
വാഷിങ്ടൺ: താരിഫുകളും ജന്മാവകാശ പൗരത്വവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധികൾക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയെ വീണ്ടും മഹത്തരമാക്കാൻ സുപ്രീം കോടതിക്ക് ധൈര്യമില്ലെന്ന് ട്രംപ് വിമർശിച്ചു.ട്രൂത്ത് സോഷ്യലിലെ കുറിപ്പിലാണ് ട്രംപിന്റെ വിമർശനം. സുപ്രീം കോടതി പുറപ്പെടുവിച്ച തീരുമാനങ്ങളെ തെറ്റായതും രാഷ്ട്രീയ പ്രേരിതവും പരിഹാസ്യവും എന്ന് വിശേഷിപ്പിച്ച ട്രംപ്, ഇവ രാജ്യത്തിന് ട്രില്യൺ കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടാക്കിയെന്നും അമേരിക്കൻ പൗരത്വം നേടുന്ന രീതിയെ എന്നെന്നേക്കുമായി തകർത്തുവെന്നും ആരോപിച്ചു.
“നിർഭാഗ്യവശാൽ, അമേരിക്കയെ വീണ്ടും മഹത്തരമാക്കാനുള്ള ധൈര്യം യുഎസ് സുപ്രീം കോടതിക്ക് ഇല്ല. കഴിഞ്ഞ ആറുമാസത്തിനിടെ താരിഫുകളും ജന്മാവകാശ പൗരത്വവുമായി ബന്ധപ്പെട്ട അവരുടെ തെറ്റായ, രാഷ്ട്രീയ പ്രേരിത, പരിഹാസ്യമായ തീരുമാനങ്ങൾ അമേരിക്കയ്ക്ക് ട്രില്യൺ കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടാക്കി. നമ്മുടെ രാജ്യത്തിന്റെ പൗരന്മാരാകുന്ന രീതിയെയും അത് എന്നെന്നേക്കുമായി തകർത്തു,” എന്ന് ട്രംപ് പറഞ്ഞു.
അമേരിക്കയുടെ ചരിത്രത്തിലെ ദുഃഖകരമായ ഒരു അധ്യായമാണിത്. എന്നാൽ നമ്മൾ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപ് ഭരണകൂടത്തിന്റെ താരിഫ് നയങ്ങളും ജന്മാവകാശ പൗരത്വം നിയന്ത്രിക്കാനുള്ള നീക്കങ്ങളും സംബന്ധിച്ച് സുപ്രീം കോടതിയുമായുള്ള നിയമപോരാട്ടം തുടരുന്നതിനിടെയാണ് പുതിയ വിമർശനം. ഫെബ്രുവരിയിൽ ട്രംപ് ഏർപ്പെടുത്തിയ വ്യാപകമായ താരിഫുകളിൽ ഭൂരിഭാഗവും സുപ്രീം കോടതി റദ്ദാക്കിയിരുന്നു. അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമം (IEEPA) ഉപയോഗിച്ച് പ്രസിഡന്റിന് ഇത്ര വ്യാപകമായി ഇറക്കുമതി തീരുവ ചുമത്താൻ അധികാരമില്ലെന്നായിരുന്നു കോടതിയുടെ നിലപാട്.
ഇതോടെ വിവാദ താരിഫ് അടച്ച ഇറക്കുമതിക്കാർക്ക് പണം തിരിച്ചുനൽകേണ്ട സാഹചര്യമുണ്ടായി. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ കോടതിയിൽ സമർപ്പിച്ച രേഖകൾ പ്രകാരം ജൂലൈ 31 വരെ ഏകദേശം 100 ബില്യൺ ഡോളറിന്റെ റീഫണ്ട് നടപടികൾ പൂർത്തിയാക്കി പണം വിതരണം ചെയ്യുന്നതിനായി യുഎസ് ട്രഷറിയിലേക്ക് അയച്ചിരുന്നു. ഏകദേശം 128.68 ബില്യൺ ഡോളറിന്റെ റീഫണ്ടുകൾ നടപടികൾക്കായി സ്വീകരിച്ചതായും രേഖകളിൽ പറയുന്നു. താരിഫ് വിധിക്ക് പിന്നാലെ റീഫണ്ട് കണക്കാക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി കസ്റ്റംസ് അധികൃതർക്ക് പുതിയ സംവിധാനം ഒരുക്കേണ്ടിവന്നതും സർക്കാരിന് സാമ്പത്തിക, ഭരണപരമായ വെല്ലുവിളിയായി.
അമേരിക്കൻ വ്യവസായങ്ങളെ സംരക്ഷിക്കുക, ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുക, വ്യാപാര അസന്തുലിതാവസ്ഥ പരിഹരിക്കുക എന്നിവയാണ് തന്റെ താരിഫ് നയത്തിന്റെ ലക്ഷ്യമെന്നാണ് ട്രംപ് പറയുന്നത്. അതേസമയം, ജന്മാവകാശ പൗരത്വം നിയന്ത്രിക്കാനുള്ള ഭരണകൂടത്തിന്റെ നീക്കവും കോടതിയിൽ നിയമപോരാട്ടത്തിലാണ്. 14-ാം ഭരണഘടനാ ഭേദഗതിയുടെ നിലവിലെ വ്യാഖ്യാനം ചില സാഹചര്യങ്ങളിൽ പൗരത്വത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ അനുവദിക്കുന്നുണ്ടെന്നാണ് ഭരണകൂടത്തിന്റെ വാദം. എന്നാൽ ഇതിനെ എതിർക്കുന്നവർ കോടതിയെ സമീപിച്ച് നയത്തെ ചോദ്യം ചെയ്തിട്ടുണ്ട്.
‘Sad chapter’: Trump slams US Supreme Court over tariff, birthright citizenship rulings










