വാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വികസനത്തിന് വേഗപരിധി വേണമെന്ന വ്യവസായ പ്രമുഖരുടെ ആവശ്യം ശക്തമാകുന്നതിനിടെ പുതിയ നീക്കവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എഐ രംഗത്ത് അമേരിക്കയുടെ മേൽക്കൈ ഉറപ്പാക്കുന്നതിനായി ‘എഐ ഫോഴ്സ്’ രൂപീകരിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഇതിന് ‘എഐ സാർ (Al Czar )’ എന്ന മേധാവി സ്ഥാനം നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ചൈനയുമായുള്ള എഐ മത്സരത്തിൽ അമേരിക്ക പിന്നിലാകാതിരിക്കുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. എഐയുടെ അതിവേഗ വളർച്ചയെക്കുറിച്ചുള്ള ആശങ്കകളും അദ്ദേഹം തള്ളിക്കളഞ്ഞിട്ടുണ്ട്. ആന്ത്രോപിക്, ഓപ്പൺഎഐ, ഗൂഗിൾ ഡീപ്‌മൈൻഡ് തുടങ്ങിയ കമ്പനികളുടെ മേധാവികൾ എഐ വികസനം വളരെ വേഗത്തിലാണെന്നും സുരക്ഷാ സംവിധാനങ്ങൾ അതിനനുസരിച്ച് മുന്നേറുന്നില്ലെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. വികസനത്തിന്റെ വേഗം കുറയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഇതിന് പിന്നാലെ കഴിഞ്ഞ തിങ്കളാഴ്ച ട്രംപ് എഐയ്ക്ക് ആവശ്യമായ ഏക ‘സുരക്ഷാ സംവിധാനമായി’ ശക്തനും ബുദ്ധിമാനുമായ പ്രസിഡന്റാണ് വേണ്ടതെന്ന് പ്രതികരിച്ചിരുന്നു. തന്റെ ആദ്യ ഭരണകാലത്ത് രൂപീകരിച്ച യുഎസ് സ്പേസ് ഫോഴ്സിന്റെ മാതൃകയിലായിരിക്കും ‘എഐ ഫോഴ്സ്’ രൂപീകരിക്കുകയെന്ന് ട്രംപ് ശനിയാഴ്ച ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. പുതിയ സംവിധാനത്തിന് നേതൃത്വം നൽകുന്ന ‘എഐ സാർ’യെ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ എഐ ഫോഴ്സിന്റെ രൂപീകരണത്തിനോ എഐ സാറിന്റെ നിയമനത്തിനോ കൃത്യമായ സമയക്രമം ട്രംപ് വ്യക്തമാക്കിയിട്ടില്ല. ഏത് ഫെഡറൽ വകുപ്പിന് കീഴിലായിരിക്കും സംവിധാനം പ്രവർത്തിക്കുകയെന്നും വ്യക്തമല്ല. നിലവിലുള്ള ക്രിമിനൽ, സിവിൽ നീതിന്യായ സംവിധാനത്തിന്റെ സഹായത്തോടെ എഐ രംഗത്തെ നിയമലംഘനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നും ട്രംപ് പറഞ്ഞു. എഐ അടുത്ത വ്യാവസായിക വിപ്ലവത്തിന് സമാനമായ മാറ്റം സൃഷ്ടിക്കുമെന്നും അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിൽ വലിയ സ്വാധീനം ചെലുത്തുമെന്നും ട്രംപ് അവകാശപ്പെട്ടു.
രാജ്യത്തിന്റെ ജിഡിപിയുടെ 25 ശതമാനം വരെ എഐ മേഖലയുമായി ബന്ധപ്പെട്ടേക്കാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, എഐ വികസനത്തിന്റെ വേഗം കുറയ്ക്കണമെന്ന ആവശ്യം വ്യവസായ രംഗത്ത് ശക്തമാകുകയാണ്. ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെയി അടുത്തിടെ പ്രസിദ്ധീകരിച്ച ലേഖനത്തിൽ എഐ സംവിധാനങ്ങളുടെ വളർച്ച സുരക്ഷാ സംവിധാനങ്ങളെക്കാൾ വേഗത്തിലാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. സ്വതന്ത്ര സുരക്ഷാ പരിശോധന, പൊതുവായ സുരക്ഷാ മാനദണ്ഡങ്ങൾ, വികസനത്തിന് വേഗപരിധി എന്നിവ അദ്ദേഹം നിർദേശിച്ചു.
ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ, ഗൂഗിൾ ഡീപ്‌മൈൻഡ് സിഇഒ ഡെമിസ് ഹസാബിസ്, ഇലോൺ മസ്ക്, ബിൽ ഗേറ്റ്സ് തുടങ്ങിയവരും എഐ വികസനത്തിൽ കൂടുതൽ നിയന്ത്രണം വേണമെന്ന നിലപാടിനെ പിന്തുണച്ചിട്ടുണ്ട്. എന്നാൽ മെറ്റ സിഇഒ മാർക്ക് സക്കർബർഗ്, എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ് എന്നിവർ എഐ വികസനത്തിന്റെ വേഗം നിയന്ത്രിക്കണമെന്ന ആവശ്യത്തോട് വിയോജിക്കുന്നു. എഐ വ്യവസായത്തിന്റെ വളർച്ച തടയാൻ താൻ തയ്യാറല്ലെന്നും മറിച്ച് അതിനെ പിന്തുണയ്ക്കുകയും നിരീക്ഷിക്കുകയും ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി.
Trump proposes ‘AI Force’ headed by ‘AI Czar’ amid slowdown calls as race with China intensifies











