ഇറാൻ നിലപാടിൽ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ നിന്ന് പെട്ടെന്ന് വഴുതി മാറി ട്രംപ് ഭരണകൂടം; വാൻസിന്‍റെ വാക്കുകൾ ചർച്ച, അമേരിക്ക പിന്തിരിയുന്നു?

ടെഹ്റാൻ: ആറുമാസത്തിലേക്ക് കടക്കുന്ന ഇറാൻ യുദ്ധത്തിൽ നിന്ന് പിന്മാറാൻ ട്രംപ് ഭരണകൂടം നെട്ടോട്ടമോടുമ്പോൾ, തുടക്കത്തിൽ മുന്നോട്ടുവെച്ച കടുത്ത നിലപാടുകളിൽ നിന്ന് അമേരിക്കൻ ഭരണകൂടം അയയുന്നതായി റിപ്പോർട്ട്. ഇറാന്റെ പൂർണ്ണമായ കീഴടങ്ങൽ, ഭരണകൂട മാറ്റം, ആണവായുധങ്ങൾ എന്നെന്നേക്കുമായി ഇല്ലാതാക്കൽ, ഹിസ്ബുള്ള ഉൾപ്പെടെയുള്ള നിഴൽ സംഘടനകൾക്കുള്ള പിന്തുണ അവസാനിപ്പിക്കൽ തുടങ്ങിയ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ നിന്നാണ് യു.എസ് പെട്ടെന്ന് പിന്നോട്ടുപോകുന്നത്.

യുദ്ധം ദീർഘകാലം നീണ്ടുനിന്നതോടെ ലക്ഷ്യങ്ങൾ ഓരോന്നായി വെട്ടിച്ചുരുക്കാൻ യു.എസ് നിർബന്ധിതരായിരിക്കുകയാണ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ പുതിയ പ്രസ്താവന ഇതിന്റെ വ്യക്തമായ സൂചന നൽകുന്നു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ യുദ്ധത്തിന്റെ ഭാവി ലക്ഷ്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ പ്രധാനമായും രണ്ട് കാര്യങ്ങളാണ് വാൻസ് പങ്കുവെച്ചത്. ലോക സാമ്പത്തിക രംഗത്തേക്ക് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണ-വാതക നീക്കം തടസ്സമില്ലാതെ ഉറപ്പാക്കി എണ്ണവില വർദ്ധനവ് തടയുക എന്നതാണ് ആദ്യ ലക്ഷ്യമെന്നും, ഇറാൻ ആണവായുധം നിർമ്മിക്കുന്നത് തടയുക എന്നത് രണ്ടാമത്തെ ലക്ഷ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുൻപ് ഒന്നാമതായി പറഞ്ഞിരുന്ന ആണവ വിഷയത്തെക്കാൾ പ്രാദേശിക എണ്ണവില നിയന്ത്രണത്തിന് വാൻസ് മുൻഗണന നൽകിയത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. എന്നാൽ വൈസ് പ്രസിഡന്റിന്റെ പരാമർശത്തെ പ്രതിരോധിച്ച വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ്, ഈ രണ്ട് ലക്ഷ്യങ്ങളും പ്രസിഡന്റിന് ഒരുപോലെ പ്രധാനപ്പെട്ടതാണെന്ന് വിശദീകരിച്ചു. എങ്കിലും, യുദ്ധ ലക്ഷ്യങ്ങളിൽ നിന്ന് മറ്റ് നിർണ്ണായക വിഷയങ്ങൾ ഒഴിവാക്കി എണ്ണവിലയ്ക്ക് മുൻഗണന നൽകുന്നത് അമേരിക്കയുടെ കടുത്ത നിലപാടുകളിലെ വലിയൊരു മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

More Stories from this section

family-dental
witywide