‘വീണ്ടും ആക്രമണം നടത്താൻ ബിബി ആഗ്രഹിക്കുന്നു’; ഇറാനെതിരായ പുതിയ നീക്കം ട്രംപുമായി നെതന്യാഹു ചർച്ച ചെയ്തെന്ന് റിപ്പോർട്ടുകൾ

വാഷിങ്ടൺ: ഇറാനെതിരെ വീണ്ടും ആക്രമണം നടത്താനുള്ള സാധ്യത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ചർച്ച ചെയ്തതായി റിപ്പോർട്ട്. ഇരുരാജ്യങ്ങളിലും നിർണായക തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെയാണ് ഇറാനെതിരായ സൈനിക നീക്കത്തെക്കുറിച്ച് നേതാക്കൾ സംസാരിച്ചതെന്ന് ആക്സിയോസ് റിപ്പോർട്ട് ചെയ്തു. രണ്ട് അമേരിക്കൻ ഉദ്യോഗസ്ഥരെയും ഒരു ഇസ്രയേൽ ഉദ്യോഗസ്ഥനെയും വിഷയവുമായി അടുത്ത വൃത്തത്തെയും ഉദ്ധരിച്ചാണ് റിപ്പോർട്ട്.

ഇറാൻ ആണവപദ്ധതി പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നതായുള്ള രഹസ്യാന്വേഷണ വിവരങ്ങളിൽ നെതന്യാഹുവിന് ആശങ്കയുണ്ടെന്ന് ഇസ്രയേൽ ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ, നവംബറിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ ആക്രമിക്കില്ലെന്ന് കഴിഞ്ഞ വ്യാഴാഴ്ച ട്രംപ് വ്യക്തമാക്കിയിരുന്നു.

ട്രംപ് നിലപാട് മാറ്റാനുള്ള സാധ്യത കണക്കിലെടുത്ത് ഇസ്രയേലിന്റെയും അമേരിക്കയുടെയും സൈന്യങ്ങൾ ജാഗ്രത തുടരുകയും തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇറാനെതിരായ ആക്രമണം പുനരാരംഭിക്കാൻ നെതന്യാഹു ആഗ്രഹിക്കുന്നതായും ഇക്കാര്യം ട്രംപുമായി പലതവണ ചർച്ച ചെയ്തതായും ഒരു അമേരിക്കൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതിന് മറുപടിയായി തയ്യാറായിരിക്കാൻ ട്രംപ് നിർദേശിച്ചെങ്കിലും ആക്രമണം എപ്പോൾ നടത്തുമെന്ന കാര്യത്തിൽ ഉറപ്പുനൽകിയിട്ടില്ല.

“ബിബി (നെതന്യാഹു) വീണ്ടും ആക്രമണം നടത്താൻ ആഗ്രഹിക്കുന്നതായി തോന്നുന്നു. അദ്ദേഹം ഇക്കാര്യം പ്രസിഡന്റുമായി പലതവണ സംസാരിച്ചു. ‘തയ്യാറായിക്കൊള്ളൂ’ എന്നാണ് ട്രംപ് പറഞ്ഞത്. എന്നാൽ, അതുകൊണ്ട് ഉടൻ ആക്രമണമുണ്ടാകുമെന്ന് ഉറപ്പില്ല. ഇപ്പോഴാകാം, പിന്നീടാകാം, അല്ലെങ്കിൽ ഒരിക്കലും സംഭവിക്കാതിരിക്കാം,” ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോർട്ട് ചെയ്തു.

എന്നാൽ, ഇറാനെതിരായ യുദ്ധം പുനരാരംഭിക്കുന്നതിനെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തെന്ന റിപ്പോർട്ട് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ നിഷേധിച്ചു. ട്രംപുമായി നെതന്യാഹു പതിവായി ബന്ധപ്പെടാറുണ്ടെന്നും സംഭാഷണങ്ങളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തില്ലെന്നും അദ്ദേഹത്തിന്റെ ഓഫിസും അറിയിച്ചു. ആക്രമണം പുനരാരംഭിക്കുന്ന കാര്യം ആദ്യം ചർച്ചയായപ്പോൾ ട്രംപ് താൽപര്യം പ്രകടിപ്പിച്ചെങ്കിലും പിന്നീട് മടിച്ചുവെന്നാണ് ഇസ്രയേൽ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. ഇറാനെ ആക്രമിക്കണോ എന്ന കാര്യത്തിൽ ട്രംപ് ഇപ്പോഴും നിലപാട് മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് അമേരിക്കൻ ഉദ്യോഗസ്ഥനും പറഞ്ഞു.

പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഉൾപ്പെടെയുള്ള മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥരും യുഎസ് സെൻട്രൽ കമാൻഡിന്റെ നേതൃത്വവും ആക്രമണത്തെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ, യുദ്ധത്തിന് പകരം ഉപരോധം തുടരണമെന്നാണ് ട്രംപിന്റെ ചില ഉപദേശകരുടെ നിലപാട്.

ഇസ്രയേൽ ഇറാനെതിരെ വീണ്ടും ആക്രമണം നടത്തിയാൽ ഈ മാസം അവസാനം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ അത് കാര്യമായി സ്വാധീനിച്ചേക്കാം. ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പ് ഇസ്രയേലിലും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. യുദ്ധകാല പ്രധാനമന്ത്രി എന്ന നിലയിലുള്ള തന്റെ പ്രതിച്ഛായയാണ് തിരഞ്ഞെടുപ്പിൽ കരുത്താകുമെന്ന് നെതന്യാഹു വിശ്വസിക്കുന്നതെന്ന് അമേരിക്കൻ ഉദ്യോഗസ്ഥൻ പറഞ്ഞു.

അതേസമയം, തിരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ ആക്രമിക്കുന്ന കാര്യം ആദ്യം മുന്നോട്ടുവച്ചത് താനല്ല, ട്രംപാണെന്ന് നെതന്യാഹു സുരക്ഷാ-രഹസ്യാന്വേഷണ മേധാവികളോട് അടുത്തിടെ പറഞ്ഞതായി ഇസ്രയേൽ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

“Bibi wants to launch another attack”; Netanyahu discusses new move against Iran with Trump.

More Stories from this section

family-dental
witywide