വൈറ്റ് ഹൗസിലെ മാധ്യമവിലക്ക്; സിഎൻഎൻ, പൊളിറ്റിക്കോ, എംഎസ് നൗ റിപ്പോർട്ടർമാർക്ക് പ്രവേശനം പുനഃസ്ഥാപിച്ച് ട്രംപ് നിയമിച്ച ജഡ്ജി

വാഷിങ്ടൺ: സിഎൻഎൻ, പൊളിറ്റിക്കോ, എംഎസ് നൗ എന്നീ മാധ്യമസ്ഥാപനങ്ങളിലെ റിപ്പോർട്ടർമാർക്ക് വൈറ്റ് ഹൗസിൽ പ്രവേശനം നിഷേധിച്ച ട്രംപ് ഭരണകൂടത്തിന്റെ നടപടി നടപ്പാക്കുന്നത് ഫെഡറൽ കോടതി തടഞ്ഞു. ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരായ ഭരണഘടനാപരമായ വാദങ്ങളിൽ മാധ്യമസ്ഥാപനങ്ങൾ വിജയിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യ ഭരണകാലത്ത് നിയമിതനായ യുഎസ് ജില്ലാ ജഡ്ജി തിമോത്തി കെല്ലിയാണ് പ്രാഥമിക നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്.

കേസ് തീർപ്പാകുന്നതുവരെ മാധ്യമസ്ഥാപനങ്ങളുടെ വൈറ്റ് ഹൗസ് പ്രവേശനം തടയരുതെന്ന് ഉത്തരവിൽ നിർദേശിച്ചു. സെപ്റ്റംബർ 18നാണ് മൂന്ന് മാധ്യമസ്ഥാപനങ്ങളിലെയും റിപ്പോർട്ടർമാർക്ക് വൈറ്റ് ഹൗസ് പരിസരത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചത്. മാധ്യമങ്ങൾ വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുകയാണെന്ന് ആരോപിച്ചായിരുന്നു നടപടി. തുടർന്ന്, ഭരണകൂടത്തിന്റെ നടപടി ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്നും തങ്ങളുടെ ഭാഗം വിശദീകരിക്കാനും തീരുമാനം ചോദ്യം ചെയ്യാനുമുള്ള അവസരം നിഷേധിച്ചെന്നും ആരോപിച്ച് മൂന്ന് മാധ്യമസ്ഥാപനങ്ങളും കോടതിയെ സമീപിക്കുകയായിരുന്നു.

നേരത്തേ താൽക്കാലിക നിരോധന ഉത്തരവിലൂടെ നൽകിയിരുന്ന സംരക്ഷണമാണ് പുതിയ ഉത്തരവിലൂടെ നീട്ടിയത്. മാധ്യമസ്ഥാപനങ്ങൾക്ക് ഉടനടി നാശനഷ്ടമുണ്ടാകുമെന്ന് വിലയിരുത്തിയതിനെത്തുടർന്ന് കഴിഞ്ഞ മാസം ട്രംപ് ഭരണകൂടത്തിന്റെ നിയന്ത്രണങ്ങൾ കോടതി താൽക്കാലികമായി തടഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി നിരവധി റിപ്പോർട്ടർമാരുടെയും ന്യൂസ് റൂം ജീവനക്കാരുടെയും സ്ഥിരം പ്രസ് പാസുകൾ പുനഃസ്ഥാപിക്കാനും വൈറ്റ് ഹൗസിനോട് നിർദേശിച്ചിരുന്നു. ആ ഉത്തരവിന്റെ കാലാവധി ചൊവ്വാഴ്ച അവസാനിച്ചതോടെയാണ് പുതിയ ഉത്തരവ് വന്നത്.

മാധ്യമങ്ങൾക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചെങ്കിലും ചില സാഹചര്യങ്ങളിൽ നടപടിയെടുക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും ജഡ്ജി വ്യക്തമാക്കി. മാധ്യമങ്ങളുടെ റിപ്പോർട്ടിങ്ങിലെ കൃത്യതയെയും നീതിയെയും കുറിച്ച് ട്രംപ് ഉന്നയിക്കുന്ന ആശങ്കകൾ അടിസ്ഥാനരഹിതമാണെന്ന് കോടതി വിധിയെ വ്യാഖ്യാനിക്കരുതെന്നും അദ്ദേഹം പറഞ്ഞു. രഹസ്യവിവരങ്ങൾ നിയമവിരുദ്ധമായി പുറത്തുവിടുന്നത് തടയാൻ ദേശീയ സുരക്ഷയുടെ പേരിൽ സർക്കാരിന് നടപടിയെടുക്കാമെന്നും കെല്ലി ചൂണ്ടിക്കാട്ടി.

ട്രംപിന്റെ രണ്ടാം ഭരണകാലത്ത് മാധ്യമപ്രവർത്തകർക്ക് വൈറ്റ് ഹൗസിൽ പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഏറ്റവും ശ്രദ്ധേയമായ നിയമപോരാട്ടങ്ങളിലൊന്നായി കേസ് മാറിയിരിക്കുകയാണ്. മാധ്യമങ്ങളുടെ എഡിറ്റോറിയൽ നിലപാടിന്റെയും റിപ്പോർട്ടിങ്ങിന്റെയും പേരിൽ പ്രസ് പാസുകൾ റദ്ദാക്കിയത് ഭരണഘടനയുടെ ഒന്നാം ഭേദഗതി വിലക്കുന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലുള്ള വിവേചനമാണെന്നാണ് CNN, പൊളിറ്റിക്കോ, MS NOW എന്നിവയുടെ വാദം. പാസുകൾ റദ്ദാക്കുന്നതിന് മുമ്പ് അറിയിപ്പ് നൽകുകയോ തീരുമാനം ചോദ്യം ചെയ്യാൻ അവസരം നൽകുകയോ ചെയ്തില്ലെന്നും അവർ ആരോപിച്ചു.

സർക്കാർ കെട്ടിടങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാൻ പ്രസിഡന്റിന് വിപുലമായ അധികാരമുണ്ടെന്നാണ് വൈറ്റ് ഹൗഡിന്റെ നിലപാട്. രാജ്യത്തെ വിവിധ മാധ്യമസ്ഥാപനങ്ങളുടെ വാർത്താ റിപ്പോർട്ടിങ്ങിനെ ട്രംപ് ആവർത്തിച്ച് വിമർശിക്കുകയും ചെയ്തിട്ടുണ്ട്. കേസിലെ ഭരണഘടനാപരമായ വിഷയങ്ങളിൽ അന്തിമ തീരുമാനമാകുന്നതുവരെ നിലവിലെ സ്ഥിതി തുടരാനാണ് പുതിയ ഉത്തരവ് ലക്ഷ്യമിടുന്നത്. മേൽക്കോടതി ഇടപെട്ട് ഉത്തരവ് റദ്ദാക്കുന്നില്ലെങ്കിൽ, നിയമനടപടികൾ തുടരുന്ന കാലയളവിലും സിഎൻഎൻ, പൊളിറ്റിക്കോ, എംഎസ് നൗ റിപ്പോർട്ടർമാർക്ക് വൈറ്റ് ഹൗസ് പരിസരത്ത് പ്രവേശനം ലഭിക്കും.

White House media ban lifted: CNN, Politico and MS NOW reporters’ access restored by Trump-appointed judge

More Stories from this section

family-dental
witywide