
റിയാദ്: ട്രംപിന്റെ ‘ബോർഡ് ഓഫ് പീസ്’ മുന്നോട്ടുവെച്ച 15 ഇന സമാധാന നിർദ്ദേശങ്ങൾ തള്ളിക്കളഞ്ഞ ഇസ്രായേൽ നടപടിയെ അതിശക്തമായ ഭാഷയിൽ അപലപിച്ച് യുഎഇ, ഖത്തർ, ജോർദാൻ, ഇന്തോനേഷ്യ, പാകിസ്ഥാൻ, തുർക്കി, സൗദി അറേബ്യ, ഈജിപ്ത് എന്നീ എട്ട് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു.
ഇസ്രായേലിന്റെ ഈ നിലപാട് സമാധാനത്തിനായുള്ള സമഗ്ര പദ്ധതിയുടെ നഗ്നമായ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രിമാർ വ്യക്തമാക്കി. പ്രദേശത്ത് ശാശ്വതവും നീതിയുക്തവുമായ സമാധാനം സ്ഥാപിക്കുന്നതിനായി അന്താരാഷ്ട്ര സമൂഹം നടത്തുന്ന കൂട്ടായ പരിശ്രമങ്ങളെ തകര്ക്കുന്നതിനും ഈ നീക്കം കാരണമാകുമെന്ന് സംയുക്ത പ്രസ്താവന മുന്നറിയിപ്പ് നൽകുന്നു. ഗാസയിലും മറ്റ് ഫലസ്തീൻ പ്രദേശങ്ങളിലും സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തടസ്സപ്പെടുത്തിയതിന്റെ സമ്പൂർണ്ണ ഉത്തരവാദിത്തം ഇനി ഇസ്രായേലിനായിരിക്കും.
വിവിധ പലസ്തീൻ സംഘടനകൾ തത്വത്തിൽ അംഗീകരിച്ചതും മധ്യസ്ഥ രാജ്യങ്ങളുടെ ദീർഘനാളത്തെ ശ്രമഫലമായി രൂപപ്പെടുത്തിയതുമായ ഈ സമാധാന പദ്ധതി മേഖലയിലെ നിർണ്ണായകമായ ഒരു ഘട്ടമായിരുന്നു. ഇസ്രായേൽ സൈന്യത്തിന്റെ പൂർണ്ണ പിന്മാറ്റം, ആയുധങ്ങൾ നിരുപയോഗമാക്കൽ, അന്താരാഷ്ട്ര സ്ഥിരത സേനയുടെ വിന്യാസം, ഗാസയുടെ ഭരണച്ചുമതല നാഷണൽ കമ്മിറ്റിക്ക് കൈമാറൽ, ഗാസയുടെ പുനർനിർമ്മാണം എന്നിവ ഉൾപ്പെടുന്നതാണ് ഈ ചരിത്രപരമായ 15 ഇന നിർദ്ദേശം.














