
വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ വഴിമുട്ടിനിൽക്കെ, വാഷിംഗ്ടൺ ഡിസിയിൽ ‘ഡേർട്ടി ബോംബ്’ (റേഡിയോ ആക്ടീവ് ബോംബ്) അല്ലെങ്കിൽ രാസായുധം ഉപയോഗിച്ച് ആക്രമണം നടത്താൻ ഇറാൻ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ട്. ട്രംപ് ഭരണകൂടത്തിലെ ഉന്നത് ഉദ്യോഗസ്ഥരെ വധിക്കാനും ഇറാൻ ലക്ഷ്യമിടുന്നതായി ‘സിഎൻഎൻ’ റിപ്പോർട്ട് ചെയ്തു.
ആക്രമണ സാധ്യതയുള്ള കൃത്യമായ സ്ഥലങ്ങളെയും ലക്ഷ്യങ്ങളെയും കുറിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചതോടെ വാഷിംഗ്ടണിൽ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയെന്നാണ് വിവരം. അതേസമയം, ഉടനടിയുള്ള ആക്രമണത്തിന് ഇറാന് ശേഷിയുണ്ടോ എന്ന കാര്യത്തിൽ യുഎസ് ഭരണകൂടത്തിൽ സംശയങ്ങളുണ്ട്. സമാധാന ചർച്ചകൾ നീളുന്നതും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതും മൂലമുള്ള നിരാശയിൽ, എല്ലാ സാധ്യതകളും തുറന്നിടാനുള്ള ഇറാന്റെ നീക്കമായാണ് ഉദ്യോഗസ്ഥർ ഇതിനെ വിലയിരുത്തുന്നത്.
റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ഭീഷണിയുടെ ഗൗരവം കുറച്ചുകാണുന്ന നിലപാടാണ് വൈറ്റ് ഹൗസ് സ്വീകരിച്ചത്. നിലവിൽ രാജ്യത്തിന് “വിശ്വസനീയമായ ഭീഷണികളൊന്നും” ഇല്ലെന്നും എല്ലാ നീക്കങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും വൈറ്റ് ഹൗസ് വക്താവ് ലോറൻ ബിസ് വ്യക്തമാക്കി.
ഇറാനിൽ നിന്നുള്ള വധഭീഷണികളെ തുടർന്ന് ട്രംപ് മന്ത്രിസഭയിലെ പ്രമുഖർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് വാഷിംഗ്ടണിലെ വസതിയിൽ നിന്ന് സൈനിക താവളത്തിലേക്ക് താമസം മാറി. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പെന്റഗൺ മേധാവി പീറ്റ് ഹെഗ്സെത്ത് എന്നിവർ നേരത്തെ തന്നെ സൈനിക കേന്ദ്രങ്ങളിലേക്ക് മാറിയിരുന്നു. അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചും മാസങ്ങളായി സൈനിക താവളത്തിലാണ് താമസം.
അമേരിക്കൻ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചാൽ ഇറാൻ പിന്നെ ഭൂപടത്തിൽ ഉണ്ടാകില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാന്റെ ആണവ കേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ അമേരിക്കയുടെ നിരീക്ഷണത്തിലാണെന്നും യുഎസ് സൈന്യം പൂർണ്ണ സജ്ജമാണെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
എന്താണ് ഡേർട്ടി ബോംബ്?
സാധാരണ സ്ഫോടകവസ്തുക്കൾക്കൊപ്പം റേഡിയോ ആക്ടീവ് വസ്തുക്കൾ ചേർത്ത് നിർമ്മിക്കുന്ന ബോംബാണിത്. സ്ഫോടനത്തേക്കാൾ ഉപരിയായി, അന്തരീക്ഷത്തിലും ജലസ്രോതസ്സുകളിലും പടരുന്ന റേഡിയേഷനാണ് ഇതിന്റെ പ്രധാന അപകടം. ഇത് കാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്ക് കാരണമാകും. 60 ശതമാനം സമ്പുഷ്ടീകരിച്ച 440 കിലോഗ്രാം യുറേനിയം ഇറാന്റെ പക്കലുള്ളതിനാൽ ഇത്തരം ബോംബുകൾ നിർമ്മിക്കാൻ അവർക്ക് എളുപ്പത്തിൽ സാധിക്കുമെന്നാണ് ആണവ വിദഗ്ധരുടെ വിലയിരുത്തൽ. എങ്കിലും, അമേരിക്കയുടെ കനത്ത പ്രത്യാക്രമണവും ചൈന, റഷ്യ തുടങ്ങിയ സഖ്യകക്ഷികളുടെ എതിർപ്പും ഭയന്ന് ഇറാൻ ഇത്തരമൊരു സാഹസത്തിന് മുതിരാൻ സാധ്യത കുറവാണെന്നും നിരീക്ഷകർ കരുതുന്നു.
Report says Iran planning ‘dirty bomb’ attack in Washington; top Trump administration officials on hit list













