
ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്കുനേരെയുള്ള ആക്രമണങ്ങൾ വർധിക്കുന്നതിനിടെ സമുദ്രഗതാഗത പാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്ത് ഒമാനും ഇറാനും. ആഗോള കപ്പൽഗതാഗതവും വ്യാപാരവും തടസ്സമില്ലാതെ തുടരുന്നതിനുള്ള നടപടികളും സംഘർഷം വ്യാപിക്കുന്നത് ഒഴിവാക്കാൻ ചർച്ചകളും നയതന്ത്ര നീക്കങ്ങളും പുനരാരംഭിക്കുന്നതും ചർച്ചയായതായി ഒമാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ ഒമാൻ സന്ദർശനത്തിനിടെയായിരുന്നു ചർച്ച. ഹോർമുസ് കടലിടുക്കിന്റെ തെക്കൻ തീരത്തുള്ള ഒമാൻ, ഇറാൻ പ്രതിസന്ധിയിൽ മധ്യസ്ഥശ്രമങ്ങൾ നടത്തിയ രാജ്യമാണ്. ഫെബ്രുവരി 28ന് യുഎസും ഇസ്രയേലും ഇറാനെതിരെ ആക്രമണം ആരംഭിച്ചതോടെയാണ് മേഖലയിൽ സംഘർഷം രൂക്ഷമായത്.
ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എണ്ണക്കപ്പലുകൾക്കുനേരെ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് അരാഗ്ചിയുടെ സന്ദർശനം. നിർണായകമായ ഈ കപ്പൽഗതാഗത പാതയിലൂടെയുള്ള നീക്കം ഇറാൻ തടസ്സപ്പെടുത്തുന്നത് തുടരുമ്പോൾ, ഇറാനെതിരായ നാവിക ഉപരോധം യുഎസും ശക്തമായി തുടരുകയാണ്.
സംഘർഷത്തിന് മുൻപ് ലോകത്തെ ആകെ ഊർജവിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോയിരുന്നത് ഹോർമുസ് കടലിടുക്ക് വഴിയായിരുന്നു. ഒൻപത് മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളിൽ പ്രധാന തർക്കവിഷയമായി കടലിടുക്കിന്റെ നിയന്ത്രണവും സുരക്ഷയും തുടരുകയാണ്.
Oman, Iran discuss safeguarding maritime corridors amid increasing attacks in Strait of Hormuz













