വർഗീസ് പാലമലയിൽ, അമേരിക്കൻ ഭദ്രാസന പി ആർ ഒ
സാൻഫ്രാൻസിസ്കോ: വിശുദ്ധ കന്യാകമറിയാമിൻ്റെ നാമത്തിൽ സ്ഥാപിതമായ സാൻഫ്രാൻസിസ്കോ സെൻ്റ് മേരീസു പള്ളിയിൽ ആണ്ട് തോറും നടത്തിവരാറുള്ള വിശുദ്ധ കന്യാകമറിയാമിൻ്റെ വാങ്ങിപ്പ് പെരുന്നാൾ ആഗസ്റ്റ് മാസം 15, 16 (ശനി, ഞായർ) തീയതികളിൽ പൂർവ്വാധികം ഭംഗിയായി കൊണ്ടാടുന്നു. ഈ വർഷത്തെ പെരുന്നാളിൻ്റെ കൊടി കയറ്റ് ആഗസ്റ്റ് മാസം ഒമ്പതാം തീയതി വിശുദ്ധ കുർബ്ബാനാനന്തരം അസോസിയേറ്റ് വികാരി റവ. ഫാദർ തോമസ് കോര നിർവഹിച്ചു.
മരിച്ച് ഗത്സമൻ തോട്ടത്തിൽ അടക്കപ്പെട്ട കന്യക മറിയാമിൻ്റെ ശരീരം തൻ്റെ ദൈവ പുത്രൻ്റെ കൽപന പ്രകാരം മൂന്നാം ദിവസം മാലാഖമാരാൽ ഉയരത്തിലേക്ക് എടുക്കപ്പെട്ടതിൻ്റെ ഓർമ്മയായി എല്ലാ വർഷവും ആഗസ്റ്റ് 15 -ാം തീയതി വാങ്ങിപ്പ് പെരുന്നാൾ കൊണ്ടാടുന്നു.15 -ാം തിയതി വൈകിട്ട് ആറ് മണിക്ക് സന്ധ്യാ പ്രാർത്ഥനയും തുടർന്ന് ഏഴ് മണിക്ക് വചനശ്രുശൂഷയും ഉണ്ടായിരിക്കുന്നതാണ്. 16-ാം തീയതി രാവിലെ പ്രഭാത പ്രാർത്ഥനയും തുടർന്ന് 9.30 ന് റവ ഫാദർ ആകാശ് പോൾ, റവ ഫാദർ ഗീവർഗീസ് ചാലിശ്ശേരി, റവ. ഫാദർ കുര്യാക്കോസ് പുതുപ്പാടി എന്നിവരുടെ കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിമ്മേൽ കുർബാനയും അതോടനുബന്ധിച്ച് വിശുദ്ധ കന്യക മറിയാമിനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥനയും നടത്തുന്നതാണ്.
വിശുദ്ധ കുർബ്ബാനന്തരം പള്ളിക്ക് ചുറ്റും പ്രദക്ഷിണം ഉണ്ടായിരിക്കും.പെരുന്നാൾ ശുശ്രൂഷകൾക്ക് ശേഷം ഇടവകയിൽ ഹൈസ്‌കൂൾ, കോളേജ് ഗ്രാജുവേറ്റ്സിനെയും സൺഡേ സ്‌കൂൾ ഗ്രാജുവേറ്റ്സിനെയും ആദരിക്കുന്നതാണ്. സ്നേഹവിരുന്നോടെ ഈ വർഷത്തെ പെരുന്നാൾ സമാപിക്കും. ഈ പെരുന്നാളിൽ നേർച്ചകാഴ്ചകളോടെ കടന്ന് വന്ന് സംബന്ധിപ്പാൻ പള്ളി വികാരി റവ. ഫാദർ കുര്യാക്കോസ് പുതുപ്പാടി, സഹവികാരി റവ. ഫാദർ തോമസ് കോര, വൈസ് പ്രസിഡൻ്റ് ഇടിച്ചാണ്ടി ഫിലിപ്പ്, സെക്രട്ടറി ബിബിൻ വർഗീസ്, ട്രഷറർ ബിജോയി അബ്രാഹം എന്നിവർ കർതൃനാമത്തിൽ ഏവരെയും സ്വാഗതം ചെയ്തു.
The flag-hoisting ceremony for the Feast of the Assumption of the Blessed Mother took place at St. Mary’s Church, San Francisco.












