എൻടിഎ ത്രിശങ്കുവിൽ, യുജിസി നെറ്റ് പരീക്ഷയും കുളമായി, മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ പ്രഖ്യാപിച്ചു; തീയതികൾ പുറത്തുവിട്ടു

യുജിസി നെറ്റ് (UGC-NET) പരീക്ഷയിൽ ഗുരുതര പിഴവുകൾ കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ നടത്താൻ ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) തീരുമാനിച്ചു. ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി എന്നീ പേപ്പറുകളിലാണ് വീണ്ടും പരീക്ഷ നടക്കുക. പരീക്ഷ സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി. പുനഃപരീക്ഷ സെപ്റ്റംബർ 9, 10 തീയതികളിലായി നടക്കുമെന്ന് എൻടിഎ അറിയിച്ചു.

ചോദ്യപേപ്പറുകളിൽ വസ്തുതാപരമായ തെറ്റുകൾ, ടൈപ്പിംഗ് പിഴവുകൾ, പരിഭാഷയിലെ പോരായ്മകൾ എന്നിവ വ്യാപകമായിരുന്നു. ചോദ്യങ്ങളുടെ വാചകഘടനയിലും വ്യാകരണത്തിലും പിഴവുകളുണ്ടായതിന് പുറമേ മുൻവർഷങ്ങളിലെ ചോദ്യങ്ങൾ അതേപടി ആവർത്തിക്കുകയും ചെയ്തു. പരീക്ഷയുടെ ഉത്തരസൂചിക പുറത്തുവന്നതിന് പിന്നാലെ വിദ്യാർത്ഥികൾ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. തുടർന്ന് രൂപീകരിച്ച ആഭ്യന്തരസമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുനഃപരീക്ഷയ്ക്ക് തീരുമാനമായത്.

സെപ്റ്റംബർ 9-ന് ഒന്നാം ഷിഫ്റ്റിൽ (രാവിലെ 9 മുതൽ 12 വരെ) ഇംഗ്ലീഷ് പരീക്ഷയും, രണ്ടാം ഷിഫ്റ്റിൽ (ഉച്ചയ്ക്ക് 3 മുതൽ 6 വരെ) കൊമേഴ്സ് പരീക്ഷയും നടക്കും. സോഷ്യോളജി പരീക്ഷ സെപ്റ്റംബർ 10-ന് ഒന്നാം ഷിഫ്റ്റിൽ (രാവിലെ 9 മുതൽ 12 വരെ) നടക്കും. ദേശീയതലത്തിൽ നടത്തുന്ന പ്രധാന പരീക്ഷയിൽ വീണ്ടും അപാകതകൾ ഉയർന്നത് വിദ്യാർത്ഥികളെ വലിയ ദുരിതത്തിലാക്കിയിട്ടുണ്ട്. നീറ്റ് പരീക്ഷക്ക് പിന്നാലെ നെറ്റും കുളമായത് എൻടി എയെ സംബന്ധിച്ച് ത്രിശങ്കുവിലായ അവസ്ഥയാണ്.

UGC NET Re-Exam Announced for Three Subjects in September

More Stories from this section

family-dental
witywide