
ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവിനെ രണ്ട് മണിക്കൂറിലധികം തടഞ്ഞുവെച്ചതിനെ തുടർന്ന് ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നയതന്ത്ര തർക്കം രൂക്ഷമാകുന്നു. ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ പോളിസി ആൻഡ് സ്ട്രാറ്റജി അഫയേഴ്സ് ഉപദേഷ്ടാവായ സഹേദ് ഉർ റഹ്മാനെയാണ് ഇമിഗ്രേഷൻ വിഭാഗം വിമാനത്താവളത്തിൽ തടഞ്ഞത്. ഡൽഹിയിൽ നടക്കുന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ (ഐ.ഒ.ആർ.എ) യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. പിന്നീട് ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് ഇന്ത്യയിൽ പ്രവേശിക്കാൻ അനുമതി നൽകിയെങ്കിലും, ഇതേത്തുടർന്നുണ്ടായ പ്രതിഷേധ സൂചകമായി അദ്ദേഹം സന്ദർശനം ഉപേക്ഷിച്ചു. തുടർന്ന് കൊളംബോ വഴി ധാക്കയിലേക്ക് തന്നെ മടങ്ങുകയും ചെയ്തു.
സംഭവത്തിൽ കടുത്ത അതൃപ്തി വ്യക്തമാക്കിയ ബംഗ്ലാദേശ് സർക്കാർ ധാക്കയിലെ ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ പവൻ ബാധെയെ വിളിച്ചുവരുത്തി ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇത് തികച്ചും അപ്രതീക്ഷിതവും ദൗർഭാഗ്യകരവുമായ സംഭവമാണെന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി ഖലീലൂർ റഹ്മാൻ പ്രതികരിച്ചു. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ സഹേദിന്റെ പേര് വാച്ച് ലിസ്റ്റിൽ ഉയർന്നുവന്നതാണ് തടസ്സത്തിന് കാരണമായതെന്നാണ് സൂചനകൾ. നയതന്ത്ര പാസ്പോർട്ടിന് പകരം സാർക്ക് സ്റ്റിക്കർ പതിച്ച സാധാരണ പാസ്പോർട്ടിലാണ് അദ്ദേഹം യാത്ര ചെയ്തിരുന്നത്. സന്ദർശനത്തെക്കുറിച്ച് ബംഗ്ലാദേശ് ഹൈക്കമ്മീഷൻ മുൻകൂട്ടി അറിയിച്ചിട്ടും വ്യക്തമായ വിശദീകരണമില്ലാതെയാണ് ഇന്ത്യൻ അധികൃതർ അദ്ദേഹത്തെ തടഞ്ഞുവെച്ചതെന്ന് ബംഗ്ലാദേശ് ആരോപിക്കുന്നു.
ഈ വർഷം ഫെബ്രുവരിയിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി) അധികാരത്തിൽ വന്നതിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഉണ്ടാകുന്ന ആദ്യത്തെ പ്രധാന പ്രതിസന്ധിയാണിത്. ബംഗ്ലാദേശിലെ പുതിയ ഭരണകൂടത്തോട് ഇന്ത്യ കൂടുതൽ കർശനമായ നയതന്ത്ര നിലപാടിലേക്ക് മാറുന്നതിന്റെ സൂചനയാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ബംഗ്ലാദേശ് ഭരണകൂടത്തിനുള്ളിൽ ഇന്ത്യ വിരുദ്ധ ശക്തികൾക്ക് സ്വാധീനം കൂടുന്നുവെന്ന ആശങ്കകൾക്കിടയിലാണ് പുതിയ സംഭവവികാസങ്ങൾ. അതേസമയം, ഈ വിഷയത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇതുവരെ ഔദ്യോഗികമായ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
Bangladesh PMs Advisor Stopped at Delhi Airport Returns to Dhaka After Cancelling India Visit Amid Diplomatic Row














