പരിശീലനത്തിനിടെ കരടിയുടെ ആക്രമണം: അലാസ്കയിൽ രണ്ട് യുഎസ് സൈനികർക്ക് പരുക്ക്

അലാസ്ക: യുഎസിലെ അലാസ്കയിൽ സൈനിക പരിശീലനത്തിനിടെ തവിട്ടുനിറത്തിലുള്ള കരടിയുടെ ആക്രമണത്തിൽ രണ്ട് സൈനികർക്ക് പരിക്കേറ്റു. അലാസ്കയിലെ ജോയിൻ്റ് ബേസ് എൽമെൻഡോർഫ്-റിച്ചാർഡ്‌സണിലെ (JBER) ആർട്ടിക് വാലി ട്രെയിനിംഗ് ഏരിയയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം.യുഎസ് ആർമിയുടെ 11-ാം എയർബോൺ ഡിവിഷനിലെ സൈനികർക്കാണ് പരിക്കേറ്റത്.

‘ലാൻഡ് നാവിഗേഷൻ’ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കെ ഇവർ അപ്രതീക്ഷിതമായി കരടിയുമായി മുഖാമുഖം വരികയായിരുന്നു. പരിക്കേറ്റ സൈനികരെ ഉടൻ തന്നെ ബേസിലെ മെഡിക്കൽ സെൻ്ററിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സൈനിക വക്താവ് അറിയിച്ചു.

കരടിയുടെ ആക്രമണമുണ്ടായ ഉടൻ തന്നെ സൈനികർ ‘ബിയർ സ്പ്രേ’ ഉപയോഗിച്ച് പ്രതിരോധിക്കാൻ ശ്രമിച്ചിരുന്നു. ശൈത്യകാലത്തെ ഉറക്കം കഴിഞ്ഞ് മടയിൽ നിന്നിറങ്ങിയ കരടി സ്വയരക്ഷയ്ക്കായി നടത്തിയ ആക്രമണമാണിതെന്ന് വന്യജീവി വകുപ്പ് ഉദ്യോഗസ്ഥർ കരുതുന്നു. സംഭവത്തെത്തുടർന്ന് ആർട്ടിക് വാലി പരിശീലന മേഖല പൊതുജനങ്ങൾ പ്രവേശിക്കുന്നത് താൽക്കാലികമായി നിരോധിച്ചു. വന്യജീവി വകുപ്പ് അധികൃതർ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അലാസ്കയിലെ വനമേഖലകളിൽ സൈനികർക്കായി പ്രത്യേകം സുരക്ഷാ നിർദ്ദേശങ്ങൾ നിലവിലുണ്ടെങ്കിലും ഇത്തരത്തിലുള്ള അപ്രതീക്ഷിത ആക്രമണങ്ങൾ മേഖലയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.

Bear attack during training: Two US soldiers injured in Alaska

More Stories from this section

family-dental
witywide