യുഎസ് മിസൈലുകളുടെ ലഭ്യതയിൽ കനത്ത പ്രതിസന്ധി; ഇന്റർസെപ്റ്റർ മിസൈലുകൾക്കായി നെട്ടോട്ടമോടി യുക്രെയ്ൻ, വെളിപ്പെടുത്തലുമായി സെലെൻസ്കി

കീവ്: റഷ്യയുടെ ശക്തമായ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളെ ചെറുക്കാൻ ആവശ്യമായ ഇന്റർസെപ്റ്റർ മിസൈലുകളിൽ പത്തിലൊന്ന് മാത്രമാണ് നിലവിൽ യുക്രെയ്ന്റെ പക്കലുള്ളതെന്ന് പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി. സിഎൻഎൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കൂടുതൽ പേട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലുകൾ ലഭ്യമാക്കാനായി സഖ്യരാജ്യങ്ങളുമായി താൻ ദിവസേന നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് സെലെൻസ്കി മനസ്സുതുറന്നത്.

യുക്രെയ്ന്റെ പക്കലുള്ള പേട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലുകളുടെ ശേഖരം ഏതാണ്ട് തീരാറായ സാഹചര്യം മുതലെടുത്ത് തലസ്ഥാനമായ കീവ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ റഷ്യ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. യു.എസിന്റെ നിലവിലുള്ള മിസൈൽ ശേഖരത്തിന്റെ 10% ലഭിക്കുകയാണെങ്കിൽ റഷ്യയുടെ മുഴുവൻ ബാലിസ്റ്റിക് ആക്രമണങ്ങളെയും തടയാൻ സാധിക്കുമെന്നും, കുറഞ്ഞത് 5% എങ്കിലും ലഭിച്ചാൽ ഈ വരുന്ന തണുപ്പുകാലം സുരക്ഷിതമായി അതിജീവിക്കാൻ സാധിക്കുമെന്നും സെലെൻസ്കി വ്യക്തമാക്കി.

“2025-ൽ ഉണ്ടായിരുന്നതിന്റെ രണ്ടര ഇരട്ടി കുറവ് ഇന്റർസെപ്റ്ററുകൾ മാത്രമാണ് ഈ വർഷം ഞങ്ങളുടെ പക്കലുള്ളത്. എന്നാൽ റഷ്യ പ്രതിമാസം പ്രയോഗിക്കുന്ന ബാലിസ്റ്റിക് മിസൈലുകളുടെ എണ്ണം മുൻപത്തേതിനേക്കാൾ രണ്ടിരട്ടിയായി വർദ്ധിച്ചു,” അദ്ദേഹം പറഞ്ഞു. 2022 ഏപ്രിലിന് ശേഷം യുക്രെയ്നിലെ സാധാരണക്കാർ ഏറ്റവും കൂടുതൽ കൊല്ലപ്പെട്ട മാസമായിരുന്നു കഴിഞ്ഞ ജൂലൈയെന്ന് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

ഇറാനുമായുള്ള യുദ്ധം കാരണം യു.എസിനും ഗൾഫ് രാജ്യങ്ങൾക്കും വലിയ തോതിൽ മിസൈലുകൾ ഉപയോഗിക്കേണ്ടി വന്നതാണ് ആഗോളതലത്തിൽ ഇന്റർസെപ്റ്റർ മിസൈലുകളുടെ ക്ഷാമത്തിന് കാരണമായത്. ഇത് ഏറ്റവും കഠിനമായി ബാധിച്ചത് റഷ്യൻ ആക്രമണങ്ങൾക്ക് മുന്നിൽ പ്രതിരോധമില്ലാതെ നിൽക്കുന്ന യുക്രെയ്ൻ നഗരങ്ങളെയാണ്.

മിസൈലുകൾ ലഭ്യമാക്കാനായി താൻ പ്രതിദിനം നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് സംസാരിക്കവേ, സ്വകാര്യമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന ചില കരാറുകളെക്കുറിച്ചും സെലെൻസ്കി സൂചന നൽകി. “ദിവസേന ദശലക്ഷക്കണക്കിന് ഫോൺ കോളുകളാണ് ഇതിനായി ഞാൻ ചെയ്യുന്നത്. മിസൈലുകൾക്ക് പകരമായി മറ്റെന്തെങ്കിലും കൈമാറാൻ ഞാൻ ശ്രമിക്കുന്നുണ്ട്. പരസ്യമായി വെളിപ്പെടുത്താൻ കഴിയാത്ത കാര്യങ്ങൾ പോലും ഇതിനായി ചെയ്യേണ്ടി വരുന്നു. അത് നിയമവിരുദ്ധമാണെന്നല്ല, പക്ഷേ ഇപ്പോൾ അത് പറയാൻ സാധിക്കില്ല,” അദ്ദേഹം പറഞ്ഞു.

യുക്രെയ്ന് സ്വന്തമായി പേട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലുകൾ നിർമ്മിക്കാൻ അനുമതി നൽകുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം എത്രത്തോളം പ്രായോഗികമാകുമെന്ന കാര്യത്തിൽ ഇപ്പോഴും സംശയങ്ങൾ നിലനിൽക്കുന്നുണ്ടെന്നും സെലെൻസ്കി കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide