
വാഷിംഗ്ടൺ: അമേരിക്കയിലെ ബാൾട്ടിമോറിൽ ഫ്രാൻസിസ് സ്കോട്ട് കീ പാലം തകരാൻ കാരണമായ ഡാലി ചരക്കുകപ്പൽ അപകടവുമായി ബന്ധപ്പെട്ട് രണ്ട് കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും കപ്പലിൻ്റെ ടെക്നിക്കൽ സൂപ്രണ്ടിനുമെതിരെ എഫ്ബിഐ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി. സിംഗപ്പൂർ ആസ്ഥാനമായുള്ള സിനർജി മറൈൻ പ്രൈവറ്റ് ലിമിറ്റഡ്, ചെന്നൈ ആസ്ഥാനമായുള്ള സിനർജി മാരിടൈം പ്രൈവറ്റ് ലിമിറ്റഡ്, കൂടാതെ ഈ രണ്ട് കമ്പനികളുടേയും ടെക്നിക്കൽ സൂപ്രണ്ടായ മലയാളി രാധാകൃഷ്ണൻ കാർത്തിക് നായർ (47) എന്നിവർക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. സിംഗപ്പൂരിലും ഇന്ത്യയിലുമുള്ള കമ്പനിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഈ നടപടികൾ.
ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, കപ്പൽ യാത്രയിലെ അശ്രദ്ധ മൂലം മരണം സംഭവിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതുകൂടാതെ, പട്ടാപ്‌സ്കോ നദിയിലേക്ക് എണ്ണയും കണ്ടെയ്നറുകളും പാലത്തിൻ്റെ അവശിഷ്ടങ്ങളും കലർന്ന് മലിനീകരണമുണ്ടായതിന് ക്ലീൻ വാട്ടർ ആക്ട് ലംഘിച്ചതുൾപ്പെടെയുള്ള കുറ്റങ്ങളും സിനർജി കമ്പനികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. 2024 മാർച്ചിലുണ്ടായ അപകടത്തിൽ ആറ് നിർമ്മാണ തൊഴിലാളികൾ കൊല്ലപ്പെടുകയും അമേരിക്കയിലെ പ്രധാന തുറമുഖങ്ങളിലൊന്നായ ബാൾട്ടിമോറിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുകയും ചെയ്തിരുന്നു.
കപ്പലിലെ അപകടസാധ്യതകളെക്കുറിച്ചും സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ചും യുഎസ് കോസ്റ്റ് ഗാർഡിനോട് കമ്പനി നുണ പറയുകയും വിവരങ്ങൾ മറച്ചുവെക്കുകയും ചെയ്തുവെന്ന് പ്രോസിക്യൂട്ടർമാർ ആരോപിക്കുന്നു.എന്നാൽ ഈ ആരോപണങ്ങളെ ശക്തമായി നേരിടുമെന്ന് കമ്പനി അറിയിച്ചു. ഒരു അപകടത്തെ ക്രിമിനൽ കുറ്റമായി മാറ്റാനാണ് നീതിയന്യായ വകുപ്പ് ശ്രമിക്കുന്നതെന്നും, പാലം തകർന്നതുമായി ഈ ആരോപണങ്ങൾക്ക് ബന്ധമില്ലെന്നും അവർ ബിബിസിയോട് പ്രതികരിച്ചു.
എന്താണ് സംഭവിച്ചത്?
മാർച്ച് 26-ന് പുലർച്ചെയാണ് എം/വി ഡാലി എന്ന കപ്പൽ ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിൽ ഇടിച്ചത്. അപകടത്തിൽ പാലം തകരുകയും നിർമ്മാണത്തിലിരുന്ന ആറ് തൊഴിലാളികൾ കൊല്ലപ്പെടുകയും ചെയ്തു. കപ്പലിലെ വൈദ്യുതി ബന്ധം രണ്ട് തവണ വിച്ഛേദിക്കപ്പെട്ടതാണ് അപകടകാരണമെന്ന് പ്രോസിക്യൂട്ടർമാർ പറയുന്നു. ജനറേറ്ററുകളിലേക്ക് ഇന്ധനം എത്തിക്കാൻ അനുമതിയില്ലാത്ത പമ്പുകൾ ഉപയോഗിച്ചതാണ് ഇതിന് കാരണമായതെന്നും, ശരിയായ സംവിധാനമാണ് ഉപയോഗിച്ചിരുന്നതെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നുവെന്നും ഇവർ വാദിക്കുന്നു. കൂടാതെ, കമ്പനി ജീവനക്കാർ ഈ സുരക്ഷാ വീഴ്ചകൾ മറച്ചുവെക്കാൻ ശ്രമിച്ചതായും രേഖകളിൽ തിരുത്തൽ വരുത്തിയതായും കുറ്റപത്രത്തിൽ പറയുന്നു.
അതേസമയം, സിവിൽ കേസുമായി ബന്ധപ്പെട്ട് സിനർജി മറൈൻ കമ്പനി മേരിലാൻഡ് സംസ്ഥാനത്തിന് 2.25 ബില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ധാരണയായിട്ടുണ്ട്. പാലത്തിൻ്റെ തകർച്ച, പരിസ്ഥിതി ആഘാതം, ടോൾ വരുമാനത്തിലെ നഷ്ടം എന്നിവ കണക്കിലെടുത്താണ് ഈ തുക. ഇതിനോടകം തന്നെ നീതിയന്യായ വകുപ്പിന് 100 മില്യൺ ഡോളറും ഇൻഷുറൻസ് കമ്പനിക്ക് 350 മില്യൺ ഡോളറും കപ്പൽ ഉടമകൾ നൽകിയിട്ടുണ്ട്.
Baltimore Bridge collapse incident: US charges Dali Shipping Company and Indian supervisor; fined Rs 20,000 crore















