യാദൃശ്ചികമോ മുന്നറിയിപ്പോ?; ഇറാന്റെ നിർദേശത്തിന് ട്രംപിന്റെ മറുപടി കാത്തിരിക്കെ ബ്രിട്ടനിലെ യു.എസ്. താവളത്തിൽനിന്ന് പറന്നുയർന്ന് ബോംബർ വിമാനം

ലണ്ടൻ: ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള നിബന്ധനകളിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മറുപടി കാത്തിരിക്കെ ബ്രിട്ടനിലെ യുഎസ് വ്യോമതാവളത്തിൽ നിന്ന് B-1B ബോംബർ വിമാനം പുറപ്പെട്ടതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് റോയൽ എയർ ഫോഴ്സ് ഫെയർഫോർഡിൽ നിന്നുള്ള ബോംബറിന്റെ നീക്കം. B-1B വിമാനം താവളത്തിൽ നിന്ന് പറന്നുയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇറാനിലേക്ക് ഏകദേശം ആറ് മുതൽ എട്ട് മണിക്കൂർ വരെ പറക്കേണ്ട ദൂരത്തിലാണ് ഫെയർഫോർഡ് താവളം. എന്നാൽ വിമാനം എന്ത് ദൗത്യത്തിനായാണ് പുറപ്പെട്ടതെന്ന് വ്യക്തമല്ല.

യുഎസ് ബോംബർ വിമാനങ്ങളുടെ പരിശീലനത്തിനും പതിവ് വിന്യാസത്തിനും ഈ താവളം ഉപയോഗിക്കുന്നതിനാൽ, പുതിയ ഇറാൻ സംഘർഷവുമായി വിമാനത്തിന്റെ നീക്കത്തിന് ബന്ധമുണ്ടെന്ന് ഇതുമാത്രം കൊണ്ട് സ്ഥിരീകരിക്കാനാകില്ല.ആഫ്റ്റർബേണർ ഉപയോഗിച്ചാണ് വിമാനം പറന്നുയർന്നതെന്നും ദൃശ്യങ്ങളിൽ കാണാം. സാധാരണയായി വലിയ ഭാരമോ ആയുധസജ്ജീകരണമോ ഉള്ളപ്പോൾ ഇത്തരം ടേക്ക് ഓഫുകൾ നടത്താറുണ്ട്. എന്നാൽ പരിശീലന പറക്കലുകളിലും ആഫ്റ്റർബേണർ ഉപയോഗിക്കാറുണ്ട്.

മാർച്ച് മുതൽ ഇറാനിലെ ലക്ഷ്യങ്ങൾക്കെതിരായ ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ ആക്രമണങ്ങൾക്ക് പ്രധാന താവളമായി ഫെയർഫോർഡ് പ്രവർത്തിക്കുന്നുണ്ട്. ഏകദേശം 12 B-1B ബോംബർ വിമാനങ്ങൾ ഇപ്പോഴും ഇവിടെ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതിനിടെ, ഇറാന്റെ സായുധ സേനയെ പരമാവധി ജാഗ്രതാ നിലയിലേക്ക് മാറ്റിയതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇത് ഇറാൻ സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷവുമായി ബന്ധപ്പെട്ട് നിരവധി സംഭവവികാസങ്ങൾക്കിടയിലാണ് ബോംബർ നീക്കവും റിപ്പോർട്ട് ചെയ്യുന്നത്.

മധ്യപൂർവേഷ്യയിലെ ആറ് രാജ്യങ്ങളിലുള്ള അമേരിക്കൻ പൗരന്മാർക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ക്യാംപ് ഡേവിഡിലെ താമസം വെട്ടിച്ചുരുക്കി ട്രംപ് നേരത്തെ വൈറ്റ് ഹൗസിലേക്ക് മടങ്ങുകയും ചെയ്തു. അതേസമയം, ഖത്തർ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിബന്ധനകൾ ഇറാൻ അമേരിക്കയെ അറിയിച്ചിട്ടുണ്ട്. ട്രംപിന്റെ പ്രതികരണത്തിനായി ടെഹ്റാൻ കാത്തിരിക്കുകയാണ്.

ബോംബർ നീക്കം, സുരക്ഷാ മുന്നറിയിപ്പുകൾ, ട്രംപിന്റെ യാത്രാപദ്ധതിയിലെ മാറ്റം, ഇറാന്റെ നയതന്ത്ര നീക്കം എന്നിവ ഒരേ സമയത്ത് ഉണ്ടായതാണ് ഇവ തമ്മിൽ ബന്ധമുണ്ടോ എന്ന ചോദ്യത്തിന് ഇടയാക്കിയത്. എന്നാൽ B-1B വിമാനം എന്ത് ദൗത്യത്തിനായാണ് പുറപ്പെട്ടതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അമേരിക്കയുമായി ചർച്ച ആരംഭിക്കുന്നതിന് മുമ്പ് മൂന്ന് നിബന്ധനകൾ പാലിക്കണമെന്നാണ് ഇറാന്റെ ആവശ്യം. എല്ലാ മുന്നണികളിലുമുള്ള യുദ്ധം അവസാനിപ്പിക്കുക, പിടിച്ചെടുത്ത ഇറാന്റെ ആസ്തികൾ വിട്ടുനൽകുക, യുഎസ് നാവിക ഉപരോധം പിൻവലിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.

ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി മൊഹ്‌സെൻ റെസായി അൽ ജസീറയോട് ഇക്കാര്യം സ്ഥിരീകരിച്ചു. ഇറാന്റെ നിർദേശത്തിന് ട്രംപിന്റെ നേരിട്ടുള്ള മറുപടിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

B-1B Bomber Leaves UK Base As Iran Awaits Trump’s Response To End War: Coincidence Or Warning?

More Stories from this section

family-dental
witywide