ലണ്ടൻ: ബംഗ്ലാദേശിലെ രാഷ്ട്രീയ സംഘർഷം ബ്രിട്ടനിലേക്കും വ്യാപിക്കുന്നു. നാഷണൽ സിറ്റിസൺ പാർട്ടി (എൻസിപി) അധ്യക്ഷൻ നഹീദ് ഇസ്ലാമിന് ബ്രിട്ടനിലെ ബംഗ്ലാദേശി സമൂഹം നൽകിയ സ്വീകരണത്തിനിടെ ലണ്ടനിലെ റോംഫോർഡിലുള്ള മേയ്ഫെയർ ഹാളിന് പുറത്ത് അവാമി ലീഗ് പ്രവർത്തകരും എൻസിപി അനുകൂലികളും തമ്മിൽ ഏറ്റുമുട്ടി. തിങ്കളാഴ്ച രാത്രിയുണ്ടായ സംഘർഷത്തിൽ നാല് മുതൽ അഞ്ച് പേർക്ക് വരെ പരിക്കേൽക്കുകയും ഇവരെ ലണ്ടനിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഹാളിന് പുറത്ത് സംഘടിച്ചെത്തിയ അവാമി ലീഗ് അനുഭാവികൾ അതിഥികൾക്കുനേരെ മുട്ടയും വെള്ളക്കുപ്പികളും എറിയുകയും തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയും ചെയ്തതോടെയാണ് സംഘർഷം ഉടലെടുത്തത്.
പരിപാടി അവസാനിച്ചതോടെ ഹാളിന് പിന്നിലെ റോഡിൽ ഇരുവിഭാഗവും തമ്മിൽ ഏകദേശം 20 മിനിറ്റോളം തെരുവ് യുദ്ധം നടന്നു. സ്ഥിതിഗതികൾ വഷളായതോടെ നഹീദ് ഇസ്ലാമിന് വേദിയിൽനിന്ന് പെട്ടെന്ന് മടങ്ങേണ്ടിവന്നു. തുടർന്ന് ലണ്ടൻ പോലീസ് സ്ഥലത്തെത്തി പലതവണ ലാത്തിവീശിയാണ് അക്രമികളെ പിരിച്ചുവിട്ടത്. അവാമി ലീഗുമായി ബന്ധപ്പെട്ടവർ വിദേശരാജ്യങ്ങളിൽപ്പോലും അക്രമത്തിലൂടെയും ഭീഷണിയിലൂടെയും എതിർശബ്ദങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച നഹീദ് ഇസ്ലാം, സംഭവത്തിൽ വേഗത്തിലുള്ള അന്വേഷണം ഉറപ്പാക്കണമെന്ന് ബ്രിട്ടീഷ് സർക്കാരിനോട് ആവശ്യപ്പെട്ടു.
നഹീദ് ഇസ്ലാമിന്റെ ബ്രിട്ടൻ സന്ദർശനത്തിനിടെ അവാമി ലീഗ് അനുകൂലികളുമായി സംഘർഷമുണ്ടാകുന്നത് ഇത് ആദ്യമായല്ല. കഴിഞ്ഞ ശനിയാഴ്ച കേംബ്രിഡ്ജ് സർവകലാശാലയിൽ ബംഗാളി സൊസൈറ്റി സംഘടിപ്പിച്ച പരിപാടിക്ക് പുറത്തും നഹീദിനെ തടസ്സപ്പെടുത്താൻ ശ്രമം നടന്നിരുന്നു. കൂടാതെ, ഈ വർഷം ജൂണിൽ എൻസിപി നേതാവും എംപിയുമായ ഹസ്നത്ത് അബ്ദുള്ളയുടെ ഈസ്റ്റ് ലണ്ടൻ സന്ദർശനത്തിനിടെയും സമാനമായ രീതിയിൽ അവാമി ലീഗ് അനുകൂലികൾ പ്രതിഷേധിക്കുകയും എൻസിപി പ്രവർത്തകർക്കുനേരെ മുട്ടയെറിയുകയും ചെയ്തിരുന്നു.
അതേസമയം, 2024 ഓഗസ്റ്റിൽ രാജ്യം വിട്ട് ഇന്ത്യയിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡിസംബറോടെ ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തുമെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ചതോടെ രാജ്യത്ത് വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വം ശക്തമായിട്ടുണ്ട്. ഹസീനയുടെ തിരിച്ചുവരവിനുള്ള നീക്കങ്ങൾ ബംഗ്ലാദേശിലെ ആഭ്യന്തര രാഷ്ട്രീയത്തിൽ സംഘർഷം വർധിപ്പിക്കുന്നതിനിടെയാണ് പ്രവാസി സമൂഹത്തിനിടയിലും ഏറ്റുമുട്ടലുകൾ രൂക്ഷമാകുന്നത്.
Bangladesh Political Clashes Spill Over to London; Awami League and NCP Supporters Brawl During Nahid Islam’s Reception, Five Injured















