർഹരായ നവജാതശിശുക്കൾക്ക് 22 കാരറ്റ് ഗുണനിലവാരമുള്ള ഒരു ഗ്രാം സ്വർണ്ണമോതിരമാണ് ലഭിക്കുക. കൃത്രിമത്വങ്ങൾ ഒഴിവാക്കുന്നതിനായി പ്രത്യേക സീരിയൽ നമ്പറോട് കൂടിയ ടാമ്പർ പ്രൂഫ് പാക്കേജിംഗിലാണ് മോതിരങ്ങൾ വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ആദ്യഘട്ട റോൾഔട്ടിനായി സർക്കാർ ഇതിനകം 1.28 ലക്ഷം സ്വർണ്ണമോതിരങ്ങൾ സംഭരിച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ള മധുരാന്തകം, ധാരാപുരം മണ്ഡലങ്ങൾ ഒഴികെ സംസ്ഥാനത്തെ മറ്റെല്ലാ ഭാഗങ്ങളിലും പദ്ധതി നിലവിൽ വന്നു.
ആർക്കൊക്കെ ലഭിക്കും?
തമിഴ്‌നാട്ടിലെ സ്ഥിരതാമസക്കാരായ അമ്മമാരുടെ കുഞ്ഞുങ്ങൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഗർഭാവസ്ഥയും ശിശു നിരീക്ഷണവും സംബന്ധിച്ച സർക്കാരിന്റെ ‘PICME’ പോർട്ടലിൽ രജിസ്റ്റർ ചെയ്ത്, റീപ്രൊഡക്റ്റീവ് ആൻഡ് ചൈൽഡ് ഹെൽത്ത് ഐഡി കൈപ്പറ്റിയിട്ടുള്ളവരായിരിക്കണം ഇവർ. 2026 ജൂൺ 22-നോ അതിനുശേഷമോ സർക്കാർ ആശുപത്രികളിൽ ജനിച്ച മുഴുവൻ കുട്ടികൾക്കും പദ്ധതിയുടെ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കും.
2026 ജൂൺ 22 മുതൽ പദ്ധതി പ്രഖ്യാപിച്ചതു വരെയുള്ള കാലയളവിൽ ജനിച്ച കുട്ടികൾക്ക് മോതിരം ലഭ്യമാക്കുന്നതിനായി സംസ്ഥാനത്തുടനീളം 107 പ്രത്യേക ഹബുകൾ സജ്ജമാക്കിയിട്ടുണ്ട്. സെപ്റ്റംബർ 28 മുതൽ പ്രതിദിനം ഒരു ഹബിൽ 100 കുട്ടികൾക്ക് എന്ന തോതിൽ ഇവിടെ നിന്നും വിതരണം ആരംഭിക്കും. ഇനി മുതൽ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുട്ടികൾക്ക്, ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ആകുന്ന സമയത്ത് തന്നെ സ്വർണ്ണമോതിരം കൈമാറുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
One-gram gold ring for newborns; Chief Minister Vijay launches ‘Thai Maman’ scheme in Madurai.















