
വാഷിംഗ്ടൺ: വരുന്ന നവംബറിൽ നടക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഭൂരിപക്ഷം നിലനിർത്താൻ കടുത്ത പോരാട്ടം നേരിടുന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾക്കായി ഫണ്ട് അനുവദിക്കാൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അനുമതി നൽകി. തൻ്റെ വ്യക്തിഗത പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിയിൽ നിന്നാണ് ദശലക്ഷക്കണക്കിന് ഡോളർ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രചാരണത്തിനായി ട്രംപ് നൽകുന്നത്.
ആദ്യ ഘട്ടത്തിൽ ഏകദേശം 3 കോടി (30 മില്യൺ) ഡോളർ നൽകാനാണ് നീക്കമെന്ന് ട്രംപിന്‍റെ രാഷ്‌ട്രീയ സംഘവുമായി അടുത്ത വൃത്തങ്ങൾ സിഎൻഎന്നിനോട് സ്ഥിരീകരിച്ചു. എന്നാൽ അന്തിമ തുകയുടെ കാര്യത്തിൽ ചർച്ചകൾ തുടരുകയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ജനപ്രതിനിധി സഭയിലെയും സെനറ്റിലെയും ഭൂരിപക്ഷം നിലനിർത്താനുള്ള സാധ്യതകൾ മങ്ങുകയാണെന്ന് റിപ്പബ്ലിക്കൻ ക്യാമ്പിലെ പ്രമുഖ ഉപദേശകർ വിലയിരുത്തുന്നതിനിടെയാണ് ട്രംപിൻ്റെ ഈ നിർണ്ണായക സാമ്പത്തിക ഇടപെടൽ.
ഇറാൻ യുദ്ധവും അതിന്റെ ഭാഗമായി കുതിച്ചുയരുന്ന ഇന്ധനവിലയും വോട്ടർമാരുടെ പിന്തുണ കുറയ്ക്കുമെന്ന ഭീതി റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലുണ്ട്. ഈ സാഹചര്യത്തിൽ, വരാനിരിക്കുന്ന ആഴ്ചകളിൽ തന്നെ ഫണ്ട് ലഭ്യമാക്കാനാണ് തീരുമാനം. സാമ്പത്തിക സഹായത്തിന് പുറമെ, പ്രധാന മത്സരമേഖലകളിൽ ആഴ്ചയിലൊരിക്കൽ എങ്കിലും റാലികൾ സംഘടിപ്പിച്ച് ട്രംപ് നേരിട്ട് പ്രചാരണത്തിനിറങ്ങാനും പദ്ധതിയിടുന്നു. ട്രംപിന്‍റെ സാന്നിധ്യം റിപ്പബ്ലിക്കൻ വോട്ടർമാരെ കേന്ദ്രങ്ങളിലേക്ക് ആകർഷിക്കാൻ സഹായിക്കുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.













